ആദ്യം തന്നെ പഴയ ഒരു സംഭവം പറയാം. കോളേജിൽ ചേർന്ന ആദ്യ ദിവസം. ഉച്ച വരെയുള്ള ലെക്ചറിന് ശേഷം ലഞ്ച് കഴിയ്ക്കാനായി എല്ലാവരും ഇറങ്ങി. വലിയ കോളേജ് ക്യാമ്പസ് ആർക്കും ഒട്ടും തന്നെ പരിചിതമായിട്ടില്ല. പത്താമത്തെ നിലയിൽ നിന്നും വലിയ ലിഫ്റ്റിൽ എല്ലാവരും കൂട്ടത്തോടെ താഴെയെത്തി. ഇനി കാന്റീൻ എവിടെയാണ്? ആർക്കും അറിയില്ല. മുന്നിൽ ഉള്ളവർ നടക്കുന്ന വഴിയേ പിന്നിലുള്ള വലിയൊരു കൂട്ടം നടക്കുന്നു . രാവിലെ മാത്രം പരിചയപ്പെട്ടവരോടു പ്രത്യേകിച്ചു ഒന്നും പറയാൻ ഇല്ലാതെ ഞാനും കൂട്ടത്തിൽ ചേർന്നു നടന്നു. ഏതൊക്കെയോ വഴിയിലൂടെ നടന്നു എന്നല്ലാതെ അതു ഇപ്പോഴും കാര്യമായി ഓർമയില്ല. കുറെ കഴിഞ്ഞപ്പോൾ ട്രെയിൻ ബോഗി പോലെ മുന്നിലുള്ളവർ പെട്ടെന്നു നിന്നപ്പോഴാണ് എവിടെയോ ചെന്നെത്തിയ കാര്യം മനസിലായത്. മുന്നിൽ ഒന്നും കാണാൻ വയ്യ. പക്ഷേ എന്തോ ഒരു പന്തികേട് ഉണ്ട് എന്നു മനസിലായി. പതിയെ തിരക്കിനിടയിലൂടെ അല്പം മുന്നിലേക്ക് ചെന്ന് എത്തി നോക്കി. വലിയ ഒരു ഉരുളിയിൽ ഒരാൾ സാമ്പാർ കലക്കിക്കൊണ്ട് നിൽക്കുന്നു! ഞങ്ങളെ കണ്ടതും അത്ഭുതത്തോടെ കലക്കൽ ഒക്കെ നിർത്തി അയാളും."ഉം..?" അയാൾ ചോദിച്ചപ്പോഴാണ് എല്ലാവർക്കും ഞെട്ടൽ മാറി അമളി മനസിലായത്. ചിരിച്ചു കൊണ്ട് ചമ്മലോടെ ഞങ്ങൾ അവിടെ നിന്നിറങ്ങി. എങ്ങനെയോ പിൻവാതിൽ വഴി കാന്റീനിന് പിന്നിലെ അടുക്കളയിൽ ആണ് ഞങ്ങൾ എത്തിപ്പെട്ടത്. അതു വഴി കഴിക്കാൻ ഇരിക്കുന്നിടത്തേയ്ക്ക് പോകാനും കഴിയില്ല. പുറത്തിറങ്ങി പിന്നെയും കുറെ ചുറ്റി മുൻ വാതിൽ വഴി പോയാൽ മാത്രമേ അവിടെ എത്താൻ കഴിയുള്ളൂ. രണ്ടാമത്തെ നടത്തത്തിൽ കുറച്ചു പേരെങ്കിലും കുറെകൂടി ബോധവാൻമാരായിരിക്കണം. പക്ഷേ അതിന് ഒരു തെറ്റ് പറ്റേണ്ടി വന്നു. കുറെ കാലത്തിന് ശേഷം എല്ലാവരും തമ്മിൽ പരിചയം ആയപ്പോഴാണ് ഈ സംഭവത്തിന്റെ മുഴുവൻ കഥ അറിയാൻ കഴിഞ്ഞത്. സ്കൂൾ കാലം തൊട്ടേ പരിചയം ഉള്ള രണ്ടു പേരായിരുന്നു അന്ന് മുന്നിൽ നടന്നിരുന്നത്. ലെക്ചർ ഹോളിൽ നിന്നിറങ്ങിയതു മുതൽ പിന്നിലുള്ള കൂട്ടം അവരെ പിന്തുടരുന്നത് കണ്ടപ്പോൾ അവർക്കു ഒരു തമാശ തോന്നി. "നമുക്കോ വഴിയറിയില്ല. എല്ലാ പൊട്ടൻമാരും നമ്മുടെ പിന്നിലും. എന്നാ പിന്നെ നമുക്ക് അങ്ങ് വെറുതെ നടക്കാം. എല്ലാ എണ്ണവും പിറകേ വന്നോളും" എന്നു പറഞ്ഞു അവർ തോന്നുന്ന വഴിയേ നടക്കുകയും വിചാരിച്ചത് പോലെ സംഭവിക്കുകയും ചെയ്തപ്പോൾ അവർ അന്ന് കുറെ ചിരിച്ചത്രേ. ഏതു വഴി ആ അടുക്കളയിൽ ഞങ്ങൾ എത്തിപ്പെട്ടു എന്നുള്ളത് ഇന്നും ഒരു ദുരൂഹതയാണ്. കാരണം പിന്നീട് കോളേജിന്റെ മുക്കും മൂലയും പരിചിതമായെങ്കിലും ആദ്യ ദിവസം പോയ ആ വഴി മാത്രം മനസിലാക്കാനായില്ല.!! എത്ര ബോധമില്ലാതെയാണ് കൂട്ടത്തിൽ നിന്നു കൊണ്ട്, അല്ലെങ്കിൽ ഒരു കൂട്ടമായി ഞങ്ങൾ പെരുമാറിയത് എന്നാണ് ഞാൻ പിന്നീട് പലപ്പോഴും ഇതിനെക്കുറിച്ച് ഓർത്ത് അത്ഭുതപ്പെട്ടിട്ടുള്ളത്.
ഇത് ഇവിടെ പറയാൻ ഒരു കാരണമുണ്ട്. ഇതൊരു ഉദാഹരണമാണ്. Mob mentality യുടെ അഥവാ ആൾകൂട്ടമനോഭാവത്തിന്റെ ഉദാഹരണം. അതു എന്തിന് വേണ്ടി വിശകലനം ചെയ്യുന്നു എന്നതിലേയ്ക്ക് പോകും മുൻപ് എന്താണ് mob mentality എന്ന് നോക്കാം. ഇതിനെ herd mentality, pack mentality, ചുരുക്കമായി gang mentality എന്നെല്ലാം വിളിക്കുന്നു. ഒരു ആൾക്കൂട്ടത്തിനുള്ളിൽ മനുഷ്യരുടെ സ്വഭാവം എങ്ങനെ ചുറ്റുമുള്ളവരാൽ സ്വാധീനിക്കപ്പെട്ട്, ഒറ്റയ്ക്കാവുമ്പോൾ കൈക്കൊണ്ടേക്കാവുന്ന യുക്തിപൂർവമായ സ്വഭാവത്തിൽ നിന്നും വ്യത്യസ്തമായി വൈകാരികമായ ഒരു സ്വഭാവം കൈക്കൊള്ളുന്നു എന്നതാണ് മോബ് മെന്റാലിറ്റി കൊണ്ട് അർത്ഥമാക്കുന്നത് . അതായായത് കൂട്ടത്തിലെ ഓരോ ആളും ഒറ്റയ്ക്കൊറ്റയ്ക്കുള്ളതിൽ നിന്ന് വ്യത്യാസപ്പെട്ടു ആ ആൾകൂട്ടത്തിന് മുഴുവനായി പൊതുവായ ഒരു സ്വഭാവം കൈവരുന്നു. അതു നല്ലതോ മോശമോ ആയിരിക്കും. നിർഭാഗ്യവശാൽ അതു പലപ്പോഴും വിവേകശൂന്യവുമായ ഒന്നായിത്തീരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിലെ സാമൂഹിക മനഃശാസ്ത്രജ്ഞരായ (social psychologists) ഗബ്രിയേൽ ടാർഡേയും ഗുസ്താവ് ലെ ബോണുമാണ് ഇതിനെപ്പറ്റി ആദ്യമായി പ്രതിപാദിച്ചിരിക്കുന്നത്. പല പഠനങ്ങളും ഈ വിഷയത്തിൽ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ആഷ് കൺഫോർമിറ്റി എക്സ്പെരിമെൻറ്സ് ( Asch conformity experiments) എന്ന പഠനം. പഠനത്തിന്റെ ഭാഗമായിരുന്ന ചിലരുടെ (പഠനത്തിന്റെ ഭാഗമായി ചില ഉത്തരങ്ങൾ പറയാൻ നേരത്തെ തന്നെ നിർദേശിക്കപ്പെട്ടിരുന്നവർ) അഭിപ്രായങ്ങൾക്ക് അനുസരിച്ചു ഇതിനെ പറ്റി അറിവില്ലാത്തവർ, 33% മുതൽ 75% വരെ തങ്ങളുടെ തീരുമാനത്തിൽ സ്വാധീനിക്കപ്പെട്ടു. എന്നാൽ ഒറ്റയ്ക്കു ആയിരുന്നപ്പോൾ തെറ്റായ ഉത്തരം കൊടുത്തത് വെറും 1% തവണ മാത്രമായിരുന്നു. അതായത് ആൾകൂട്ടത്തിന്റെ സ്വാധീനം ഇല്ലാതെ അവർക്കു തൊണ്ണൂറ്റിയൊമ്പത് ശതമാനവും ശെരിയായ തീരുമാനം എടുക്കാൻ ആയി. ഇംഗ്ലണ്ടിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിൽ (Leeds University) നടത്തിയ പഠനം എനിയ്ക്കു കോളേജിൽ ഉണ്ടായ അനുഭവം തന്നെയായിരുന്നു. പഠനത്തിന്റെ ഭാഗമായ ചിലർക്ക് ഒരു ആൾക്കൂട്ടത്തിലുള്ള, ഇതിനെപ്പറ്റി അറിവില്ലാത്ത മറ്റുള്ളവരെ നയിക്കാനായി. വെറും 5% ആത്മവിശ്വാസമുള്ള ആളുകൾ കാരണം ബാക്കി 95% ആളുകളും സ്വാധീനിക്കപ്പെടുന്നതായാണ് കണ്ടത്. ചുറ്റുമുള്ള ഭൂരിപക്ഷം ചിന്തിക്കുന്നതാവും ശെരി എന്ന ധാരണയിൽ തന്റെ അഭിപ്രായം കൂടി അതിനു ചേരുന്നതാക്കുകയാണ് ( conformity) ഇവിടെ ആളുകൾ ചെയ്യുന്നത്.
സാമൂഹ്യമാധ്യമങ്ങളിൽ ഇതേ സ്വാധീനം ഉണ്ടാകുന്നുണ്ടോ? വളരെയധികം ഉണ്ടെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. മാസ്സാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും (MIT), ന്യൂ യോർക് യൂണിവേഴ്സിറ്റിയിലെയും ഹീബ്രൂ യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ ചേർന്നു നടത്തിയ ഒരു പഠനം നോക്കാം. ഒരു വെബ്സൈറ്റിൽ അഞ്ചു മാസക്കാലം കൊണ്ടാണ് അവർ അതു നടത്തിയത്. വെബ്സൈറ്റിലെ ചില പോസ്റ്റുകൾക്കുള്ള കമെന്റുകൾക്ക് അവർ തുടക്കത്തിൽ ചിലതിന് അനുകൂലമായി അപ് വോട്ടുകളും( upvote / like) മറ്റു ചിലതിന് പ്രതികൂലമായി ഡൌൺ വോട്ടുകളും (downvote/ dislike ) നൽകി. താരതമ്യം ചെയ്യാൻ കൃതൃമം ചെയ്യാത്ത കണ്ട്രോളും( control group ) ഉണ്ടായിരുന്നു. നീരീക്ഷിച്ചതിൽ നിന്നും കണ്ടെത്തിയ വസ്തുത എന്തായിരുന്നു എന്നാൽ അവർ ആദ്യം അപ് വോട്ട് നൽകിയവയ്ക്കു, പഠനത്തിന്റെ ഭാഗമാവാത്തതും ഇതിനെപ്പറ്റി അറിവില്ലാത്തവരുമായ സാധാരണ ജനം കൂടുതൽ അപ് വോട്ടുകൾ നൽകുകയും , അതു പോലെ തന്നെ ആദ്യം ഡൌൺ വോട്ടു ലഭിച്ചതിന് കൂടുതൽ ഡൌൺ വോട്ടുകൾ കൊടുക്കുകയും ചെയ്യുന്നതായി കണ്ടു. രാഷ്രീയം, ബിസിനസ്, സാമൂഹികം, സംസ്കാരികം എന്നീ വിഷയങ്ങളിലെ പോസ്റ്റുകളിലാണ് ഇത് കൂടുതലും പ്രതിഫലിച്ചു കണ്ടത്. ആളുകൾ തങ്ങളുടെ സുഹൃത്തുകൾക്കും പരിചയമുള്ളവർക്കും വേണ്ടിയും അനുകൂലമായ പ്രതികരണം നടത്തി അവരെ പിന്തുണയ്ക്കുന്ന ഒരു പ്രവണതയും കാണാനായി. അത്ഭുതകരമായ ഒരു പ്രതിഭാസം എന്താണെന്നു വച്ചാൽ, ആദ്യം പ്രതികൂലമായി പ്രതികരിച്ചിരുന്നവരുടെ അഭിപ്രായങ്ങൾ മാറി പതിയെ അനുകൂലമായി മാറുന്നുമുണ്ടായിരുന്നു. പഠനം സൂചിപ്പിക്കുന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിൽ നാം ഇന്ന് പലപ്പോഴും കാണുന്ന ഒരു പ്രതിഭാസമാണിത്. ഓൺലൈൻ സർവ്വേകളെയും റിവ്യൂകളെയും ആൾക്കൂട്ടമനോഭാവം ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ . ഓൺലൈൻ പരസ്യവ്യവസായം ഇത് നല്ല രീതിയിൽ പ്രയോജനപ്പെടുത്തുന്നുമുണ്ട്. ഓഹരി വിപണിയിലെ നിക്ഷേപകരേയും herd mentality സ്വാധീനിക്കുന്നതായാണ് മനസിലാക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളുടെ കൂടെ സാന്നിധ്യം കൊണ്ട് ഇങ്ങനെ ഒരു ആൾകൂട്ടം രൂപപ്പെട്ടു , സൈബർ ആക്രമണങ്ങളിലും വിദ്വേഷ പ്രചാരണങ്ങളിലും ചെന്നു നിൽക്കുന്ന പ്രവണതയാണ് നമ്മൾ സാധാരണയായി ഏറ്റവുമധികം കാണുന്ന സ്വാധീനം .
