Powered By Blogger

Wednesday, December 2, 2020

വീട്ടിലിരിക്കുന്ന ഗീതാ വിശ്വാസും എന്തിനോ വേണ്ടി കറങ്ങുന്ന ശക്തിമാനും.


ഒരു തൊണ്ണൂറുകളുടെ കുട്ടി എന്ന നിലയിൽ മുടങ്ങാതെ ഓം നമഃ ശിവായ, മഹാഭാരതം, തുടങ്ങിയവയുടെ കൂട്ടത്തിൽ ശക്തിമാൻ സീരിയലും കണ്ടു ശക്തിമാനെ ഒരു ദൈവത്തെ പോലെ കണ്ട് ആരാധിച്ചിരുന്ന ഒരു കുട്ടിയായിരുന്നു ഈ ഞാൻ. ആ വിഗ്രഹമാണല്ലോ ഈയടുത്തു തച്ചുടഞ്ഞു  വീണത്. ശ്ശോ! എന്നാലും എന്റെ ശക്തിമാനേ. എന്നോട് ഇത്‌ ചെയ്തല്ലോ. ഞങ്ങൾ നയന്റീസ് കിട്സിന്റെ ഡിങ്കഭഗവാനായിരുന്നു നിങ്ങൾ.!!

ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ മുകേഷ് ഖന്ന ഒരു ചാനലിന് ഈയിടെ നൽകിയ  അഭിമുഖത്തിൽ #മീറ്റൂ വിഷയത്തിൽ പറഞ്ഞ അഭിപ്രായമാണ് രാജ്യത്തെ നടുക്കിയിരിക്കുന്നത്. #മീറ്റൂ മൂവ്മെന്റിന് കാരണം , അതായത് #മീറ്റൂവിന് കാരണമായ  ജോലിസ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങൾ, തുടങ്ങാൻ തന്നെ കാരണം സ്ത്രീകൾ പുരുഷൻമാരെപോലെ ജോലിയ്ക്കു  പോയിത്തുടങ്ങിയത് കൊണ്ടാണെന്നും, സ്ത്രീകളും പുരുഷൻമാരും ഒരു പോലെ ആവില്ലെന്നും, സ്ത്രീകൾ ജോലിയ്ക്ക്‌ പോകുന്നതിനാൽ കുട്ടികളാണ് അതിന്റെ അനന്തരഫലം അനുഭവിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. ഇതു  കേട്ടപ്പോൾ എന്റെ മനസിലൂടെ ആദ്യം പോയ ചിന്ത ഇതാണ്. അപ്പോൾ ശക്തിമാൻ സീരിയലിലെ ഗീതാ വിശ്വാസ് എന്ന കഥാപാത്രം അതിൽ ഉണ്ടാവണമെന്നു  അദേഹത്തിന് ആഗ്രഹമുണ്ടായിരുന്നില്ലേ? ആ കഥാപാത്രത്തെ അവതരിപ്പിച്ച വൈഷ്ണവി മഹന്ത്‌ എന്ന നടി ഒപ്പമുള്ളതിനോട് അദേഹത്തിന് ഉള്ളു കൊണ്ടെങ്കിലും അസഹിഷ്ണുത ഉണ്ടായിരുന്നിരിക്കുമോ?

സീരിയലിൽ ഗീതാ വിശ്വാസ് എന്ന കഥാപാത്രം കഥ മുന്നിലേയ്ക്ക് പുരോഗമിക്കുന്നതിന് ഒരു നിർണായക ഘടകമാണ്. ഇനി അദ്ദേഹം പറയുന്നതനുസരിച്ച് പുരുഷൻമാരെ പോലെ ജോലി ചെയ്യുന്നതിൽ നിന്ന് സ്ത്രീകൾ  മാറി നിൽക്കുന്നതിന്റെ ഭാഗമായി ശക്തിമാൻ സീരിയലിൽ നിന്നും ഗീതാ വിശ്വാസ് എന്ന കഥാപാത്രത്തെ ഒഴിവാക്കുകയായിരുന്നു എന്ന് തന്നെ വയ്ക്കുക. ആ സീരിയലിൽ മറ്റു സ്ത്രീകൾ ഉണ്ടാവില്ലേ ?  വഴിപോക്കരായിട്ടെങ്കിലും. ഇനി ആ സീരിയലിൽ ഇത്  പ്രശ്നമല്ലെങ്കിൽ കൂടിയും മറ്റേതൊരു കഥയിലും ഒരു സ്ത്രീ കഥാപാത്രമെങ്കിലും ഇല്ലാതെ വരുത്തുന്നത് എങ്ങിനെ? ഈ ഭൂമിയിൽ സ്ത്രീയും പുരുഷനുമുണ്ടല്ലോ. പ്രപഞ്ചത്തിൽ കാണാത്തതോ ചരിത്രത്തിൽ രേഖപ്പെടുത്താത്തതോ ആയ ആശയങ്ങൾ കഥയാക്കുന്ന സൈദ്ധാന്തികമായ സാങ്കൽപിക കഥകളിൽ (speculative fiction) പുരുഷൻമാർ മാത്രമുള്ള ഒരു ലോകം ചിത്രീകരിക്കുകയാണെങ്കിൽ സ്ത്രീകളെ ഒഴിവാക്കുക സാധ്യമായിരിക്കും.പക്ഷേ അത്തരം കഥകൾ വളരെ ചുരുക്കമാണല്ലോ. അല്ലാത്ത പക്ഷം സ്ത്രീകളായി പുരുഷൻമാരെ വേഷം കെട്ടിക്കണോ? എത്ര മാത്രം അപ്രായോഗികമാണത്. ഇതൊക്കെയാണ് എന്റെ  മനസിലൂടെ പോയത്. ഇനി ചലച്ചിത്ര മേഖലയിൽ മാത്രമേ ഈ അപ്രായോഗികത കാരണം അതു സാധ്യമാവാതെയുള്ളൂ, എന്നാൽ മറ്റെല്ലാ മേഖലകളിൽ നിന്നും, സുരക്ഷയേക്കരുതി സ്ത്രീകൾ മാറി നിൽക്കണം എന്നുമാണ് അദ്ദേഹം ഉദേശിച്ചതെങ്കിൽ, അദ്ദേഹത്തിന്റെ യുക്തിക്കനുസരിച്ച് ഉത്തരം തരാൻ കഴിയാതെ പോയേക്കാവുന്ന കുറച്ച് ചോദ്യങ്ങൾ  ഇവിടെ കുറിക്കുന്നു.

1 ഏതെങ്കിലും കാരണത്താൽ ഭർത്താവോ കൂടെ മറ്റാരുമോ സഹായിക്കാനില്ലാത്ത പാവപ്പെട്ട ഒരു സ്ത്രീ എങ്ങനെയാണ് കുടുംബം പുലർത്തേണ്ടത്, അഥവാ കുടുംബമില്ലെങ്കിൽ വിശപ്പടക്കേണ്ടത്?

2 വീടുകൾക്കുള്ളിൽ അക്രമിക്കപ്പെടുന്ന സ്ത്രീകളില്ലേ? 

3 ചുരുക്കമായെങ്കിലും പുരുഷൻമാരും പല ട്രാൻസ് വ്യക്തികളും ജോലി സ്ഥലങ്ങളിലും മറ്റും ലൈംഗികാതിക്രമങ്ങൾ നേരിടുന്ന സംഭവങ്ങൾ ഉണ്ടല്ലോ. അവരും വീട്ടിൽ ഇരിക്കണോ?

ഇല്ല. സ്ത്രീകൾ വീട്ടിലിരുന്നാൽ ഈ  ചോദ്യങ്ങൾക്കുള്ള ഉത്തരമോ ലൈംഗികഅതിക്രമങ്ങൾക്കു അവസാനമോ ഉണ്ടാവില്ല. അപ്പോൾ ഇങ്ങനെ ഒരു വികലവാദം ഉന്നയിക്കുന്നതിൽ എന്തു  യുക്തിയാണുള്ളത്? #മീറ്റൂ വിനെപറ്റിയുള്ള തെറ്റിദ്ധാരണകളും അറിഞ്ഞോ  അറിയാതെയോ ഉള്ള പുരുഷമേധാവിത്വ ചിന്താഗതിയും മറ്റുമാണ് ഇതിന് കാരണം. എന്തു കൊണ്ട് #മീറ്റൂ എന്ന് മനസിലാവണമെങ്കിൽ #മീറ്റൂവിന്റെ പശ്ചാത്തലമായ, തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളേക്കുറിച്ചും  സ്ത്രീകളുടെ മനഃശാസ്ത്രവും ഇതിൽ നമ്മുടെ സമൂഹത്തിന്റെ പങ്കിനേക്കുറിച്ചുമെല്ലാം നാം വിശകലനം ചെയ്യേണ്ടി വരും. ഈ  എഴുത്തിന്റെ ഉദ്ദേശവും  അതു തന്നെ. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോട് വിയോജിക്കുന്നതിന്റെ കാരണവും #മീറ്റൂവിനെതിരേയുള്ള ചില പ്രധാന വാദങ്ങൾക്കുള്ള ഉത്തരങ്ങളും, #മീറ്റൂ വിനെ സംബന്ധിച്ച ചില കാര്യങ്ങൾക്ക് വ്യക്തതയും വരുത്താൻ കൂടിയാണിത്. 

അതിലേയ്ക്ക് കടക്കും മുൻപ് ഒരു  പ്രധാനപ്പെട്ട കാര്യം പറഞ്ഞു കൊള്ളട്ടെ. തൊഴിലിടങ്ങളിൽ ആക്രമിക്കപ്പെടുന്ന പുരുഷൻമാരും ട്രാൻസ് വ്യക്തികളും ഉണ്ടെന്ന് അറിയാം. ആക്രമിക്കപ്പെട്ടവർ ആരായാലും ലിംഗഭേദമില്ലാതെ അവരുടെ വേദന മനസിലാക്കുകയും അവരോട് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നു. എങ്കിലും ആക്രമിക്കപ്പെടുന്ന ബഹുഭൂരിപക്ഷവും സ്ത്രീകൾ ആയതിനാലും മുകേഷ് ഖന്ന പ്രത്യേകിച്ചു സ്ത്രീകളുടെ കാര്യം എടുത്തു പറഞ്ഞതിനാലും, അടിച്ചമർത്തപ്പെട്ട ലിംഗം  എന്ന നിലയിലും സ്ത്രീകളുടെ പ്രശ്നമായിരിക്കും ഇതിൽ വിശകലനം നടത്തുക. 