ആൾക്കൂട്ടമനോഭാവം എത്രത്തോളം ശക്തമാണെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. കൂട്ടത്തിൽ ചേർന്നു പോവുക എന്ന മനുഷ്യന്റെ സാമൂഹ്യവാസനയാണ് ( herd instinct ) ആൾക്കൂട്ടമനോഭാവത്തിന് കാരണം. പുറമേയ്ക്ക് നിരുപദ്രവമായ ഒരു പ്രവണതയോ പ്രതിഭാസമോ ആയി മാത്രമേ ഇതു തോന്നുള്ളൂവെങ്കിലും, എപ്പോഴും ഇത് അത്ര നിർദോഷമല്ല എന്നതാണ് സത്യം.ഗുസ്താവ് ലെ ബോണിന്റെ സിദ്ധാന്തം അനുസരിച്ച് ഒരു ആൾകൂട്ടത്തിന് മൂന്നു ഘട്ടങ്ങൾ ആണുള്ളത്.
1. വിധേയത്വം ( submergence)- വ്യക്തിത്വത്തിന്റെയും വ്യക്തിഗത ഉത്തരവാദിത്ത ബോധത്തിന്റെ നഷ്ടം.
2. പകർച്ച അഥവാ സംക്രമണം( contagion )- ആൾക്കൂട്ടത്തിലെ പ്രബലമായ വികാരം എല്ലാവരും കൈക്കൊള്ളുന്നത്.
3. വശീകരണം അഥവാ നിർദേശം ( suggestion) - ആൾകൂട്ടത്തിലെ ഏതൊരു വികാരവും എല്ലാവരാലും ഉൾക്കൊണ്ടു പൊതുവായ, അബോധവും പ്രാകൃതവുമായ ഒരു പ്രതികരണമായി പ്രകടമാവുന്ന അവസ്ഥ.
ആൾക്കൂട്ടങ്ങളെ അവയുടെ പ്രകടനരീതി, വൈകാരികത, ഉദ്ദേശ്യം തുടങ്ങിയവയയുടെ സ്വഭാവാടിസ്ഥാനത്തിൽ പല തരമായി തിരിച്ചിരിക്കുന്നു. എല്ലായ്പ്പോഴും ആൾകൂട്ടത്തിന് പ്രതികൂലസ്വഭാവം ആവണമെന്നില്ല. സമാധാനപരമായ ആൾക്കൂട്ടങ്ങളുമുണ്ടല്ലോ. ആൾകൂട്ടമനോഭാവം ഒരപകടമാവുന്നത് അതു ആൾകൂട്ടവിചാരണയ്ക്കും ( mob trial ) ആൾക്കൂട്ടക്കൊലപാതകങ്ങളിലേക്കും( mob lynching) വഴി തെളിക്കുമ്പോഴാണ്.
ഒരു ആൾകൂട്ടത്തിൽ നിൽക്കുമ്പോൾ ശിക്ഷാർഹതയുടെ സാധ്യതക്കുറവും നിയമപരമായി ഓരോരുത്തരെ കണ്ടെത്തി ശിക്ഷിക്കുന്നത് അപ്രായോഗികമാണെന്നതും ഓരോ വ്യക്തിയുടെയും ധൈര്യം വർദ്ധിപ്പിക്കുന്നു. കൂട്ടത്തിനുള്ളിലെ അജ്ഞതാവസ്ഥ ( anonymity), ഒത്തൊരുമ, ഉത്സാഹം എന്നിവ ഓരോ വ്യക്തിയുടെയും ആത്മാവബോധം നഷ്ടപ്പെടുന്നതിന് കാരണമാകും. അതിന്റെ ഫലമായി ഓരോ വ്യക്തിയിലും കുറ്റബോധം, ലജ്ജ, ആത്മപരിശോധനാശേഷി എന്നിവ കുറഞ്ഞു , സ്വന്തം വ്യക്തിത്വത്തിൽ നിന്ന് അകലുകയും ( Deindividuation theory ), സമൂഹത്തിനു തന്റെ മേലുള്ള( മോശം ) വിലയിരുത്തലിനെപ്പറ്റി ഉത്കണ്ഠ ഇല്ലാതെയാവുകയും ചെയ്യുന്നു. ആത്മനിയന്ത്രണമില്ലാത്ത ഈ സ്വഭാവപ്രകടനമാണ് അവിവേകമായ ചിന്തകളിലേയ്ക്കും സാമൂഹ്യവിരുദ്ധമായ പ്രവർത്തിയിലേയ്ക്കും ചെന്ന് അവസാനിക്കുന്നത്. കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടാത്തത്, സാധാരണമായ അല്ലെങ്കിൽ പരിഷ്കൃതമായ ഒരു സാമൂഹിക സ്വഭാവം പ്രകടിപ്പിക്കേണ്ട ആവശ്യകതയിൽ നിന്നും വ്യക്തിയെ മോചിപ്പിക്കുന്നു. ആൾക്കൂട്ടങ്ങളിൽ ഒരേ മനസ്ഥിതിയുള്ള കുറച്ചു പേർ എത്തിപ്പെടുന്നതും ഒരു കാരണമായി പറയുന്നു( convergence theory). മറ്റു പല ഘടകങ്ങളും ഒരു ആൾക്കൂട്ടത്തിന്റെ സ്വഭാവത്തിനെ സ്വാധീനിക്കുന്നതായി കണക്കാക്കപ്പെടുന്നു.
ഷെയ്ക്സ്പിയറിന്റെ ജൂലിയസ് സീസറിൽ വളരെ മനോഹരമായാണ് mob mentality ചിത്രീകരിച്ചിട്ടുള്ളത് . ബ്രൂട്ടസ് തന്റെ പ്രസംഗത്തിൽ സീസറിന്റെ അധികാരത്തിന് വേണ്ടിയുള്ള അതിമോഹത്തെക്കുറിച്ചും കൊല ചെയ്യേണണ്ടി വന്ന സാഹചര്യത്തെക്കുറിച്ചുമെല്ലാം യുക്തിയുക്തമായാണ് വിവരിക്കുന്നത്. അതു കേൾക്കുന്ന പൊതുജനം അദ്ദേഹത്തെ ശെരി വയ്ക്കുന്നു. എന്നാൽ ഇതേ ജനം, തുടർന്നുള്ള , വൈകാരികമായ മാർക്ക് ആന്റണിയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സു മാറ്റുകയും ബ്രൂട്ടസിനെതിരെ തിരിഞ്ഞു ഒരു കലാപം അഴിച്ചു വിടുകയുമാണ് ചെയ്യുന്നത്.
നമ്മുടെ നാട്ടിലെ ചില അന്ധവിശ്വാസങ്ങൾ പോലും ഇങ്ങനെയാവാം പ്രചാരത്തിലായത് . ഒറ്റമൈനയെ കാണുന്നത് ദോഷമാണെന്ന അന്ധവിശ്വാസത്തിന്റെ കാര്യം തന്നെ നോക്കാം. മനുഷ്യന്റെ സംസാരം അനുകരിക്കാൻ കഴിവുള്ള, നമ്മുടെ നാട്ടിൽ എണ്ണത്തിൽ കൂടുതലുള്ള ഒരു പക്ഷിയാണല്ലോ മൈന. മൈനകൾക്ക് ഒറ്റയ്ക്ക് ഇണയില്ലാതെ ജീവിക്കാൻ ഏറെ പ്രയാസമാണ്. അതു കൊണ്ടു തന്നെ ഇണക്കി വളർത്തുമ്പോൾ ഒറ്റയ്ക്ക് വളർത്തുന്നതിനെ നിരുസാഹപ്പെടുത്തിയതാവാം കാലക്രമേണ ഇങ്ങനെയൊരു അന്ധവിശ്വാസമായി മാറിയത്. കുറച്ചു പേർക്കുണ്ടായ തെറ്റിദ്ധാരണ ആൾകൂട്ടമനോഭാവത്തോടെ കൂടുതൽ പേർ ഏറ്റെടുത്തു വിശ്വസിച്ചു തുടങ്ങിയിരിക്കാം.
ആരേയൊക്കെയാണ് സമൂഹം ആൾക്കൂട്ടവിചാരണയ്ക്ക് വിധേയമാക്കുന്നത്?ആൾകൂട്ടവിചാരണയ്ക്ക് ഇരയാവുന്ന ഒരു കൂട്ടർ സമൂഹത്തിൽ ഏതെങ്കിലും തരത്തിൽ ദുർബലരായവർ ആവും. കേരളത്തിൽ ഏറ്റവും കൂടുതൽ ആൾക്കൂട്ടവിചാരണ നടക്കുന്നത് മോഷണം, തട്ടിക്കൊണ്ട് പോകൽ എന്നിവ ആരോപിക്കപ്പെട്ടാണ്. 2018 ൽ അട്ടപ്പടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവായ മധു ആൾക്കൂട്ട വിചാരണയുടെ ഇരയാണ്. കൊല്ലം ജില്ലയിൽ 2018ൽ കൊല്ലപ്പെട്ട മാണിക് റോയ് എന്ന ബംഗാളുകാരന്റെ മേലും മോഷണമാണ് ആരോപിക്കപ്പെട്ടത്. കേരളത്തിൽ നിപ പകർച്ചവ്യാധി വന്നു പോയ ശേഷം വീടുകൾ തോറും സർവ്വേയ്ക്ക് പോയ പത്മാവതി എന്ന പേരാമ്പ്ര താലൂക് ആശുപത്രിയിലെ നഴ്സിനെ, കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ വന്നതെന്ന് ആരോപിച്ച് ക്രൂരമായി സ്ത്രീകൾ അടക്കമാണ് തടഞ്ഞു വച്ചത്. കാഴ്ചയിൽ ഇരുണ്ട നിറമുള്ളതായിരിക്കാം നഴ്‌സിനു മേൽ സംശയമുണർത്താൻ കാരണമായതെന്ന് കരുതുന്നു. ഒരു കൊച്ചു കുട്ടിയെ റോഡ് മുറിച്ചു കടക്കാൻ സഹായിച്ചപ്പോൾ തട്ടിക്കൊണ്ട് പോകുന്നു എന്നാരോപിച്ചു ഒരു തമിഴ്നാട്ടുകാരനെ ആക്രമിച്ചിരുന്നു. പലയിടങ്ങളിലും നടക്കുന്ന സദാചാര ഗുണ്ടായിസം, സ്ത്രീകൾക്കും, ട്രാൻസ്ജെൻഡറുകൾക്കും ദളിതർക്കും, നേരേയുള്ള അക്രമങ്ങൾ തുടങ്ങിയവയാണ് മറ്റു ചിലത്. ഉത്തരേന്ത്യയിൽ മുസ്ലിങ്ങൾക്കും ദളിതർക്കും നേരേയും ഗോസംരക്ഷണത്തിന്റെ പേരിലുമാണ് കൂടുതലും ആൾകൂട്ടകൊലപാതകങ്ങൾ. ഇവ എല്ലാം തന്നെ ന്യൂനപക്ഷമോ ദുർബലമോ ആയ കൂട്ടർക്ക് നേരെയാണെന്നു കാണാം.