ആദ്യം #മീറ്റൂവിന്റെ ചരിത്രം തന്നെ നാമൊന്ന്  നോക്കേണ്ടതുണ്ട്. 2006 ലാണ് #മീറ്റൂ ആരംഭിച്ചതെന്നു നമ്മളിൽ എത്ര പേർക്കറിയാം?!. അമേരിക്കൻ സോഷ്യൽ  നെറ്റ്‌വർക്കിങ് സൈറ്റായ മൈ സ്പേസിൽ Tarana Burke എന്ന വ്യക്തിയാണ് #മീറ്റൂവിന് ആരംഭം കുറിച്ചത്. എന്നിട്ടും #മീറ്റൂ എന്നത് ഒരു തരംഗമായതും ഭൂരിപക്ഷം ആൾക്കാരും അറിഞ്ഞതും , അത് തുടങ്ങി പത്തു വർഷങ്ങൾക്ക് ശേഷം 2017 ലാണ്. Alyssa Milano എന്ന നടിയും സാമൂഹ്യപ്രവർത്തകയുമായ വ്യക്തിയോട്  കൂടിയാണ് #മീറ്റൂ മൂവ്മെന്റിന് 2017ൽ പ്രചാരം ലഭിച്ചതും, ലോകത്തെ എല്ലാ ഇടങ്ങളിലേയ്ക്കും അതു പടർന്നു പിടിച്ചതും.  എന്നാൽ അമേരിക്ക പോലെ നിരന്തരം ലോകശ്രദ്ധയിൽ നിൽക്കുന്ന ഒരു രാജ്യത്ത്  2006ൽ തുടക്കം കുറിച്ച ഒന്നിന് പത്തു  വർഷങ്ങൾ വേണ്ടി വന്നു ലോകശ്രദ്ധ നേടാൻ എന്നത് കൗതുകകരമായ ഒരു കാര്യമാണ്. അതിന്റെ അർത്ഥം ആ പത്തു  വർഷക്കാലവും അത്രയൊന്നും സ്ത്രീകൾ ധൈര്യമായി മുന്നോട്ടു വന്നിട്ടില്ല എന്നാണ്. സത്യം വെളിപ്പെടുത്തിയവരിൽ പലരും പ്രസിദ്ധരായിരുന്നു. ആരാധകരും അഭ്യുദയകാംക്ഷികളുമുള്ളവരുമായിരുന്നു. എന്നിട്ടും അക്രമങ്ങളെപ്പറ്റി തുറന്നു പറയാൻ  അവർക്കു പത്തു വർഷത്തോളം വേണ്ടി വന്നു !

സത്യത്തിൽ ഈ #മീറ്റൂ മൂവ്മെന്റ് വീട്ടിലിരുന്നാൽ ഒഴിവാക്കാമായിരുന്ന, അത്ര നിസ്സാരമായ ഒന്നാണോ? നമുക്ക് നോക്കാം.

തുടക്കത്തിൽ #മീറ്റൂ ഹോളിവുഡിലെ ചൂഷണങ്ങളെ ആണ് പുറത്ത് കൊണ്ടു വന്നിരുന്നതെങ്കിലും ക്രമേണ അതു മാധ്യമപ്രവർത്തനം, ശാസ്ത്ര ഗവേഷണ മേഖലകൾ , രാഷ്ട്രീയം തുടങ്ങിയ പല മേഖലകളിലും പ്രതിഫലിച്ചു. പിന്നീടു സ്കൂൾ കുട്ടികളുടെ നേർക്കുള്ള  ലൈംഗികാതിക്രമങ്ങൾ കൂടി വെളിച്ചത്ത് കൊണ്ടു വരുന്ന #MetooK12( K12 എന്നാൽ  Kindergarten മുതൽ 12th grade വരെ.എന്ന അർത്ഥത്തിൽ ) എന്നത് കൂടി #മീറ്റൂവിനോടു അനുബന്ധമായി  വരികയുണ്ടായി. ക്രൂരമൃഗങ്ങളുളള ഒരു കൊടുങ്കാട്ടിൽ, എന്തു ചെയ്യണമെന്ന് അറിയാതെ അകപ്പെട്ടു പോയ കുറച്ച് കുഞ്ഞുങ്ങളെ, അവിടെത്തന്നെ നേരത്തെ അകപ്പെട്ടു പോയ ചില ധീരരായ സ്ത്രീകൾ ചേർത്ത് പിടിച്ചത് പോലെ വളരെ ആർദ്രമായ ഒരു സങ്കല്പമാണ് ഇതിനെപ്പറ്റി കേട്ടപ്പോൾ എന്റെ മനസിൽ ഉടലെടുത്തത്. #മീറ്റൂ വിന് ശക്തിയാർജിച്ചത് കൊണ്ട് മാത്രമാണ് അതു സംഭവ്യമായത്. #മീറ്റൂ പോലെയുള്ള വിപ്ലവങ്ങൾ  സമൂഹത്തിൽ ഉണ്ടാവേണ്ടതും ഇത് കൊണ്ട് തന്നെ. നിശബ്ദതയിൽ നിന്നും ഒരിക്കൽ ശക്തിയാർജിച്ചവർക്കേ നിശബ്ദരായിരിക്കുന്നവരുടെ  ശബ്ദമാകാനാവൂ. 

തുടക്കത്തിൽ ആക്രമിക്കപ്പെട്ട സ്ത്രീകളോട് അനുകമ്പയും ധാർമികപിന്തുണയും നൽകുക എന്ന ലക്ഷ്യത്തിൽ നിന്നും വളർന്നു അക്രമിയെ വെളിച്ചത്ത് കൊണ്ടു വരികയെന്നതും, ആക്രമിക്കപ്പെട്ട സ്ത്രീകളുടെ ശാക്തീകരണം എന്നു തുടങ്ങി, ആക്രമിക്കപ്പെടുന്ന ചുരുക്കം പുരുഷൻമാർക്ക് കൂടി പിന്തുണ  ലഭിക്കുന്നതിലേയ്ക്കു #മീറ്റൂ പരിണമിച്ചു. പിന്നീട് #IDidThat, #HowIWillChange , #IWill എന്ന, ഒരിയ്ക്കൽ സ്ത്രീകളെ ചൂഷണം ചെയ്ത പുരുഷൻമാരുടെ ആത്മപരിശോധനയുടെയും ക്ഷമാപണങ്ങളുടേയും തലത്തിലേയ്ക്ക് #മീറ്റൂ പടർന്നു പന്തലിക്കുകയും ചെയ്‌തു. #IDidThat നു തുടക്കം കുറിച്ചത് ദേവാങ് പതക് എന്ന ഇന്ത്യക്കാരൻ ആണെന്നത് ആശ്വാസകരമായി തോന്നി. നമ്മുടെ നാട്ടിലെ ചലച്ചിത്രങ്ങളും കലാപരിപാടികളും , പ്രലോഭനീയത (vulnerability) കൂടുതലുള്ള സ്ത്രീകൾക്ക് പിറകെ പുരുഷൻമാർ പോകണമെന്ന് പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും അതെല്ലാം മാറ്റി മറിക്കേണ്ടതുണ്ടെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ് ഏറ്റവും പ്രശംസനീയം.

ഇതിൽ നിന്നെല്ലാം #മീറ്റൂ ഒരു കാലത്ത് തെറ്റ് ചെയ്ത പുരുഷൻമാരേപ്പോലും തിരുത്തലുകൾ ചെയ്യുന്നതിന് സ്വാധീനിച്ചിരിക്കുന്നതായി കാണാം. അങ്ങനെയൊരു സാഹചര്യത്തിൽ ശക്തിമാൻ ഇത്തരത്തിലൊരു സ്ത്രീവിരുദ്ധചിന്താഗതി പ്രകടിപ്പിച്ചു കൊണ്ട് പാടേ ദുർബലമാനായിപ്പോയി. കാരണം  മുകേഷ് ഖന്ന എന്ന വ്യക്തി മാത്രമല്ല ഇവിടെ ദുർബലനായിപ്പോയത്, തിന്മയ്ക്കെതിരേ പോരാടിയിരുന്ന ആൾ എന്ന നിലയിൽ അദ്ദേഹത്തിന്റെ ശക്തിമാൻ എന്ന കഥാപാത്രവും കൂടിയാണ്. സ്ത്രീകൾക്കു നേരെയുള്ള അക്രമം രാജ്യം നേരിടുന്ന ഏറ്റവും വലിയ തിന്മകളിൽ ഒന്നായിരിക്കുന്ന അവസ്ഥയിൽ ഇതു വളരെയധികം ആളുകളെ നിരാശരാക്കിയിട്ടുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകളാൽ അദേഹത്തിന്റെ ആൺകോയ്മ  ദുർബലമാക്കപ്പെട്ടിരിക്കയാണെന്നു ചിന്തിക്കാതെ വയ്യ. ഭീതിജനകമായ വസ്തുത  എന്തെന്നാൽ ലൈംഗികവൈകൃതങ്ങൾ ഉള്ള എത്രയോ പേർ ഇതൊരു ഉദാഹരണമായോ ന്യായീകരണമായോ എടുക്കുന്നുണ്ടാവാം എന്നതാണ്. ലൈംഗികാതിക്രമം നേരിട്ട സ്ത്രീയുടെ വസ്ത്രധാരണത്തെയും, "അസമയത്ത് " പൊതുവിടങ്ങളിൽ ചെന്നതിനേയും കുറ്റം പറയുന്ന അതേ ന്യായീകരണ മനഃശാസ്ത്രമാണ് ഇവിടെ  പ്രവർത്തിച്ചത്.

ഒരു  പെൺകുട്ടിയ്ക്ക് ഏതു തീവ്രതയിലുമുള്ള ലൈംഗിക അതിക്രമം നേരിട്ടു  കഴിയുമ്പോഴും തോന്നുന്ന ഒരു പ്രധാന വികാരം സ്വന്തം ശരീരത്തോടുള്ള അവജ്ഞയാണ്. തന്റെ ശരീരം കാരണമല്ലേ തനിയ്ക്ക് അതിക്രമം നേരിടേണ്ടി വന്നത് എന്ന ചിന്ത മനസിൽ കയറിക്കൂടുമ്പോഴാണത്. അതു പിന്നീട് സ്വന്തം ശരീരത്തെ വെറുക്കുന്ന ഒരു അവസ്ഥയിൽ ചെന്നു നിൽക്കാം. പതിയെപ്പതിയെ തനിയ്ക്കുണ്ടായ അവസ്ഥയ്ക്ക് താൻ തന്നെ കാരണമെന്ന് പോലും ഒരു സ്ത്രീ വിശ്വസിച്ചു തുടങ്ങും. അത്തരത്തിലുള്ള മാനസികാവസ്ഥകളിലൂടെ അനേകം സ്ത്രീകൾ കടന്നു പോകുന്നുണ്ടാവാം എന്ന സാഹചര്യത്തിലാണ് മുകേഷ് ഖന്ന ഇത്തരമൊരു അഭിപ്രായം  കൊണ്ട് അവരുടെ മേൽ ഒന്നു കൂടി പഴി ചാരിയിരിക്കുന്നത്.

Privileged ആയവർക്ക്, അതായത് പ്രത്യേകാനുകൂല്യങ്ങളും വിശേഷഭാഗ്യങ്ങളും  അനുഭവിക്കുന്നവർക്കു, ഒരു പക്ഷെ വീട്ടിൽ ഇരിക്കാമായിരിക്കാം. എന്നാൽ അതു ഇല്ലാത്തതു കൊണ്ടാണല്ലോ ആദ്യം തന്നെ അവർ പല പ്രയാസങ്ങളും സഹിച്ച് ജോലിയ്ക്ക് പോവേണ്ടി വരുന്നത് തന്നെ.  അദ്ദേഹം അത്തരം privilege കൾ ഇല്ലാത്ത സ്ത്രീകളെക്കുറിച്ച് ഓർത്തതേയില്ല. ഇന്ത്യയിലെ ഭൂരിപക്ഷം സ്ത്രീകളും ഇത്തരം privilege കൾ ഒന്നുമില്ലാത്തവർ ആണെന്ന് ഓർക്കുമ്പോൾ അദേഹത്തിന്റെ കാഴ്ചപ്പാട് പഴയൊരു കഥയേ ഓർമിപ്പിക്കുന്നു. ഒരു രാജ്ഞിയുടേതായി പറയപ്പെടുന്ന ഒരു  സംഭവമാണത്. രാജ്യത്തെ പട്ടിണി കിടക്കുന്ന പാവപ്പെട്ട ജനങ്ങൾ  'തങ്ങൾക്കു കഴിയ്‌ക്കാൻ റൊട്ടിയില്ല' എന്നു ഒരിക്കൽ പൊതുവിടത്ത്  സന്ദർശനത്തിന് വന്ന രാജ്ഞിയോട് പറയുമ്പോൾ 'എങ്കിൽ അവർ കേക്ക് കഴിയ്ക്കട്ടെ' എന്നാണ് അവരുടെ അവസ്ഥ ഒട്ടും തന്നെ മനസിലാക്കാൻ കഴിയാത്ത രാജ്ഞി ലാഘവത്തോടെ പറയുന്നത് ( "Let them eat cake"). ഇവിടെ ഇതേ പോലെ #മീറ്റൂ വിന്റെ പശ്ചാത്തലം തീരെയും  മനസിലാക്കാതെയും യഥാർത്ഥ പ്രശ്നം സംബോധന ചെയ്യാതെയും വീട്ടിലിരിക്കുക എന്ന വികലമായ ഒരു പരിഹാരമാണ് അദ്ദേഹം സൂചിപ്പിച്ചു വച്ചത്. 

ഇനി പ്രിവിലേജുകൾ ഉള്ളൊരു സ്ത്രീ ആണെങ്കിൽ പോലും ജോലി ചെയ്യാനുള്ള ആഗ്രഹമുള്ളവർ കൂടി വീട്ടിലിരിക്കണം എന്നു പറയുന്നത് എത്ര മാത്രം ഇരുണ്ട ഒരു ശിലായുഗ ചിന്തയാണ്. അങ്ങനെ ഭയന്ന് സ്ത്രീകൾ വീട്ടിൽ ഇരുന്നിരുന്നെങ്കിൽ ഇന്നുള്ള ലോകം ഇപ്പോഴും നൂറ്റാണ്ടുകൾ പിന്നിൽ തന്നെയേ നിൽക്കുമായിരുന്നുള്ളൂ .

സമൂഹത്തിലെ പുരുഷമേധാവിത്വമാണ് #മീറ്റൂ വിന്റെ ഏറ്റവും വലിയ വെല്ലുവിളി. ആരാധകരും ജനങ്ങളുടെ  പിന്തുണയുമുണ്ടായിട്ടും തുറന്നു പറയാൻ വിമുഖതയുണ്ടായിരുന്നവരേക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നല്ലോ . ധൈര്യം സംഭരിച്ച് ഒടുവിൽ തുറന്നു പറഞ്ഞവരുടെ ഔദ്യോഗികജീവിതം  അട്ടിമറിക്കപ്പെട്ടതും, അക്രമികളും അക്രമികളുടെ ആരാധകക്കൂട്ടങ്ങളും സമൂഹ്യ മാധ്യമങ്ങളിൽ അവരെ തേജോവധം  ചെയ്തതും നാം കണ്ടതാണ്. ആക്രമിക്കപ്പെട്ടവരെ അക്രമത്തേക്കാൾ കൂടുതൽ ആ അനീതിയാവാം കൂടുതൽ അലട്ടുന്നത്. ആരോപണങ്ങൾ ഉന്നയിച്ചവരിൽ പലരുടെയും വാക്കുകൾ അവിശ്വസനീയമാണ്  എന്നതായിരുന്നില്ല ശെരിയായ പ്രശ്നം. മറിച്ച് അക്രമിയുടെ പ്രതിച്ഛായ തകരാതെ ഇരിക്കാൻ അനേകം പേർ അതു മനപൂർവം കളവാണെന്നു നടിച്ചതാണ്. സ്ത്രീകൾക്ക് നേരെയാണ് വിരൽ ചൂണ്ടപ്പെട്ടിരുന്നതെങ്കിൽ അതു എപ്പോഴേ ആഘോഷിക്കപ്പെട്ടേനേ. 

പുരുഷമേധാവിത്വത്തിന് പുറമെ അക്രമികൾ ആരാധിക്കപ്പെടുന്നവർ ആവുന്നത് കൂടുതൽ  അപകടകരമായ ഒരവസ്ഥ സൃഷ്ടിക്കുന്നു.ആരാധന, എടുത്തു പറഞ്ഞാൽ, പുരുഷാരാധന ജനങ്ങൾ കുറയ്ക്കുമ്പോൾ മാത്രമേ അക്രമി ഒറ്റപ്പെട്ട്, ബലഹീനൻ ആവുകയുള്ളൂ. ആ ബലഹീനത ഭയന്ന് മാത്രമേ തെറ്റിൽ നിന്നും പലരും പിന്മാറുകയുമുള്ളൂ. ആരാധന എന്നത് കൊണ്ട് ചലച്ചിത്ര പ്രവർത്തകരെ മാത്രമല്ല ഉദേശിച്ചത്‌. ഏതു തരം ജോലിയിലും ഉള്ള, സമൂഹത്തിൽ വീരപരിവേഷം ഉള്ളവരെയാണ്. ഇത്തരത്തിലുള്ളവരെ നേരിട്ട് പരിചയവും  അവരുടെ നിഷ്കളങ്കതയിൽ ഉറപ്പുമില്ലെങ്കിൽ  പൊതുജനം അവർക്ക് പിന്തുണ കൊടുക്കാതെ ഇരിക്കുകയാണ് വേണ്ടത്. അക്രമിയ്ക്കു പിന്തുണ പ്രഖ്യാപിക്കുന്ന ആരാധകവൃന്ദം സമൂഹമാധ്യമങ്ങളിലെ 'ആർമി'കളുടേയും, തങ്ങളുടെ ചീത്ത വിളി സമരങ്ങളുടേയും പേരിൽ ഈ പ്രമുഖരിൽ നിന്ന് തങ്ങൾക്ക് വ്യക്‌തിപരമായി അംഗീകാരങ്ങളൊന്നും ലഭിക്കാൻ പോകുന്നില്ല എന്നു ചിന്തിക്കാത്തവരാണ് . സത്യത്തിൽ അവർ ഒന്നും തന്നെ നേടുന്നില്ല. ക്രൂരമായ ഒരു ആനന്ദം അല്ലാതെ. ശരീരത്തിലെ ചില അസുഖങ്ങൾ കാരണം ചൊറിയാൻ തോന്നുന്നത് പോലെയാണ് ഈ ആനന്ദം. ചൊറിയുമ്പോൾ സുഖം തോന്നുമെങ്കിലും ഉള്ളിൽ ചികിൽസിക്കേണ്ട വൃത്തി കെട്ട ഒരസുഖമുണ്ടെന്നു ഇവർ മനഃപൂർവം മറക്കും .