രണ്ടാമത്തെ ഇരകൾ, ശക്തവും ന്യൂനപക്ഷവുമായ ഏതെങ്കിലും അഭിപ്രായം പങ്കു വയ്ക്കുന്നവരോ അതിനു വേണ്ടി പ്രയത്നിക്കുന്നവരോ ആയിരിക്കും. ഭൂരിപക്ഷത്തിന് എതിരഭിപ്രായമാണെങ്കിൽ അംഗബലം ഒന്നു കൊണ്ട് മാത്രം, അഭിപ്രായം ഇല്ലാത്തവരുടെയും അതു വരെ ന്യൂനപക്ഷ അഭിപ്രായം ഉണ്ടായിരുന്നവരുടെയും കൂടി മനസ്സ് മാറ്റി ഭൂരിപക്ഷത്തോടൊപ്പമാക്കാൻ ഈ ഭൂരിപക്ഷക്കാർക്ക് കഴിയുന്നു. ഇവിടെ ആൾകൂട്ടമനോഭാവമാണ് പ്രവർത്തിക്കുന്നത്. എന്നാൽ നൈതികമായി ന്യൂനപക്ഷത്തിന്റെ ഭാഗത്താണ് ശെരിയുള്ളതെങ്കിലോ. ഇവിടെയാണ് സാമൂഹിക വ്യവസ്ഥകളിൽ ഓരോ മനുഷ്യന്റെയും അഭിപ്രായം, കൂട്ടത്തിൽ ചേർന്ന് പോകാതെ, വൈയ്‌ക്തികമായി തന്നെ പ്രധാന്യമർഹിക്കുന്നത്. കൂട്ടത്തിൽ ചേർന്നു പോയാലേ നിലനിൽപുള്ളൂ എന്നു ചിന്തിക്കുന്നത് ഓരോ വ്യക്തിയുടേയും, മൊത്തമായി ഒരു സമൂഹത്തിന്റെയും ധർമനീതിയെ തച്ചുടയ്ക്കാൻ പോകുന്നതാണ്. അതിനു ഉത്തമ ഉദാഹരണമാണ് ഈയിടെ ചിലർ പലപ്പോഴായി അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചതിന് സമൂഹ്യമാധ്യമങ്ങളിൽ വ്യക്തിഹത്യ ചെയ്യപ്പെട്ട സംഭവങ്ങൾ. അഭിപ്രായം തെറ്റാണെങ്കിൽ പോലും അതു അക്രമവും വ്യക്തിഹത്യയും ചെയ്യാതെ ചർച്ച ചെയ്യാൻ സമൂഹത്തിൽ പലർക്കും കഴിയാറില്ല. കൂട്ടത്തിൽ കൂടി കല്ലെറിഞ്ഞു കഴിഞ്ഞു, ഓരോ വ്യക്തിയും ഇല്ലാതാവുമ്പോഴും ഈ പ്രവണത ഒന്നു കൂടി ശക്തിപ്പെടുകയാണ്. എന്നാൽ ആ വ്യക്തി അതിനെ അതിജീവിക്കുകയാണെന്നു കരുതുക. പിന്നെയും അയാൾ അയാളുടെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണെങ്കിൽ, ആക്രമിച്ച വ്യക്തികൾ മാത്രമായി ഒറ്റയ്ക്കൊറ്റയ്ക്ക് , കൂട്ടമായി ചിന്തിക്കാതെ,ഒന്നു കൂടി അയാൾ പറഞ്ഞതിനെ വിശകലനം നടത്തി നോക്കിയാൽ, ഓരോരുത്തരായി തുടങ്ങി കൂടുതൽ പേരും ഒരു പക്ഷേ ആ ന്യൂനപക്ഷ അഭിപ്രായം ശെരിയായിരുന്നു എന്നു കാലക്രമേണ മനസിലാക്കി അഭിപ്രായം മാറ്റാൻ സാധ്യതയുണ്ട്. ഇതാണ് ആൾകൂട്ടമനോഭാവത്തിന്റെ വിചിത്രമായ സ്വാധീനം.
ചില സമയങ്ങളിൽ എങ്കിലും ഇത് പോലെ ആക്രമിക്കപ്പെടുന്ന ന്യൂനപക്ഷ അഭിപ്രായക്കാർ കാലത്തിന് മുന്നേ സഞ്ചരിക്കുന്നവർ ആയിരിക്കും. അല്ലെങ്കിൽ മനുഷ്യസഹജമായ പല അവസ്ഥകളെ മനസിലാക്കി അസാധാരണത്വങ്ങളിലെ ശെരികൾ ഉൾക്കൊള്ളുന്നവർ ആയിരിക്കാം. സാധാരണവും ശരാശരിയുമായത് മാത്രമാണ് ശെരി എന്നു ചിന്തിക്കുന്നത് ഒരു തെറ്റായ ഭൂരിപക്ഷ ചിന്താഗതിയാണ്. അതു പലപ്പോഴും സമൂഹത്തെ മാറ്റങ്ങൾ ഉൾക്കൊള്ളാതെ പിന്നോട്ടടിക്കുകയും ചെയ്യുന്നു. മനുഷ്യസഹജമായ കുറവുകളും തെറ്റുകളും ഏതൊരു മനുഷ്യനും സംഭവിക്കാമെന്നും അതു തിരുത്തുകയേ വേണ്ടൂ എന്നും സമൂഹത്തിനോട് അവശ്യപ്പെടുന്ന ഇവർ , സ്വന്തം തെറ്റുകൾ തന്നെ ഉൾകൊള്ളാൻ കഴിയുന്നവർ ആയിരിക്കും. എന്നാൽ പൊതുവിൽ ആളുകൾ അവരെ എല്ലാം തികഞ്ഞ ഭാവമുള്ളവർ എന്നും ഭ്രാന്തർ എന്നും മുദ്രകുത്തി ആക്രമിക്കുകയാണ് ചെയ്യുന്നത്. അതേ സമയം ആക്രമികൾക്കു തങ്ങൾ ചെയ്യുന്നതും ചിന്തിക്കുന്നതും മാത്രമാണ് ശെരി എന്ന ചിന്ത മിക്കപ്പോഴും ഉണ്ട് താനും. അറിവ് കുറയുന്തോറും ഇവരുടെ അക്രമവാസന കൂടുന്നു.
ആൾക്കൂട്ടവിചാരണയും കൊലപാതകങ്ങളും സംഭവിക്കുമ്പോൾ അവിടെ അഞ്ചു തരം ആൾക്കാർ ആവും ഉള്ളത്. ഇര, അക്രമത്തിന് ആഹ്വാനം ചെയുന്നവർ, അക്രമികൾ, ഇടപെടാത്ത കാഴ്ച്ചക്കാർ, ഇരയുടെ രക്ഷയ്ക്കെത്തുന്ന ചുരുക്കം ചിലർ എന്നിവരാണത്. ആൾക്കൂട്ടവിചാരണയ്ക്ക് ആഹ്വാനം ഇടുന്നവരും അത് പ്രാവർത്തികമാക്കുന്നവരും അമിത ആത്മവിശ്വാസമുള്ളവരാകും . ഇവരാണ് ഈ കൂട്ടത്തിലെ യഥാർത്ഥ മനോരോഗികളും. ആൾകൂട്ടവിചാരണയ്ക്ക് ഇവർ തുനിയുന്നതിന് പല കാരണങ്ങളുമുണ്ട്. ജീവിതത്തിൽ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് നിരാശപ്പെട്ടിട്ടുള്ളവരും തൃപ്തിക്കുറവുള്ളവരും ആവും പലപ്പോഴും ആൾകൂട്ട അക്രമികൾ . ക്രൂരമായ ഒരു ആനന്ദത്തിന് ( sadism )വേണ്ടി ഈ അവസരം അവർ നന്നായി ഉപയോഗിക്കും.