അക്രമിയേയും മേൽപറഞ്ഞ അസുഖക്കാരേയും നേരിടുന്നത്  എളുപ്പമുള്ള കാര്യമല്ല. #മീറ്റൂവിൽ പലരും പതിയെ കുറേ കാലത്തിന് ശേഷം മാത്രം തുറന്നു പറച്ചിലുകൾ നടത്തുന്നതിന് കാരണമതാണ്. അതിനേയാണ് വിമർശകർ പ്രധാനമായും കുറ്റം പറയുന്നതും. സ്ത്രീകൾ എന്തു കൊണ്ട് തങ്ങൾ കുറച്ചു കൂടി മെച്ചപ്പെട്ട ഒരു സ്ഥാനത്ത് എത്തുന്നത് വരെ  പ്രതികരിയ്ക്കാൻ കാത്തിരിയ്ക്കുന്നു എന്നതാണ് ചോദ്യം. അക്രമികളായ മേലധികാരികളുടെ വെറുപ്പ് സമ്പാദിക്കുമെന്ന ഭയം തന്നെ അതിനു കാരണം. എങ്കിൽ പിന്നെ ആ ജോലിയോ  സ്ഥാനമോ ഉപേക്ഷിക്കരുതായിരുന്നോ എന്നതാവും അടുത്ത ചോദ്യം. തങ്ങൾ ജോലി ചെയ്യുന്നതോ പഠിക്കുന്നതോ ആയ ഇടം, സ്ഥാനം എന്നിവയിൽ എത്തിപ്പെടാൻ  വർഷങ്ങളുടെ കഠിനാധ്വാനവും പരീക്ഷകളും ഇന്റർവ്യൂകളും കാത്തിരിപ്പും  ചില ത്യാഗങ്ങളും പണച്ചിലവുമെല്ലാം തരണം ചെയ്താവും ആ വ്യക്തി അവിടെ വരെ എത്തിയിരിക്കുക. പിന്നിലേയ്ക്ക് പോയി എല്ലാം ഒന്നു കൂടി തുടങ്ങുക എന്നതും, തൊഴിൽ ഉപേക്ഷിച്ചാൽ കൊടുക്കേണ്ടി വരുന്ന പിഴ, ബോണ്ട് വ്യവസകളുടെ ലംഘനത്തിനുള്ള നടപടി നേരിടുക എന്നിവയും എല്ലാവർക്കും സാധ്യമായ കാര്യമല്ല. Privilege കൾ ഉളള സ്ത്രീകൾക്ക് സാധ്യമാവുമായിരിക്കും. എന്നാൽ നേരത്തെ പറഞ്ഞതു പോലെ ഭൂരിപക്ഷവും പ്രിവിലേജുകൾ ഇല്ലാത്തവരാണ്. privilege കൾ ഉള്ളവർക്ക്‌ ആദ്യം തന്നെ ഇത്തരം അനുഭവങ്ങൾ നേരിടാനുള്ള സാധ്യതകൾ നന്നേ കുറവുമായിരിക്കും. ബലഹീനർ തന്നെയായിരിക്കുമല്ലോ എപ്പോഴും അനായാസമായ ഉന്നം. നടൻ കമല ഹാസന്റെ മകളായ ശ്രുതി ഹാസൻ വളരെ സത്യസന്ധമായ ഒരു വ്യക്തിത്വത്തിന് ഉടമയായാണ് തോന്നിയിട്ടുള്ളത്. അവർ ഈ privilege നെ പറ്റി തുറന്നു പറഞ്ഞിട്ടുണ്ട്. അവരുടെ ഒരു  പ്രത്യേക മുഖഭാവത്തിന് പുറമെ, "ഹാസൻ" എന്ന കുടുംബപ്പേരു കൂടി അവർക്ക് ജോലിസ്ഥലത്ത് ഒരു  "protective barrier" ആകാൻ സഹായിച്ചു എന്നാണത്. ശ്രുതി ഹാസൻ അങ്ങനെ പറഞ്ഞത് വളരെ പ്രശംസനീയമായി തോന്നി. പലരും ഈ  privilege ൽ നിന്നു കൊണ്ട് അതു അഭിസംബോധന ചെയ്യാതെയും മറിച്ച് അങ്ങനെ ഒന്നു തങ്ങൾക്കു ലഭിക്കുന്നിന്നേയില്ലെന്നും ഭാവിക്കുന്നവരാണ്. ഇങ്ങനെ ഭാവിക്കുന്നത് മൂലം privilege കൾ ഇല്ലാത്തവരാണ് യഥാർത്ഥത്തിൽ അതിന്റെ തിക്തഫലം അനുഭവിക്കുന്നത്. കാരണം സമൂഹത്തിന് മുൻപിൽ privilege ഉള്ളവർക്കും ഇല്ലാത്തവർക്കും തൊഴിലിടങ്ങളിൽ തരംതിരിവുകളില്ല എന്ന മിഥ്യാധാരണയുണ്ടാകുന്നു. അതിനാൽ തൊഴിലിടങ്ങളിൽ privilege കളിൽ നിൽക്കുന്നവരോടുള്ള അതേ ഇടപെടൽ തന്നെയായിരിക്കും ഇല്ലാത്തവരോടുമുള്ളത് എന്നു വരുത്തിത്തീർക്കപ്പെടും. അങ്ങനെ വരുമ്പോൾ privilege ഇല്ലാത്തവർ ചൂഷണം ചെയ്യപ്പെടുകയും അതവർ തുറന്നു കാട്ടുമ്പോൾ അവിശ്വസിക്കപ്പെടാൻ സാധ്യതയേറുകയും ചെയ്യുന്നു.  യഥാർത്ഥത്തിൽ ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന രണ്ട് കൂട്ടർ തുല്യരാണെന്നു വരുത്തീർക്കുമ്പോഴുള്ള പ്രശ്നമാണിത്. പല തൊഴിലിടങ്ങളിലും നിലനിൽക്കുന്ന വേർതിരിവിനേയും ചൂഷണത്തെയും ചോദ്യം ചെയ്യാൻ ഇതൊരു വെല്ലുവിളിയാണ്. 

മുകേഷ് ഖന്ന പറഞ്ഞ മറ്റൊരു കാര്യം സ്ത്രീയും പുരുഷനും ഒരിയ്ക്കലും ഒരു  പോലെ ആവില്ല എന്നതാണ്. അതിനോട് ഞാൻ ഭാഗികമായി യോജിക്കുന്നു. എന്നാൽ അദ്ദേഹം ഉദേശിച്ച രീതിയിലല്ല എന്നു മാത്രം. പുരുഷനും  സ്ത്രീയ്ക്കും പരസ്പരം എതിർ  ലിംഗമാകാൻ സാധിക്കില്ല എന്നല്ല, അതിനു അനാവശ്യമായി ശ്രമിക്കേണ്ട കാര്യമില്ല എന്നതാണ് ശെരി. പുരുഷനും സ്ത്രീയും അവരവർക്ക്  ഇഷ്ടമുള്ളത് ചെയ്യുന്നതിനെ അനുകരണമായി കണക്കാക്കേണ്ട കാര്യമില്ല. സത്യത്തിൽ പുരുഷന്മാർ സ്ത്രീകളെ പോലെ ആവാൻ ശ്രമിക്കാറില്ല. എന്നാൽ സ്ത്രീകൾ  തങ്ങൾക്കു ഇഷ്ടമുള്ള ചിലത് ചെയ്യുമ്പോൾ അതു പുരുഷൻമാരേ  അനുകരിക്കുന്നതായി കാണപ്പെടും. ഇതൊരു നിരുത്സാഹപ്പെടുത്തലാണ്. പുരുഷമേധാവിത്വം ഉറപ്പിക്കുന്ന ചില മേഖലകളിലേയ്ക്കു സ്ത്രീകളുടെ കടന്നു വന്നു കൊണ്ട് ആ മേധാവിത്വത്തിന് വീര്യം കുറഞ്ഞു പോകുമോ എന്ന ഭയമാണ് ഈ നിരുത്സാഹപ്പെടുത്തലിന് കാരണം . അതേ സമയം സ്ത്രീകൾ പുരുഷൻമാരോട്, സ്ത്രീകളുടെ മേഖലകൾ എന്ന് പൊതുവേ കണക്കാക്കപ്പെടുന്നവയിലേയ്ക്കു കടന്നു വരരുതെന്ന് പറയാത്തതും ഇതു കൊണ്ട്  തന്നെ. തകർന്നു  പോകാതെ സൂക്ഷിക്കാൻ മാത്രം സ്ത്രീയ്ക്കു വില മതിക്കാനാവാത്ത ഒരു മേൽക്കോയ്‌മയില്ല.

Yuval Noah Harari യുടെ Sapiens പുസ്തത്തിൽ അദ്ദേഹം രസകരമായ ചില നിരീക്ഷണങ്ങൾ പങ്കു വയ്ക്കുന്നുണ്ട്. മാംസപേശികളുടെ ശക്തി സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാർക്ക് ഉള്ളതിനാൽ  സ്ത്രീകളേ അവർക്കു അനായാസം കീഴടക്കാൻ സാധ്യമാകും  എന്നത് മാത്രമാണോ കാലാകാലങ്ങളായുള്ള പുരുഷാധിപത്യത്തിന് കാരണം എന്നാണ് അദ്ദേഹം വിശകലനം ചെയ്തിരിക്കുന്നത്. ശാരീരിക ശക്തിയിലെ ഈ മേൽക്കൈ കൃഷിയിലും, ഭക്ഷ്യനിർമ്മിതിയിലും കൈക്കൊണ്ട് രാഷ്ട്രീയപരമായ ഒരു മേൽക്കോയ്മയിലേയ്ക്ക് എത്തിച്ചേരുന്നുണ്ടായിരിക്കാം. എന്നാൽ ഈ സിദ്ധാന്തവുമായി ഒത്തു പോകാത്ത ചില വസ്തുതകളുണ്ട്.

1. ഈ ഉയർന്ന ശാരീരികശക്തി ചില തരം ശക്തിപ്രയോഗങ്ങളിൽ മാത്രമാണ് ഉള്ളത് . വിശപ്പ്, അസുഖം, ക്ഷീണം എന്നിവയെല്ലാം താങ്ങാനുള്ള ശേഷി കൂടുതലും സ്ത്രീകൾക്കാണുള്ളത്. ചില സ്ത്രീകൾക്കു  പുരുഷൻമാരേക്കാൾ വേഗത്തിൽ ഓടാനും അമിതഭാരം എടുത്തു പൊക്കാനും സാധിക്കുന്നു.   

2. പേശീബലം ആവശ്യമില്ലാത്ത  മേഖലകളായ രാഷ്ട്രീയം, നിയമം, പൗരോഹിത്യം എന്നിവയിലേയ്ക്കു സ്ത്രീകൾ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുമില്ല. എന്നാൽ  അതേ സമയം കൃഷിയിടങ്ങളിലും വീടുകളിലും  അയാസകരമായ ജോലികൾ സ്ത്രീകൾ ചെയ്യുന്നുമുണ്ട്.

സാമൂഹികമായ അധികാരം സ്ത്രീയ്ക്കും പുരുഷനുമിടയിൽ പകുത്തു നൽകുന്നത് ശാരീരിക ശക്തിയ്‌ക്ക് ആനുപാതികമായിട്ടായിരുന്നുവെങ്കിൽ സ്ത്രീകൾക്ക് ഇന്നുള്ളതിലും  കുറച്ചു കൂടി ലഭിക്കേണ്ടതാണെന്നാണ് അദ്ദേഹം പറയുന്നത്. അല്ലെങ്കിൽ തന്നെയും സാമൂഹികമായ അധികാരത്തിന് ശാരീരികശക്തിയുമായി നേരിട്ട് ബന്ധമില്ല,കാരണം അറുപതുകളിൽ നിൽക്കുന്ന വ്യക്തികൾക്കു അവരേക്കാൾ ശാരീരികശക്തി കൂടുതലുള്ള ഇരുപതുകളിലെ ചെറുപ്പക്കാർക്ക് മേൽ  ആധിപത്യമുണ്ട്. മനുഷ്യൻ ഭക്ഷണം തേടി നടന്നു കണ്ടെത്തിയിരുന്ന കാലത്തുള്ള സമൂഹത്തിൽ ( forager society) സാമൂഹിക വൈദഗ്ധ്യമാണ് ശാരീരിക ബലത്തേക്കാൾ ഒരാൾക്ക് ആധിപത്യം കൊടുത്തിരിക്കുക. ചരിത്രം പരിശോധിച്ചാൽ  പേശീബലവും സാമൂഹിക  ആധിപത്യവും തമ്മിൽ വിപരീത ബന്ധമാണെന്നും കാണാം. സമൂഹത്തിലെ താഴേത്തട്ടിലുള്ളവരായിരുന്നല്ലോ ശരീരബലം ആവശ്യമായിരുന്ന കഠിനമായ ജോലികൾ ചെയ്തിരുന്നത്. മറ്റൊരു സിദ്ധാന്തം പറയുന്നത് പുരുഷന്റെ ശാരീരികശക്തിയല്ല, മറിച്ച് ആക്രമണസ്വഭാവമായിരിക്കാം പുരുഷാധിപത്യത്തിന്റെ മൂലകാരണം എന്നാണ്. സ്ത്രീകൾക്കു  വെറുപ്പ്, അധിക്ഷേപം, ദുരാഗ്രഹം എന്നിവ പുരുഷനോളം ഉണ്ടെങ്കിലും പരുക്കൻ രീതിയിലുള്ള അക്രമങ്ങൾ നടത്താനുള്ള വ്യഗ്രതയില്ല എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു .

മുകളിൽ പറഞ്ഞവയിൽ നിന്നും സ്ത്രീകൾ  താഴ്ത്തപ്പെടുന്നതിന് കാരണം, പുരുഷനേക്കാൾ കുറഞ്ഞ ശാരീരികശക്തിയല്ല എന്നു നമുക്ക് മനസിലാക്കാം. ആ കാരണം ഒരു പക്ഷേ സ്ത്രീയുടെ ഗർഭധാരണത്തിനുള്ള സാധ്യത ആവാം. മാതൃത്വം സ്ത്രീയ്ക്കു  ഒഴിവാക്കാൻ കഴിയാത്ത ഒന്നായിട്ടാണ് ലോകത്തിലെ എല്ലാം സമൂഹങ്ങളും തന്നെ ധരിപ്പിച്ചു  വച്ചിരിക്കുന്നത്. ഇതു  ഊട്ടിയുറപ്പിക്കാൻ എന്ന വണ്ണം  മാതൃത്വത്തെയും ഗർഭധാരണത്തെയും സ്ത്രീയുടെ "പൂർണതയ്ക്കു" ആവശ്യമായ ഒന്നാണെന്ന് മഹത്വൽക്കരിക്കുന്നു. ഒട്ടു  മിക്ക സ്ത്രീകളും ഈ വിശ്വാസത്തിൽ  ജീവിക്കുന്നവരാണ്. മാതൃത്വത്തിന്റെ മഹത്വൽക്കരണം പുരുഷമേധാവിത്വം നില നിർത്തുന്നതിലേയ്ക്കുള്ള ഒരു ഉപായമായി കണക്കാക്കപ്പെടുന്നുണ്ട്. ഇതു തന്നെയാണ് മുകേഷ് ഖന്ന പറഞ്ഞതിലെ ഒരു  പ്രശ്നം. വീട്ടിലിരുന്നു കുട്ടികളെ നോക്കൂ എന്നു പറഞ്ഞു കൊണ്ട്, ഗർഭധാരണം സ്ത്രീയ്ക്കു വരണസ്വാതന്ത്ര്യം (choice) ഇല്ലാത്ത, നിർബന്ധിതമായ ഒന്നാണെന്നു പിന്നെയും പിന്നെയും സമൂഹത്തിലേയ്ക്കു ആഴത്തിൽ കുത്തി നിറയ്ക്കപ്പെടുന്നു. ഈ നിർബന്ധം ഒരു സ്ത്രീ സ്വമനസ്സാലെ സ്വീകരിക്കേണ്ട മാതൃത്വത്തിന്റെ തന്നെ നിറം കെടുത്താൻ പോന്ന ഒന്നാണ്.

Harry Holkeri എന്ന ഫിന്നിഷ് രാഷ്ട്രസേവകന്റെ വാക്കുകൾ ഒന്ന് നോക്കാം. സ്ത്രീകളുടെയും പുരുഷൻമാരുടെയും കർത്തവ്യങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.

"Men and women have roles. Their roles are different but their rights are equal ". അതായത് സ്ത്രീയുടേയും പുരുഷന്റെയും കർത്തവ്യങ്ങൾ വ്യത്യസ്തമാണെങ്കിലും അവരുടെ അവകാശങ്ങൾ ഒന്നാണ്. മുകേഷ് ഖന്ന ഈ roles അഥവാ കർത്തവ്യങ്ങൾ ആണ് ഉദേശിച്ചതെങ്കിൽ സ്ത്രീകളോടു വീട്ടിലിരിയ്ക്കാൻ ഉപദേശിച്ചതോടെ കർത്തവ്യങ്ങളെ പറ്റി മാത്രം പറയുകയും, എന്നാൽ അവകാശങ്ങളെ തീരെ അവഗണിക്കുകയുമാണ് ചെയ്തിരിക്കുന്നത്.  സ്ത്രീകൾ വീട്ടിലിരിക്കേണ്ട അവസ്ഥയ്ക്കു കാരണം ഭയം ആകുമ്പോൾ അത് സ്വാതന്ത്ര്യത്തോടെ കൈക്കൊള്ളുന്ന ഒരു തീരുമാനം (choice) അല്ലാതെയാവുന്നുണ്ട്. അതായത് ഗത്യന്തരമില്ലായമ. ഈ ഗത്യന്തരമില്ലായ്മ സ്ത്രീയുടെ അവകാശലംഘനമാണ്. അതാണ് പരോക്ഷമായി അദ്ദേഹം ശെരി വച്ചതും. സുരക്ഷയേക്കരുതി മറ്റൊരു വഴിയില്ലാതെ സ്ത്രീകൾ വീട്ടിലിരിക്കണമെന്ന് പറയുമ്പോൾ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന അവസ്ഥയേ തിരുത്തേണ്ടുന്നതിന് പകരം മാറ്റാൻ കഴിയാത്ത ഒന്നായി, ഒന്നു കൂടി ശക്തമായി ഉൾക്കൊള്ളുകയാണ് ചെയ്യുന്നത്.  ഇങ്ങനെ കേവലം അടിച്ചേൽപ്പിക്കപ്പെടേണ്ട ഒന്നാണോ കർത്തവ്യങ്ങൾ. അങ്ങനെ വരുമ്പോൾ ആ കർത്തവ്യങ്ങൾ നിറവേറ്റുന്നതിൽ ഒരു വ്യക്തിയ്ക്കു അത്ര ആത്മാർത്ഥതയും സന്തോഷവുമുണ്ടാതെയിരിക്കാൻ ആണ്  സാധ്യത. ഇങ്ങനെ അവകാശങ്ങൾ ഇല്ലാത്ത കർത്തവ്യങ്ങൾ, കർത്തവ്യങ്ങളുടെ തന്നെ അർത്ഥം പാടേ മാറ്റുകയാണ്.

സമൂഹത്തിന്റെ പുരുഷമേധാവിത്വത്തിന്റെ ഭാഗമായി #മീറ്റൂ മോശമായ ഒന്നാണെന്നും  ഒരു പരാജയം ആയിരുന്നു എന്നുമാണ് പലരും  പ്രചരിപ്പിക്കുന്നത്. #മീറ്റൂവിന്റെ ഭാഗമായി അനുഭവങ്ങൾ തുറന്നു പറഞ്ഞ ആക്രമിക്കപ്പെട്ടവർ പോലും അങ്ങനെ വിശ്വസിച്ചു പോവുകയും അനാവശ്യമായ അപമാനം പേറുകയും ചെയ്യുന്ന ഒരു അവസ്ഥയിലായിട്ടുണ്ട്.

ഞാൻ ഇനി ഒരു  ചോദ്യം ചോദിക്കാം. ശരീരവേദന മോശമായ ഒരു അനുഭവമാണോ? ആണെന്ന് തന്നെയാവും നിങ്ങളുടെ ഉത്തരം. എന്നാൽ അല്ല. വേദന ഒരു ലക്ഷണമാണ്. ഉള്ളിൽ ശ്രദ്ധിക്കേണ്ടതായ ഒരു അസുഖമുണ്ട് എന്നതിന് ശരീരം നൽകുന്ന സൂചനയാണ് വേദന. വേദന അറിയാത്ത വിധം ഞരമ്പുകൾ പ്രവർത്തനരഹിതമാവുമ്പോഴാണ് പ്രമേഹം ഉള്ളവരുടെ കാലിൽ മുറിവുകൾ രൂപപ്പെടുമ്പോൾ മതിയായ ശ്രദ്ധ കിട്ടാതെ അത് വ്രണമായി മാറുന്നത്. #മീറ്റൂവും അസുഖകരമായ ഒരു വേദന പോലെയാണ്. വ്യവസ്ഥിതിയ്ക്കുള്ളിൽ മറഞ്ഞു  കിടന്നിരുന്ന ലൈംഗികാതിക്രമങ്ങളാകുന്ന അസുഖത്തിലേയ്ക്കു ലോകശ്രദ്ധ കൊണ്ട് വന്ന ഒരു ലക്ഷണം. അതൊരിക്കലും  മോശമല്ല. മറിച്ച് ഒരനുഗ്രഹമായി  കാണണം. ഇനി അതൊരു പരാജയമായിരുന്നോ എന്നു നോക്കാം. ലോകത്ത് പല ഉയർന്ന ഔദ്യോഗിക പദവികളും അലങ്കരിച്ചിരുന്ന എത്രയോ അക്രമികളുടെ മുഖം മൂടികളാണ് അഴിഞ്ഞു വീണതും തുടർന്ന് അവർ ശിക്ഷിക്കപ്പെട്ടതും. വൈൻസ്റ്റൈൻ ഇഫ്ഫെക്റ്റ്  (Weinstein effect ) എന്നൊരു പദപ്രയോഗം പോലും  നിലവിൽ വന്നു. 2017 ൽ #മീറ്റൂ മൂവ്മെന്റിലെ നാഴികക്കല്ലായ സംഭവം അമേരിക്കൻ സിനിമാ നിർമാതാവായ ഹാർവീ വൈൻസ്റ്റൈനെതിരെ എൺപതോളം സ്ത്രീകൾ ലൈംഗികാതിക്രമം ആരോപിക്കുകയും അയാൾ ഉയർന്ന ഔദ്യോഗികപദവികളിൽ നിന്നും നീക്കം ചെയ്യപ്പെടുകയും ചെയ്‌തതാണ്. സമാനമായി ലോകത്ത് വിവിധ ഭാഗങ്ങളിൽ ശക്തരും  ഉന്നതരുമായ,വിവിധ മേഖലകളിലെ പുരുഷൻമാർ  ലൈംഗികാരോപണങ്ങളെ തുടർന്ന് പദവികളിൽ നിന്നു നീക്കം ചെയ്യപ്പെടുന്നതിനെയാണ്  വൈൻസ്റ്റൈൻ ഇഫ്ഫക്റ്റ് എന്ന് പറയുന്നത്. 2020 ഫെബ്രുവരിയിൽ കോടതി വൈൻസ്റ്റൈനെ ഇരുപത്തിമൂന്നു വർഷം തടവിന് ശിക്ഷിച്ചു. #മീറ്റൂ ഒരു ലക്ഷണമായിരുന്നു. #മീറ്റൂവിന് ശേഷം തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പ് വരുത്തുന്ന നിയമ ഭേദഗതികൾ കാര്യമായി വന്നിട്ടില്ലെങ്കിലും, മുൻപുള്ളതിനെ അപേക്ഷിച്ച്, തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക്‌  അനുകൂലമായ മാറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്‌തിട്ടുണ്ട്. തെറ്റ് ചെയ്‌താൽ അതു വെളിപ്പെട്ടേക്കാമെന്ന ഭയമാണ് ഇതിനു മുഖ്യമായ കാരണം. കുറ്റവാളിയെയും കുറ്റവാസനയുള്ളവരേയും അതിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകം ഭയം ഒന്നു മാത്രമാണ്. ഒരു പക്ഷേ #മീറ്റൂ സംഭവിച്ചില്ലായിരുന്നുവെങ്കിൽ വേദനയറിയാത്ത പ്രമേഹരോഗികളുടെ കാലുകൾ പോലെ, തൊഴിലിടങ്ങളിൽ ലൈംഗികാതിക്രമങ്ങൾ കൂടുതൽ കൂടുതൽ ആഴങ്ങളിലേയ്ക്ക് പോകുന്ന ഒരു  വൃത്തികെട്ട വ്രണമായി മാറുമായിരുന്നു. അതു  കൊണ്ട് തുറന്നു പറഞ്ഞതൊന്നും തെറ്റായിരുന്നില്ല. സ്ത്രീകൾ ജോലിയ്ക്കു പോവുന്നതും തെറ്റല്ല. #മീറ്റൂ ഒരു പരാജയമായിരുന്നുമില്ല. 