അക്രമത്തിന് ആഹ്വാനം ചെയ്യുന്നവർ പറയുന്നത് ശെരിയാണെന്നു കരുതി കൂട്ടത്തിൽ ചേരുന്നവരാണ് സത്യത്തിൽ ആൾകൂട്ടമനോഭാവത്തിന്റെ സ്വാധീനതയിൽ വരുന്ന അക്രമികൾ. ഇവർ ആക്രമണം നയിക്കുന്നവരെ ആൾക്കൂട്ടമനോഭാവത്തോടെ അന്ധമായി അനുഗമിക്കുകയാണ് ചെയ്യുന്നത്. Sheeple എന്ന ഇംഗ്ലീഷ് പദമാണ് ഇവർക്ക് ചേരുന്നത് . സ്വന്തമായി ചിന്തിക്കാതെയും വിശകലനം നടത്താതെയും ആടുകളെ പോലെ( sheep) എളുപ്പത്തിൽ (തെറ്റായ വഴിയേ) നയിക്കപ്പെടാവുന്ന ആളുകളെ ( people ) ഉപമിച്ചു ആക്ഷേപകരമായി ഉപയോഗിക്കുന്ന ഒരു വാക്കാണത്. 2017 മുതൽ വാട്സ്ആപ്പ് വഴി, ശത്രുക്കളെയോ ന്യൂനപക്ഷക്കാരെയോ ലക്ഷ്യമിട്ട്, അവരെക്കുറിച്ച് കളവുകളും തെറ്റായ പ്രചാരണവും നടത്തി ആളുകളെ പ്രകോപിപ്പിച്ചു അക്രമം അഴിച്ചു വിടുന്ന ആൾക്കൂട്ടഅക്രമ രീതിയും (Whatsapp Lynching ) വർദ്ധിച്ചു വരുന്നുണ്ട് . ഇവിടെയും ആൾകൂട്ടമനോഭാവമാണ് ചൂഷണം ചെയ്യപ്പെടുന്നത്.
ഇതിൽ നിന്നെല്ലാം, സമൂഹത്തിൽ അങ്ങേയറ്റങ്ങളിൽ നിൽക്കുന്നവരാണ് ആൾക്കൂട്ട ആക്രമണത്തിന്റെ ഏറ്റവും വലിയ ഇരകൾ എന്നു കാണാം. മാറ്റങ്ങൾക്കു അനിവാര്യമായ ന്യൂനപക്ഷ അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന മാനസികമായി ഏറ്റവും ശക്തരായവരും, സാഹചര്യങ്ങൾ കൊണ്ട് ഏറ്റവും ദുർബലരായവരും. ബാക്കിയുള്ള ശരാശരി ആൾക്കാർ ഒരു ഭൂരിപക്ഷമാണ്. ഈ ബഹുഭൂരിപക്ഷം, സ്വന്തമായി അഭിപ്രായമോ വ്യക്തിത്വമോ കാഴ്ച വയ്ക്കാത്തവർ ആയിരിക്കും. അല്ലെങ്കിൽ ഇവർ diplomatic ആയവർ ആയിരിക്കും . ആരെയും ശത്രുവാക്കാതെ എല്ലാവരോടും നയത്തിൽ ഇടപെടുന്നവർ. കാരണം ഇവർ ഒരു രീതിയിലും പാർശ്വവൽക്കരിക്കപ്പെടുന്നില്ല. ഇത് പോലൊരു ഭൂരിപക്ഷമാണ് അക്രമം കണ്ടിട്ടും ഇടപെടാതെ കാഴ്ച്ചക്കാരായി നോക്കി നിൽക്കുന്നതും. ഇനി എഴുതുന്ന രണ്ടു വാചകങ്ങൾ ഈ ബഹുഭൂരിപക്ഷത്തിന് വേണ്ടിയുള്ളതാണ്.
" The ultimate tragedy is not the oppression and cruelty by the bad people, but the silence over that by the good people " - Martin Luther King Jr.
" The world will not be destroyed by those who do evil, but by those who watch them without doing anything"- Albert Einstein.
ലോകം കണ്ട ഏറ്റവും വലിയ മഹാൻമാരിൽ രണ്ടു വ്യക്തികളുടെ വാക്കുകൾ ആണിത്. അതിന്റെ സാരാംശം ഒന്നും. സമൂഹത്തിന്റെ നാശം തെറ്റ് ചെയ്യുന്നവർ കാരണമല്ല, അതു കണ്ടിട്ടും പ്രതികരിക്കാതിരിക്കുന്ന നല്ല മനുഷ്യരുടെ മൗനം ആണ്. മൗനം അവലംബിക്കുന്ന ഈ കൂട്ടർ സമൂഹത്തിലെ ഭൂരിപക്ഷമാവുകയും ആൾക്കൂട്ടത്തിന്റെ പൊതുവായ അപരിഷ്കൃത സ്വഭാവം എതിർക്കാതെ കണ്ടു നിൽക്കുകയും ചെയ്യുന്നു.
ലോകത്ത് ആരെയും ശത്രുവാക്കാതെ ജീവിക്കാൻ വേണ്ടി മനുഷ്യൻ ശ്രമിച്ചു കൊണ്ടേയിരിക്കും. അതു മനുഷ്യസഹജവുമാണ് . എന്നാൽ അതിന്റെ ഭാഗമായി നാം തെറ്റുകൾക്ക് നേരെയും കണ്ണടയ്ക്കുമ്പോഴാണ് പ്രശ്നം. ഇവർ (നമ്മൾ ) ഒരു ബഹുഭൂരിപക്ഷമാവുമ്പോൾ പോലും ഒരു ബഹുഭൂരിപക്ഷത്തിന്റെ ബലം എന്തെന്ന് തിരിച്ചറിയുന്നില്ല എന്നതാണ് ഏറ്റവും രസകരമായ വസ്തുത . നല്ലതിലേയ്ക്കും ദോഷത്തിലേയ്ക്കും ഒരു സമൂഹത്തിനെ മുഴുവൻ നയിച്ചു കൊണ്ട് പോകാൻ ഇവർക്ക് കഴിയും. അതിനുള്ള മുൻകൈ എടുക്കുക എന്നുള്ളത് സത്യത്തിൽ ഏതൊരു സാധാരണക്കാരനും സാധ്യമായ കാര്യമാണ്. ഒരു സാധാരണക്കാരന്റെ ശക്തിയെ ഒരിക്കലും വില കുറച്ചു കാണരുത് എന്നു പറയുന്നത് ഒരിക്കലും ഒരു അതിശയോക്തിയല്ല. ഒരു സാധാരണക്കാരൻ ആണെങ്കിലും ഒരു ശെരിയേ നയിക്കേണ്ട മുൻകൈ എടുത്തു കഴിഞ്ഞാൽ സമൂഹത്തിന്റെ ഭൂരിഭാഗം കൂടെ നിൽക്കുക തന്നെ ചെയ്യും. അതിന് കാരണം അടിസ്ഥാനപരമായി നൈതികമായി ചിന്തിക്കുന്ന ആളുകൾ തന്നെയാണ് ഒരു സമൂഹത്തിൽ കൂടുതലും ഉള്ളത് എന്നതാണ്. ന്യൂനപക്ഷമായിരിക്കുന്നതിന്റെ അപകടസാധ്യതയാണ് പലപ്പോഴും അവരെ പ്രതികരിക്കുന്നതിൽ നിന്ന് പിന്നിലേയ്ക്കു വലിക്കുന്നത്.