#മീറ്റൂവിന്റെ ഭാഗമായി തുറന്നു പറഞ്ഞു കൊണ്ട് സമൂഹത്തിന്റെ കീറി മുറിക്കലിന് വിധേയരാകേണ്ടി  വന്നതിനെ സ്വയം കുറ്റപ്പെടുന്ന സ്ത്രീകളുണ്ട്. അവരുടെ ആത്മാഭിമാനം കുഴിച്ചിടപ്പെട്ടു പോയിരിയ്ക്കാം. ചവിട്ടി മെതിക്കപ്പെട്ടിരിക്കാം. പക്ഷേ അവർക്കുള്ളിലെ അന്തർലീനമായ ശക്തിയെ ആർക്കും ഉടച്ചു കളയാൻ കഴിയില്ല. അവരാൽ വന്ന മാറ്റങ്ങൾ, ഏതൊരു സമ്മർദവും താങ്ങി ഒരിയ്ക്കൽ  വൈരമാകുമ്പോൾ അതു അനുഭവിക്കുന്നത് ചിലപ്പോൾ അവരെ ചവിട്ടി മെതിച്ചവടരുടെയടക്കം വരുംതലമുറയും അപരിചിതരുമാകാം. സമൂഹത്തിലെ ചില മാറ്റങ്ങൾക്കു ചിലർ ഒരു നിമിത്തമാവും. അങ്ങനെ നിമിത്തമായിട്ടുള്ളവർ, വിഡ്ഢികളുടെ വാക്കുകളുടെ കെണിയിൽ വീണു പോകാതെ, വിപ്ലവകരമായ ഒന്നിന്റെ ഭാഗമായതിനെ ഒരു ഭാഗ്യമായി തന്നെ കരുതണം. 

ലൈംഗിക അതിക്രമങ്ങളെ കുറിച്ച് പലർക്കുമുള്ള ഒരു തെറ്റിദ്ധാരണ ലൈംഗിക അതിക്രമങ്ങൾ എന്നത് കൊണ്ട് ബലാൽസംഗം അല്ലെങ്കിൽ അതിനുള്ള ശ്രമം മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും അതു  മാത്രമാണ് സ്ത്രീകൾക്ക് ആഘാതമേൽപ്പിക്കുന്നതെന്നുമുള്ളതാണ്. എന്നാൽ അതല്ല സത്യം.  ലൈംഗിക ചുവയുള്ള നോട്ടം പോലും ഒരാൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കും. അങ്ങനെയുള്ള നോട്ടങ്ങൾ, വാക്കുകൾ, ലൈംഗികബന്ധത്തിന് വേണ്ടിയുള്ള താല്പര്യപ്രകടനം, പ്രതികാരപൂർവ്വമുള്ള  അപവാദ പ്രചാരണം തുടങ്ങിയവ എല്ലാം നിയമപരമായി  ശിക്ഷാർഹവുമാണ്. ഇനി അടുത്തറിയുന്ന ചില സ്ത്രീകൾ വിവരിച്ച  ചില യഥാർത്ഥ സംഭവങ്ങൾ ഞാൻ ഇവിടെ വിവരിക്കാൻ  പോവുകയാണ്.

1 അനുജനെ പോലെ കണ്ടിരുന്ന ഒരാൾ ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും രാത്രി ജോലി സ്ഥലത്ത് തുടരുകയും ഈ പെൺകുട്ടിയുടെ കാൽപാദത്തിൽ ചുംബിച്ചോട്ടെ എന്നു പൊടുന്നനെ ചോദിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി ഇത്‌ കേട്ട പെൺകുട്ടി അതു നിരസിച്ച് സുരക്ഷിതമായ ഒരിടത്ത് രാത്രി മുഴുവൻ ചിലവാക്കേണ്ടി വന്നു. കുറേ ദിവസത്തേയ്ക്കു ഈ വ്യക്തിയ്ക്ക്‌ സ്വന്തം കാൽപാദങ്ങളിലേയ്ക്ക് നോക്കുമ്പോൾ  തികട്ടി വന്നിരുന്നുവത്രേ.

2 മുതിർന്ന മേലുദ്യോഗസ്ഥൻ മാറിൽ നോക്കി സംസാരിച്ചതിനെ കുറിച്ച് നിസ്സാഹായാവസ്ഥയും കുറെയധികം വസ്ത്രങ്ങൾ എടുത്തു ധരിക്കണം എന്ന തോന്നലുമുണ്ടായെന്നുമാണ് ഒരാൾ പറഞ്ഞത്.

3 വരുതിയിൽ വരാത്ത പെൺകുട്ടിയേക്കുറിച്ച് മറ്റൊരാളുമായി ചേർത്ത് ഇല്ലാക്കഥകൾ പ്രചരിപ്പിച്ചാണ് ഒരാൾ നിർവൃതിയടഞ്ഞത്. 

ഇവിടെയൊന്നും  ശാരീരിക അക്രമങ്ങൾ നടന്നിട്ടില്ല. എങ്കിലും തങ്ങളുടെ ജോലിയെയും സമാധാനത്തേയും തകർക്കുന്ന വിധം അവർ  ഉലഞ്ഞു പോയി. ജോലി സ്ഥലങ്ങളിൽ ഇങ്ങനെയുള്ള സ്ത്രീകൾക്കു മാനസിക സമ്മർദ്ദമുണ്ടാക്കുന്ന അശ്രദ്ധ മൂലം തെറ്റുകൾ കൂടി പറ്റുന്നുണ്ടെങ്കിൽ എത്ര മാത്രം ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത ഉണ്ടെന്നു ആലോചിച്ചു നോക്കൂ. ശാരീരികാതിക്രമങ്ങൾ ഇല്ലാത്ത ഇത്തരം സംഭവങ്ങൾ മിക്കവരും തന്നെ തുറന്നു  പറയാറില്ല എന്നത് #മീറ്റൂ നമ്മെ മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് കാണിക്കുന്നത് എന്നാണ് മനസ്സിലാക്കിത്തരുന്നത്. എന്നാൽ താരതമ്യേന ആക്കം കുറഞ്ഞ ഈ അക്രമങ്ങൾ മാത്രമായിരിക്കില്ല പുറത്ത് വരാത്തത്. അങ്ങേയറ്റം ക്രൂരമായ ശാരീരികാതിക്രമങ്ങളും മറച്ചു  വയ്‌ക്കപ്പെടാനും സാധ്യത കൂടുതലാണ്. കാരണം സ്ത്രീകൾക്കു മേൽ , കാണാൻ കഴിയാത്ത നൈർമല്യതയുടെ ഒരു പുറം തോട് ഉണ്ടെന്നാണ് നമ്മുടെ സമൂഹം നമ്മെ പഠിപ്പിച്ചു വച്ചിരിക്കുന്നത്. അതു സമൂഹത്തിന്റെ കണ്ണിൽ നഷ്ടപ്പെടുത്തിയെന്നു വരാതിരിക്കാനേ ഓരോ സ്ത്രീയും ശ്രമിക്കൂ. 

പുരുഷൻമാർ മാത്രമാണോ സ്ത്രീകളെ മാനസികമായി ആക്രമിക്കുന്നത്?ഒരിയ്ക്കലുമല്ല. സ്ത്രീകളുമുണ്ട് അതിൽ . ആക്രമിക്കപ്പെടുന്ന സ്ത്രീകളെ അനുകൂലിച്ചില്ലെങ്കിലും, അവിശ്വസിച്ചു  കൊണ്ടാണ് ഇവർ ആക്രമിക്കുന്നത്. ഞാൻ  സ്കൂളിൽ പഠിക്കുന്ന കാലത്ത് ട്യൂഷനും മറ്റും പോകുമ്പോൾ സ്ഥലത്തെ ഒരു പ്രമുഖ ഗേൾസ് സ്കൂളിലെ ചില കൗമാരക്കാരായ പെൺകുട്ടികൾ(എല്ലാവരുമല്ല ) മറ്റു സ്‌കൂളുകളിലെ ആൺകുട്ടികളുടെ പ്രീതി പിടിച്ചു പറ്റാനായി, വേണ്ടുന്നതിനും വേണ്ടാത്തതിനുമെല്ലാം അന്ധമായി ആൺകുട്ടികളോടൊപ്പം നിലപാടെടുക്കുകയും ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു പ്രവണതയുണ്ടായിരുന്നു. രഹസ്യമായി ആൺകുട്ടികൾ അടക്കം ഇതു വളരെ പുച്ഛത്തോടെയാണ് കണ്ടിരുന്നതെന്നു ഈ പെൺകുട്ടികൾക്കു  മനസിലാവാറുമില്ലായിരുന്നു. എകദേശം ഇതു പോലെയൊക്കെയാണ് #മീറ്റൂവിൽ അക്രമികളെ പ്രീതിപ്പെടുത്തുന്ന സ്ത്രീകളെ കാണുമ്പോൾ തോന്നിയിട്ടുള്ളത്. #മീറ്റൂവിലൂടെയും മറ്റും അക്രമികളായ പുരുഷൻമാരുടെ  പേര് വെളിപ്പെടുമ്പോൾ അക്രമികളുടെ സുഹൃത്തുക്കളായ ചില സ്ത്രീകൾ, 'തങ്ങൾക്ക് നേരെ അപമര്യാദയായി പെരുമാറിയിട്ടില്ലല്ലോ' എന്നു പറഞ്ഞു അക്രമികളെ അനുകൂലിക്കുന്നത് കാണാം. അക്രമികൾക്കു ഉറപ്പായും അങ്ങനെ  പൊതുവായി ആരോടും മോശമായി പെരുമാറുന്ന ഒരു സ്വഭാവമില്ലെന്നും  അതെല്ലാം ദുഷ്പ്രചരണമാവാനാണ് സാധ്യത  എന്നും പറയുന്നതിൽ പിന്നെയും അർത്ഥമുണ്ട്. എന്നാൽ 'ഞങ്ങളെ അങ്ങനെ ഒന്നും ചെയ്‌തിട്ടില്ലല്ലോ, പിന്നെങ്ങനെ നിങ്ങളെ' എന്നു പറയുന്നതിൽ നിന്ന് 'ഞങ്ങൾ ഇത്രയും സുന്ദരികൾ  ആയിട്ടു പോലും ഞങ്ങളേ ഒന്നും ചെയ്തിട്ടില്ല' എന്നൊരു ധ്വനിയാണ് ഉള്ളതെന്നു തോന്നിപ്പോകും. തങ്ങളോട് അങ്ങനെ ഉണ്ടായിട്ടില്ല എന്നത് കൊണ്ട് ആരോപണം തെറ്റാണെന്നു പറയുന്നതിൽ യാതൊരു കഴമ്പുമില്ല. ഒരു അക്രമിയും ചുറ്റുപാടും കാണുന്ന എല്ലാ സ്ത്രീകളെയും ആക്രമിക്കുന്നില്ല. സുഹൃത്തുക്കളായ ചില സ്ത്രീകളോട് അക്രമിയ്ക്കു അനാരോഗ്യകരമായ ലൈംഗികആകർഷണമോ ആക്രമിക്കാനുള്ള ത്വരയോ ഇല്ല എന്നു കരുതി അവർക്കു  മറ്റുള്ളവരോടും അതേ അമിതവികാരമില്ലായ്മയും തണുത്ത മനോഭാവവും ആയിരിക്കും  എന്ന് വാശി പിടിക്കുന്നത് എത്ര ബാലിശമാണ്. കുറ്റാരോപിതൻ നിയമപരമായി കുറ്റവിമുക്തനാവും വരെ അന്ധമായ പിന്തുണ കൊടുക്കാതിരിക്കുന്നതാണ് ഉത്തമം.

സ്ത്രീകളെ സ്ത്രീകൾ തന്നെ ആക്രമിയ്ക്കുന്നത് പരിതാപകരവും നികൃഷ്ടവുമായ ഒരവസ്ഥയാണ്. ഇവിടെ ആക്രമിക്കപ്പെടുന്നത് കേവലം ഒരു വ്യക്തിയല്ല. മറിച്ച്, ഏതൊരു സ്ത്രീയുടെയും പ്രതിനിധി ആണെന്ന കാര്യമാണ്, കൂടെ ചേർന്ന് ആക്രമിക്കുന്ന സ്ത്രീകൾ മറക്കുന്നത്. (ഇത്തരം സ്ത്രീകളെ പറ്റി കുറച്ചു അധികം എഴുതാൻ ഉള്ളത് കൊണ്ട് അതു മറ്റൊരു ബ്ലോഗിൽ എഴുതുന്നതായിരിക്കും.)

സത്യമില്ലാതെ കുറ്റാരോപിതരാവുന്ന പുരുഷൻമാർ ഉണ്ടാവാമല്ലോ എന്ന വാദമാണ് #മീറ്റൂ വിൻറെ പശ്ചാത്തലത്തിൽ കേൾക്കുന്ന പ്രധാനപ്പെട്ട ഒന്ന്. മുഴുവൻ # മീറ്റൂ ആരോപണങ്ങളുടെ  കണക്കെടുത്താൽ അതിൽ 2 മുതൽ 10% മാത്രമേ തെറ്റായ ആരോപണങ്ങളുള്ളൂ. എന്നാൽ  #ലൈംഗിക അതിക്രമങ്ങൾ നേരിട്ടിട്ടുള്ള മിക്ക  വ്യക്തികളും അതു തുറന്നു പറയാതെ #മീറ്റൂവിന് പുറത്തു നിൽക്കുന്നു എന്നതിനാൽ ഈ 2 മുതൽ 10 ശതമാനം എന്നത്, മൊത്തം ആക്രമണങ്ങളുടെ കണക്ക് എടുത്താൽ  ,ഇതിലും ചെറിയൊരു ശതമാനം ആവാനേ സാധ്യതയുള്ളൂ. അങ്ങനെ എല്ലാ  വ്യക്തികളും അക്രമങ്ങളെപ്പറ്റി തുറന്നു പറഞ്ഞു കഴിഞ്ഞാൽ തെറ്റായ ആരോപണങ്ങളുടെ എണ്ണം ഒരു പക്ഷേ ഒരു ശതമാനം പോലും വന്നെന്നു വരില്ല.

വളരെ  ചുരുക്കം പേർ #മീറ്റൂ ദുരുപയോഗം ചെയ്തേക്കാവുന്ന സാഹചര്യത്തിൽ നമുക്ക്  #മീറ്റൂ ആരോപിക്കുന്ന സ്ത്രീകളെ പൊതുവായി അവിശ്വസിക്കേണ്ട കാര്യമുണ്ടോ? ഒരിക്കലുമില്ല. അതു  മനസിലാക്കാൻ ലൈംഗികവിഷയത്തിലുള്ള സ്ത്രീ പുരുഷ മനഃശാസ്ത്രത്തിലെ വ്യത്യാസം ഒന്നു നോക്കാം . ഒരു പുരുഷൻ എത്രയധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ പ്രണയിക്കുകയോ ചെയ്താലും അതു മറ്റുള്ളവരിൽ, പ്രത്യേകിച്ച് സുഹൃത്തുക്കൾക്കിടയിൽ ഒരു വീര പരിവേഷമാണ് അയാൾക്ക്‌ കൊടുക്കുന്നത്. സ്ത്രീലമ്പടൻ എന്നു വിളിച്ചാൽ പോലും  അതിൽ ശൂരതയുടെ ഒരു ലാഞ്ഛന  ഉണ്ടെന്നു  നമുക്കറിയാം. എന്നാൽ ഒരു സ്ത്രീയ്ക്കു ബന്ധമുണ്ടാവുന്ന പുരുഷൻമാരുടെ എണ്ണം എത്രയും കുറവ് ആവുന്നോ അത്രയുമാണ് ആ സ്ത്രീയ്ക്കു മേൽ സമൂഹത്തിനുള്ള മതിപ്പ് . അറിവ് വയ്ക്കുന്ന പ്രായം മുതൽ വേശ്യാവൽക്കരണം ഭയന്നാണ് ഓരോ പെൺകുട്ടിയും വളരുന്നത്. കുളിച്ചാലും പോകാത്ത ഒരു കറ സ്ത്രീയുടെ ആത്മാഭിമാനത്തിനു മേൽ ഏതു സമയവും ഏൽക്കാം എന്നു ചിന്തിച്ച് സ്ത്രീകളേയും അതു പറഞ്ഞ് ഭയപ്പെടുത്തുന്ന ഒരു സമൂഹമാണ് നമുക്കുള്ളത്. ആക്രമിക്കപ്പെട്ടു എന്നു പറയുന്നതിനെ പോലും പരസ്പര സമ്മതത്തോടെയുള്ള  ലൈംഗികവേഴ്ചയും സ്വാർത്ഥ താല്പര്യങ്ങൾക്കുള്ള ദുരുപയോഗവുമായും കാണുന്ന കുറേ പേരും സമൂഹത്തിലുണ്ട്. ഇങ്ങനെ തങ്ങൾ വിശ്വസിക്കപ്പെടാതെ ഇരിക്കാൻ സാധ്യതയുള്ളതിനാലാണ് പലരും ഒരു പരിധി വരെ  അക്രമങ്ങളും ചൂഷണങ്ങളും സഹിച്ചു പോവുന്നതും. നമ്മുടെ എല്ലാം  പരിചയത്തിലുള്ള ഏതൊരു സ്ത്രീയോട് ചോദിച്ചാലും അവർ ഒരു  തവണ എങ്കിലും മോശമായ ഒരു അനുഭവം ഉണ്ടായതായി പറയാനാണു സാധ്യത. പക്ഷെ അതിനൊക്കെയും  പ്രതികരിക്കാൻ നിന്നാൽ അതിനു മാത്രമേ അവർക്കു നേരമുണ്ടാകുള്ളൂ എന്നതാണ് സത്യം. ലൈംഗികമായ അക്രമങ്ങളും പെരുമാറ്റങ്ങളും അത്രയ്ക്കു  സാധാരണമാണെന്നർത്ഥം . അങ്ങനെയിരിക്കുമ്പോൾ ഒരു സ്ത്രീ പ്രതികരിക്കേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കിൽ അതു അങ്ങേയറ്റം അതിരു കടന്നു പോയിട്ടുള്ളതായിരിക്കും. ഈ കാരണങ്ങൾ എല്ലാം കൊണ്ട് തന്നെ കുറ്റം ആരോപിക്കുന്നവരെ അവിശ്വസിക്കേണ്ട കാര്യമില്ല. 

പകൽ മാന്യൻ എന്ന വാക്ക് സാധാരണ #മീറ്റൂവിൽ പറഞ്ഞു കേൾക്കാറുള്ള ഒന്നല്ല. എന്നാൽ അതിവിടെ ചേർക്കേണ്ട ഒന്നാണ്. #മീറ്റൂവിൽ ആരോപണവിധേയരാവുന്ന ചിലർ സമൂഹത്തിൽ മറ്റു പല നല്ല കാര്യങ്ങളും ചെയ്യുന്നവരാകും. എന്നിരുന്നാൽ പോലും  തെറ്റ് തെറ്റല്ലാതെ ആവുന്നില്ല. അവയൊന്നും തെറ്റുകളെ ന്യായീകരിക്കാൻ പോന്നതുമല്ല. 2017 ൽ കുറ്റാരോപിതനായ ഹാർവീ വൈൻസ്റ്റൈന്റെ കാര്യം തന്നെ നോക്കാം. പട്ടിണി നിവാരണം, AIDS, multiple sclerosis, juvenile diabetes എന്ന അസുഖങ്ങളിലുള്ള ഗവേഷണം, അമേരിക്കയിൽ തോക്കുകളുടെ  ഉപയോഗത്തെ ക്രമപ്പെടുത്തുന്നതിനുള്ള  നിയമഭേദഗതിയ്ക്ക് വേണ്ടിയുള്ള പ്രവർത്തനം , മറ്റു സാമൂഹ്യ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം വൈൻസ്റ്റൈൻ സജീവമായിരുന്നു. ഭീതിജനകമായ കാര്യം എന്താണെന്നു വച്ചാൽ സമൂഹത്തിൽ പുറമേയ്ക്കു നല്ലവരായ ഇത്തരം പകൽ മാന്യന്മാർ വളരെയുണ്ട് എന്നതാണ്.  