ഇനി എന്ത് കൊണ്ട് ഒരു സാധാരണ വ്യക്തി ഒരു മാറ്റത്തിനും മുൻകൈ എടുക്കുന്നില്ല അല്ലെങ്കിൽ അനീതി കണ്ടിട്ടും പ്രതികരിക്കുന്നില്ല എന്നു നോക്കാം. നമ്മുടെ സമൂഹത്തിലെ അതിതീവ്രമായ വ്യക്തിഹത്യ ആണിതിന് കാരണം. അഭിപ്രായവ്യത്യാസങ്ങൾ പരസ്പരബഹുമാനത്തോടെയും ആരോഗ്യകരമായും ചോദ്യം ചെയ്യാനോ വിശകലനം നടത്താനോ മിക്കവരും തയ്യാറല്ല. സമൂഹത്തിന് ഉൾകൊള്ളാൻ ആവാത്തത് എന്തെങ്കിലും പറഞ്ഞാൽ , അല്ലെങ്കിൽ അങ്ങനെ പറയുന്നവരുടേയോ പ്രവർത്തിക്കുന്നവരുടേയോ ഒപ്പം നിന്നാൽ തന്റെ നിലനിൽപ് തന്നെ ഇല്ലാതായേക്കുമെന്ന ഭയം ബഹുഭൂരിപക്ഷത്തിനുമുണ്ട്. നമ്മുടെ നാട്ടിലെ brain drain അഥവാ വിദേശങ്ങളിലേയ്ക്കുള്ള കുടിയേറ്റം മൂലം ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ളവരെ രാജ്യത്തിന് നഷ്‌ടപ്പെടുന്നതിന് ഒരു പ്രധാന കാരണവും ഇതു തന്നെ. ഒരാൾ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുമ്പോൾ ഇതൊക്കെ എന്തിന്, അധികം പരിഷ്കാരം വേണ്ട, ഇരിക്കേണ്ടിടത്ത് ഇരുന്നാൽ മതി എന്ന ഭാഷയിൽ ഒരാളെ ചവുട്ടി താഴ്ത്തിക്കൊണ്ട് അയാളുടെ ആത്മവിശ്വാസം തകർക്കും പലരും. ഇങ്ങനെ പറയുന്നവർ മിക്കപ്പോഴും സ്വന്തം ജീവിതത്തെപ്പറ്റി അപകർഷത ഉള്ളവരായിരിക്കും. ഇങ്ങനെ ഉള്ളവർ തന്നെയാണ് ആൾക്കൂട്ടവിചാരണ നടത്തുന്നതും എന്നു നേരത്തേ പറഞ്ഞല്ലോ.
1997 ലെ "ഗുരു" സിനിമയിലെ അവസാന രംഗം ഇവിടെ പരാമർശിക്കേണ്ട ഒന്നാണ് . ദുർഭരണം നടത്തിയിരുന്ന രാജാവിനെതിരെ തിരിഞ്ഞു കൊണ്ട് " ഈ രാജാവിന്റെ രക്തമാണ് ഞങ്ങൾക്ക് വേണ്ടത്" എന്നു ആക്രോശിച്ച് , പൊതുവെ സമാധാനപ്രിയനായ രമണകൻ എന്ന കഥാപാത്രം രോഷം കൊള്ളുമ്പോൾ, 'രഘുരാമൻ' എന്ന നായകകഥാപാത്രം അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നു. അതോടെയാണ് ആൾക്കൂട്ടത്തിന്റെ കോപം അടങ്ങുന്നത്. എല്ലാക്കാലത്തെയ്ക്കും പ്രസക്തമായ ഒരു വാചകമാണ് അപ്പോൾ രഘുരാമൻ പറയുന്നത് ."നിങ്ങളും ഞാനും ഈ രാജാവുമെല്ലാം യുഗയുഗാന്തരങ്ങളായി ഉൾക്കാഴ്ച നഷ്ടപ്പെട്ട മാനവരാശിയുടെ പ്രതീകങ്ങൾ മാത്രമാണ്." എന്നാണത്. പുറമേയ്ക്കു മധുരമുള്ള ഇലാമാ പഴങ്ങൾ പോലെ സമൂഹത്തിൽ ശെരി എന്നു കരുതി നാം രുചിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിനുള്ളിലെ മറഞ്ഞു കിടക്കുന്ന സത്യങ്ങൾ മനസിലാക്കിയവർ ആദ്യം കല്ലെറിയപ്പെടുകയും ഭ്രാന്തനെന്ന് മുദ്ര കുത്തപ്പെടുകയും ചെയ്യും. പക്ഷേ കയ്പുള്ള വിത്തിന്റെ ഗുണവും സത്യവും അതു രുചിച്ചവന് മാത്രമേ മനസിലാകൂ. കല്ലെറിയാതെ അതു ഉൾക്കൊള്ളാനോ അതു പറഞ്ഞു മനസിലാക്കുന്നവരെ അംഗീകരിക്കാനോ മാത്രമേ നമ്മൾ മനസു വയ്ക്കേണ്ടതുള്ളൂ. ഇവിടെ രഘുരാമൻ ഒരു ന്യൂനപക്ഷ അഭിപ്രായക്കാരനും സത്യം മനസിലാക്കിയവനുമായിരുന്നു. ഭൂരിപക്ഷത്തെ തന്നോടൊപ്പം ശെരിയായ രീതിയിൽ കൊണ്ട് വരാൻ കഥാപാത്രത്തിന് കഴിയുന്നു. അവരുടെ ശക്തിയിൽ ദുഷ്ടനായ രാജാവും മനസാന്തരപ്പെടുകയാണ് . ഇവിടെ നാം കണ്ടത് ആൾക്കൂട്ടമനോഭാവത്തിന്റെ നല്ല ഫലമാണ്. ഇതാണ് ആൾകൂട്ടമനോഭാവത്തിന്റെ പ്രത്യേകതയും. അതിന് ശെരിയിലേയ്ക്കും തെറ്റിലേയ്ക്കും ഒരേ ദൂരമാണുള്ളത്.