#മീറ്റൂ വിനൊപ്പം വന്ന #Mentoo, #notallmen എന്ന ഹാഷ്ടാഗുകൾ #മീറ്റൂവിനെ ഖണ്‌ഡിക്കുക എന്ന ലക്ഷ്യത്തോടെ ചിലർ ഏറ്റെടുത്തു പ്രചരിപ്പിച്ചത് പോലെയാണ് തോന്നിയിട്ടുള്ളത്. എല്ലാ പുരുഷൻമാരും അക്രമികളല്ല. മാത്രവുമല്ല പുരുഷൻമാരും ലൈംഗിക അതിക്രമങ്ങൾ നേരിടുന്നുമുണ്ട്. ഇത്‌ എല്ലാവർക്കും അറിയാം. അവരെയെല്ലാം മാനിക്കുന്നുമുണ്ട്.  എങ്കിലും 99% സ്ത്രീകളെ സംബന്ധിക്കുന്ന ഒരു  ഗുരുതരവിഷയം ഉള്ളപ്പോൾ അതിനെ തിരിച്ചടിക്കാനെന്ന വിധത്തിൽ പറഞ്ഞ്, അതിൽ നിന്നും വഴി തിരിച്ചു വിട്ടും, നിസ്സാരവൽക്കരിച്ചും കൊണ്ട്, ഔചിത്യമില്ലാതെ കയറി വന്ന ഒരതിഥിയേ  പോലെയാണ് ഈ രണ്ടു ഹാഷ്ടാഗുകളെപറ്റിയും തോന്നിയിട്ടുള്ളത്. പേവിഷമുള്ള ഒരു മൃഗത്തിന്റെ കടിയേൽക്കുമ്പോൾ വിഷമില്ലാത്തതും ആക്രമണമേറ്റ മറ്റു മൃഗങ്ങളേയും  മുൻനിർത്തി, പ്രധാന പ്രശനമായ പേ വിഷത്തിനെ തന്നെ കണ്ടില്ലെന്നു നടിക്കുന്നത് പോലെ. 

#മീറ്റൂ തൊഴിലിടങ്ങളിലെ ലൈംഗിക അക്രമങ്ങൾ സംഭവിക്കാതിരിക്കാൻ ഒരു പരിധി വരെ സഹായകമായിട്ടുണ്ടാവാം. എന്നാൽ അക്രമങ്ങൾ നേരിടാനുള്ള നിയമത്തേക്കുറിച്ച് പലർക്കും അറിവില്ല. ഇന്ത്യയിൽ #മീറ്റൂ തരംഗത്തിന് മുൻപ് തന്നെ, 2013 ൽ തൊഴിലിടങ്ങളിലെ ലൈംഗികഅതിക്രമങ്ങൾ  തടയുന്നതിനുള്ള നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട് . അതാണ് The Sexual Harassment of Women at Workplace [Prevention, Prohibition and Redressal ] Act, 2013 അഥവാ  Sexual Harassment Act. 1997 ലെ സുപ്രധാനമായ ഒരു കേസിനെ തുടർന്നാണ് ഈ നിയമം വന്നത്.  Vishakha and others vs State of Rajasthan എന്ന ഈ  കേസിന്റെ പശ്ചാത്തലം 1992 ലെ  ഒരു  സംഭവമാണ്. രാജസ്ഥാനിൽ Bhanwari Devi എന്ന ധീരയായ സാമൂഹ്യപ്രവർത്തക ഒരു ശൈശവവിവാഹം തടഞ്ഞതിനെ തുടർന്ന് നിഷ്ഠൂരമായി കൂട്ടബലാൽസംഗം ചെയ്യപ്പെട്ടു. ഇതിനെ തുടർന്നു വിശാഘ എന്ന സ്ത്രീശാക്‌തീകരണ സംഘടനയും മറ്റു സ്ത്രീ സംഘടനകളും ചേർന്നു ഒരു പൊതു താല്പര്യ ഹർജി സമർപ്പിക്കുകയുണ്ടായി. കേസിനെ തുടർന്ന് 1997 ൽ Vishakha guidelines എന്ന പേരിൽ ചില മാർഗ്ഗനിർദേശരേഖകൾ നിലവിൽ വന്നു. അന്ന് വരെ രാജ്യത്ത് അത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ മാർഗനിർദേശങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഈ മാർഗനിർദേശങ്ങളാണ് പിന്നീട് 2013 ൽ നിയമമായത്. 1947 ൽ സ്വാതന്ത്ര്യം നേടി, 1950 ൽ ഭരണഘടന നിലവിൽ വന്ന ഇന്ത്യയിൽ തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം വന്നത് 2013 ൽ മാത്രമാണെന്ന ഒറ്റ വസ്തുത മതി എത്രയോ അധികം സ്ത്രീകൾ കടന്നു പോയിരിക്കാവുന്ന നിസ്സഹായാവസ്ഥയേ പറ്റി നമുക്ക്  മനസിലാക്കാൻ.

അക്രമങ്ങളുടെ സാധ്യതയ്ക്കു പുറമേ സ്ത്രീകൾ ജോലി ചെയ്യുന്നതിന്റെ പരിണിത ഫലം അനുഭവിക്കുന്നത് കുട്ടികൾ ആണെന്ന മുകേഷ് ഖന്നയുടെ വാദവും തെറ്റാണ്. അമ്മമാർ ജോലി ചെയ്യുന്നത് കുട്ടികളിൽ  പ്രശ്നങ്ങൾ ഉണ്ടാക്കുന്നുമില്ല, അതേ സമയം നല്ല ഗുണങ്ങൾക്ക് കാരണവുമാകുയും ചെയ്യുന്നു എന്നു കണ്ടെത്തിയ പഠനങ്ങൾ ഉണ്ട് ( Learning from Mum: Cross-National Evidence Linking Maternal Employment and Adult Children’s outcomes | Work, Employment and Society ). 

സ്ത്രീകളുടെ ജീവിതത്തെ പറ്റി പറയുമ്പോൾ Joseph Conrad എന്ന എഴുത്തുകാരന്റെ വാക്കുകൾ എടുത്തു പറയേണ്ട ഒന്നാണ് . "Being a woman is a terribly difficult task, since it consists principally in dealing with men." പുരുഷൻമാരെ കൈകാര്യം ചെയ്യുക എന്നുള്ളതാണ് സ്ത്രീ ജീവിതത്തിൽ  പ്രധാനമായ ഒന്ന് എന്നതിനാൽ ഒരു  സ്ത്രീ ആയിരിക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമായ ഒന്നാണ്. ഇതിന് വളരെയധികം അർത്ഥതലങ്ങൾ ആണുള്ളത്. ഒരു പക്ഷേ ഒരു സ്ത്രീയുടേ  ജീവിതത്തിലെ എല്ലാ വെല്ലുവിളികളുടേയും ഒരു പഠനം  നടത്തിയാൽ അതിൽ ഏറ്റവും മുഖ്യമായത് പുരുഷൻമാരെ നേരിടുന്നതും കൈകാര്യം ചെയ്യുന്നതും തന്നെയാകും. 

ഈ എഴുത്തിൽ ഉടനീളം നിങ്ങൾ ശ്രദ്ധിച്ചിരിക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യം അവസാനമായി ഞാൻ നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വരികയാണ്. ഞാൻ  എവിടെയും ആക്രമിക്കപ്പെട്ടവരെ അഭിസംബോധന ചെയ്യാൻ 'ഇര' എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. ലൈംഗിക അതിക്രമ കേസുകളിലെ നടപടി സംബന്ധിച്ച മെഡിക്കോ ലീഗൽ പ്രോട്ടോകോൾ 2019 ഒക്ടോബറിൽ പരിഷ്കരിക്കുകയുണ്ടായി. അതിലെ സുപ്രധാനമായ ഒന്ന് ആക്രമിക്കപ്പെട്ട വ്യക്തിയേ ഇനി മുതൽ ഇര (victim ) എന്നു വിളിക്കുന്നതിനു പകരം അതിജീവിത അല്ലെങ്കിൽ അതിജീവിതൻ ( survivor) എന്നേ വിശേഷിപ്പിക്കാവൂ എന്നതാണ്. ‘ഇര’ എന്ന വിളി ആക്രമിക്കപ്പെട്ടയാൾക്ക് കൂടുതൽ അസ്വസ്ഥതയും ഒറ്റപ്പെടുത്തലും ഉണ്ടാക്കുമെന്നും വേട്ടക്കാരനു മേൽക്കൈ ലഭിക്കുമെന്നുമെന്നുമുള്ള നിരീക്ഷണത്തിൻ മേലാണിത് . പ്രോട്ടോകോളുകളിൽ മാത്രമൊതുങ്ങാതെ ജീവിതത്തിലും, ആക്രമിക്കപ്പെട്ടവരെ നമുക്ക് ഇനി മുതൽ  അതിജീവിതർ എന്നു വിളിക്കാം.

ഇനി ശക്തിമാനിലേയ്ക്കു തന്നെ ഞാൻ മടങ്ങി വരികയാണ് പ്രിയ വായനക്കാരെ . #മീറ്റൂവിനേപറ്റി എനിയ്ക്ക് ഇത്രയൊക്കെ പറയാൻ ഉള്ളപ്പോൾ ശക്തിമാന്റെ  വാക്കുകൾ കേട്ട്  'ഇത്തരം മണ്ടത്തരങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ട് 'കറങ്ങി' നടക്കാതെ പോയി വീട്ടിലിരി ശക്തിമാനേ 'എന്നു പറയാനാണു എനിയ്ക്ക് തോന്നിയത്. 

ഇതിനു  അടുത്ത ദിവസങ്ങളിൽ മുകേഷ് ഖന്ന, തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്നും സ്ത്രീകളോട് ബഹുമാനം ഉണ്ടെന്നും പറഞ്ഞ് ക്ഷമാപണം നടത്തുകയുണ്ടായി. അദ്ദേഹം അതു ഉൾക്കൊണ്ടാണ് പറഞ്ഞതെങ്കിൽ, ക്ഷമ പറഞ്ഞ ഒരാളെ ഇനിയും ക്രൂശിക്കുന്നത് ശെരിയല്ല. എങ്കിലും അദ്ദേഹത്തെ പോലൊരു പൊതു സമ്മതൻ അറിയാതെ പോലും ഇന്ത്യ പോലെ സ്ത്രീവിരുദ്ധത നിറഞ്ഞ ഒരു രാജ്യത്ത് സമൂഹത്തിലേയ്ക്കെത്തുന്ന രീതിയിൽ ഇങ്ങനെയൊന്നു പറയാൻ പാടില്ലായിരുന്നു. ഇനിയും ഇത്തരത്തിലുള്ള ചിന്തകൾ മനസ്സിൽ വച്ചു പൊറുപ്പിക്കുന്നവർ ഉണ്ടെങ്കിൽ അവരും കൂടെ അതു  തിരുത്താൻ ആണ് ഇതെഴുതിയത്. 

No comments:

Post a Comment

The blind spot of the POCSO Act

I am giving you an account of a real incident, a case of POCSO that prompted me to write this article.  The year before last, a 16 year old ...