ആരെങ്കിലും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുമ്പോൾ കടന്നാക്രമിക്കാതെ സമാധാനമായി അതിനെപ്പറ്റി ചിന്തിക്കാൻ ആണ് സമൂഹം പഠിക്കേണ്ടത്. ഒരു പക്ഷേ ആ ന്യൂനപക്ഷ അഭിപ്രായമാണെങ്കിലോ നൈതികമായ ശെരി, എന്ന ചിന്ത മനസിൽ എപ്പോഴും ഉണ്ടാകണം. തുറന്ന മനസ്സോടെ ജീവിക്കുന്ന മനുഷ്യനും സമൂഹത്തിനും മാത്രമേ സത്യത്തിൽ വികസനമുള്ളൂ. ഇല്ലെങ്കിൽ ഒരു കൂട്ടം പൊള്ളയായവരെ കൊണ്ട് നിറഞ്ഞ, അധഃപതനത്തിലേയ്ക്കു പതിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹമാവാനേ നമുക്ക് കഴിയൂ.
ആക്രമിക്കപ്പെടുന്നവർ സാമൂഹ്യമാധ്യമങ്ങളിൽ ആണെങ്കിലും നേരിട്ട് ആണെങ്കിലും അങ്ങേയറ്റം സംഘർഷാവസ്ഥയിലൂടെ കടന്നു പോകും. അതു രണ്ടും നേരിട്ട ഒരു വ്യക്തിയാണ് ഞാൻ. എനിയ്ക്ക് ശെരി എന്നു തോന്നുന്ന ഒന്ന് ചെയ്തതിനായിരുന്നു ആ തേജോവധം. ആൾകൂട്ടമനോഭാവം ഉൾക്കൊണ്ടു അന്ധരായ ആട്ടിൻപ്പറ്റം രണ്ടിടങ്ങളിലും എന്നേ ശ്വാസം മുട്ടിച്ചിട്ടുണ്ട്. നല്ലവരുടെ മൗനം എന്നെ വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ അപ്രതീക്ഷിതമായി എനിയ്ക്ക് വേണ്ടി വാദിച്ചവർ എന്നേ അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്.
മധുവിന്റെ കാര്യത്തിലേയ്ക്ക് തന്നെ മടങ്ങി വരാം. ഭക്ഷണം മോഷ്ടിച്ചെന്നു ആരോപിക്കപ്പെട്ടായിരുന്നല്ലോ മർദനം. പട്ടിണി കിടക്കുന്നവന്റെ വിശപ്പടക്കുന്നത് മരണമാകണമെന്നു മനുഷ്യൻ ഉറക്കെ വിളിച്ചു പറഞ്ഞതായാണ് തോന്നിയത്. നമ്മളിൽ പലരും ആ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. എന്നിട്ടും നമ്മളിൽ പലരെയും മധു ഇപ്പോഴും വേട്ടയാടുന്നു. നമ്മളെല്ലാം ആ കൂട്ടത്തിൽ നിന്ന് തെറ്റ് ചെയ്‌തുവെന്ന് തോന്നിപ്പോകുന്നു. എന്നിട്ടും പിന്നെയും പിന്നെയും ആൾകൂട്ടവിചാരണയും കൊലപാതകങ്ങളും നടക്കുന്നു. ഞാൻ അതിൽ ഇല്ലല്ലോ എന്നാവും നമ്മളിൽ പലരും ചിന്തിക്കുന്നത്. സത്യത്തിൽ ഇതു സർവസാധാരണമായി നടക്കുന്ന സമൂഹമാധ്യമങ്ങളിൽ നാം ഒരു തവണയെങ്കിലും ഒരു ആൾകൂട്ടത്തിന്റെ ഭാഗമായിട്ടുണ്ടാവാം. അന്ധരായ ആട്ടിൻപ്പറ്റമായോ, ഇടപെടാത്ത കാഴ്ചക്കാരായോ. നാം ബോധപൂർവം അതറിയുന്നില്ലെന്നു മാത്രം. ഈ തിരിച്ചറിവിൽ നിന്നാണ് ആൾക്കൂട്ടമനോഭാവത്തിന്റെ കെണിയിൽ വീണു പോകാതെയും സ്വാർത്ഥരായ കാഴ്ചക്കാരായി പോവാതെയും നാം ശ്രദ്ധിക്കേണ്ടത്. കാരണം രണ്ടു സന്ദർഭങ്ങളിലും നാം തെറ്റുകാരാവുകയാണ്. ആൾകൂട്ടമനോവം പേറി അന്ധരായി ആരേയും കടന്നാക്രമിക്കാതെ ഇരിക്കാനും, മൗനം പാലിക്കുന്ന ബഹുഭൂരിപക്ഷമാവാതെ ഇരിക്കാനും നമ്മൾ ബോധപൂർവം തന്നെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
നമ്മളെല്ലാം പലപ്പോഴായി അറിഞ്ഞോ അറിയാതെയോ തെറ്റിന്റെ ഒഴുക്കിൽ പെട്ടു ഇരയെ ആക്രമിക്കുകയോ രക്ഷിക്കാതെ ഇരിക്കുകയോ ചെയ്തിട്ടുണ്ട് . പക്ഷേ നമ്മളിൽ ഓരോ ആളും എന്നു വേണമെങ്കിലും ഇരയാക്കപ്പെടാം. അതു കൊണ്ട് ഉൾകാഴ്ചയില്ലാത്തവർ നയിക്കുമ്പോൾ അന്ധരായ ആട്ടിൻപറ്റമാകാതെ,കണ്ണുകൾ തുറന്നു മാത്രം മുന്നിലേയ്ക്ക് പോകുന്നവർ ആവാനും, അങ്ങനെ ചിലർ തെറ്റായ ദിശയിൽ പോകുമ്പോൾ, മൗനമായിരിക്കുന്ന കാവൽ മൃഗങ്ങളാകാതെ ഇരിക്കാനും നമുക്ക് കഴിയണം .
തെറ്റുകളിലേയ്ക്കും ശെരികളിലേയ്ക്കും ഒരേ ദൂരമുള്ള ആൾക്കൂട്ടമനോഭാവം നമുക്ക് ശെരികളിലേയ്ക്ക് തന്നെ തിരിച്ചു വിടാം.
No comments:
Post a Comment