Powered By Blogger

Friday, November 6, 2020

സർഗാത്മകതയിലെ നഗ്നതയും വ്രണപ്പെടുന്ന കപടസദാചാരവും


ഈയിടെ കാണാനിടയായ ഒരു  വാർത്തയാണ് ഈ എഴുതുന്നതിന് അടിസ്ഥാനം. മൊറോക്കൻ നഗരമായ മെഹ്ദിയയിൽ ജനങ്ങളുടെ ആവശ്യാനുസരണം നഗരമധ്യത്തിൽ ഉണ്ടായിരുന്ന ഒരു  പ്രതിമ നീക്കം  ചെയ്തു എന്നതായിരുന്നു വാർത്ത. രണ്ടു മത്സ്യങ്ങൾ കുതിച്ചു  ചാടുന്ന ഒരു കൂറ്റൻ പ്രതിമയായിരുന്നു അത്. അതു  നീക്കാനുള്ള കാരണമോ, മത്സ്യങ്ങൾക്കു  പുരുഷലിംഗവുമായി സാമ്യം തോന്നുന്നതിനാൽ, അതു ലൈംഗികച്ചുവയുള്ളതാണ് ( അശ്ലീലം എന്ന വിശേഷണത്തിൽ ഞാൻ വിശ്വസിക്കുന്നില്ല) എന്നതായിരുന്നു. മനുഷ്യസഹജമായ ആകാംക്ഷ കൊണ്ട് ഞാൻ  ആ പ്രതിമയുടെ ചിത്രം വിശദമായി ഒന്ന് നോക്കി. ഏറെ നോക്കിയതിന് ശേഷമാണ് ഒരു പുരുഷലിംഗം കണ്ടു പിടിക്കാനായത് . അതിനു  വേണ്ടി എന്റെ  തലച്ചോറിനോട് 'ഇനിയും സൂക്ഷിച്ചു നോക്കൂ' എന്നു ആവർത്തിച്ചു പറയേണ്ടി വന്നു എന്നതാണ് സത്യം. ഒരു നിമിഷം ആ കലാകാരന്റെ മനോവേദന ഓർത്തു പോയി. ഒന്നിനെ മറ്റൊന്നായി വ്യാഖ്യാനിക്കപ്പെട്ട് അവഹേളിതനായി  എന്നു  മാത്രമല്ല, അതിൽ എന്തെങ്കിലും മാറ്റം കൊണ്ട്  വരാൻ ( അതിനു  സാധ്യമാണെങ്കിൽ ) അതിന് അദേഹത്തിനെ അനുവദിച്ചതുമില്ല എന്നതും പരിതാപകരമായി  തോന്നി. ഈ ചിന്തയ്ക്കു ശേഷം ഓർത്തത് അതിൽ  ലൈംഗികച്ചുവ കണ്ടെത്തിയ  പൊതുജനത്തിന്റെ  മനസ്ഥിതിയെക്കുറിച്ചാണ്. മൊറോക്കൻ ജനതയിലൂടെ ഞാൻ കണ്ടത് ഇന്ത്യൻ ജനതയെ തന്നെയായിരുന്നു. ആ ശില്പം ലിംഗം പ്രദർശിപ്പിക്കപ്പെട്ട ഒരു നഗ്നശില്പം ആയിരുന്നെങ്കിൽ കൂടി അതു മാറ്റേണ്ട ആവശ്യമില്ലായിരുന്നു  എന്നാണ് എനിക്ക്  തോന്നിയത്. ഈ ചിന്ത മനസിലൂടെ  കടന്നു  പോയപ്പോഴാണ് പഴയ ഒരു  സംഭവം പെട്ടെന്നു ഓർമ വന്നത്. 2010 ലാണ് പ്രസ്തുത നാടകം അരങ്ങേറിയത്. എറണാകുളത്തെ പ്രശസ്തമായ കുസാറ്റ് ( CUSAT) ക്യാമ്പസിലെ   പൂന്തോട്ടത്തിൽ ഏകദേശം ഇരുപത്  വർഷങ്ങളോളമായി ഭംഗിയോടെ  നില നിന്നിരുന്ന, ചെടികളാൽ  രൂപകല്പന ചെയ്‌ത ഒരു നഗ്നശില്പമുണ്ടായിരുന്നു. പ്രശസ്ത ശില്പിയായ ശ്രീ കാനായി  കുഞ്ഞിരാമന്റെ തിരുവനന്തപുരം ശംഖുമുഖത്തെ സാഗരകന്യക പ്രതിമയിൽ നിന്നും  പ്രചോദനം ഉൾക്കൊണ്ടു ക്യാമ്പസിലെ ഉദ്യാനപാലകനായ വർഗ്ഗീസ് എന്ന വ്യക്തി വർഷങ്ങളുടെ  പരിശ്രമം കൊണ്ട് പരിപാലിച്ചു  പോന്നിരുന്ന ഒരു  കലാസൃഷ്ടിയായിരുന്നു അത്. സുന്ദരിയായ ഒരു നഗ്നയക്ഷി. പെട്ടെന്നു ഒരു  ദിവസം അവളുടെ നഗ്നത അവിടെ ജോലി  ചെയ്തിരുന്ന സ്ത്രീകൾ അടക്കമുള്ള ചിലരുടെ വികാരം വ്രണപ്പെടുത്തുന്നു എന്നൊരു വാദമുണ്ടാവുകയാണ്. അതിന്റെ പേരിൽ അവർ രജിസ്ട്രാറിന് പരാതി ബോധിപ്പിച്ചു. അതിലൊരു പരാതി കുസാറ്റ് വിമൻസ് വെൽഫെയർ അസോസിയേഷനിൽ നിന്നായിരുന്നു. കുസാറ്റ് പ്രോ വി സിയുടെ  അഭിപ്രായവും ആ രൂപം ഒരു  വിദ്യാഭ്യാസസ്ഥാപനതിന് ചേർന്നതല്ല എന്നായിരുന്നു! പിന്നീട് അത്  അവിടെ നിന്നും  നീക്കം  ചെയ്യാനുള്ള ആഹ്വാനമായി. എന്നാൽ  കലാസ്നേഹികളായ ക്യാമ്പസിലെ ചിലർ ഈ നീക്കത്തെ എതിർത്തു കൊണ്ട് , കറുത്ത ബാഡ്ജ് ധരിച്ചു പ്രധിഷേധിച്ചു. അങ്ങനെ പരാതികളും  പ്രതിഷേധവുമായി  പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് നമ്മുടെ  ഇതിഹാസ സംഭവങ്ങളെ  അനുസ്മരിപ്പിക്കുന്ന ആ അറ്റ കൈ പ്രയോഗം  ഉണ്ടാവുന്നത്. ഒരു ദിവസം രാവിലെ നോക്കുമ്പോൾ യക്ഷിയുടെ മുല മുറിച്ചിരിക്കുന്നു !! ഒരു കൂട്ടം കപട സദാചാരക്കാർ ചേർന്നു തലേന്ന് രാത്രിയിൽ ചെയ്ത ക്രൂരത. ഭംഗിയിൽ നില നിന്നിരുന്ന ആ രൂപത്തിന്റെ  അംഗഭംഗം അങ്ങേയറ്റം പരിതാപകരമായിരുന്നു. ശ്രീ  കാനായി  കുഞ്ഞിരാമൻ തന്നെ സംഭവത്തിൽ  തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും , മലമ്പുഴ യക്ഷിയുടെ നിർമാണ ഘട്ടത്തിൽ താൻ  നേരിട്ട  എതിർപ്പുകളെയും  അക്രമങ്ങളെയും  കുറിച്ച് പരാമർശിക്കുകയുമുണ്ടായി. സംഭവത്തിനു മാധ്യമശ്രദ്ധ നേടിയപ്പോൾ കോളേജ് അധികൃതർ അതിനെ പരിഷ്കരിക്കാം എന്ന നിലപാടാണ് എടുത്തത്. എന്നാൽ കുറച്ചു  നാളുകൾക്ക് ശേഷം ഉദ്യാനപാലകനെ  സ്ഥലം  മാറ്റുകയും രൂപം തീർത്തിരുന്ന ചെടികൾ അപ്പാടെ നീക്കം ചെയ്യുകയുമാണുണ്ടായത്. പഴയ  ഭംഗിയിൽ  ഇന്ന് ആ പൂന്തോട്ടമില്ല എന്നാണ് അറിയുന്നത്. സോഷ്യൽ മീഡിയ അത്ര  കണ്ടു  ശക്തി പ്രാപിക്കാതിരുന്ന ഒരു  കാലമായിരുന്നത് കൊണ്ടും ചാനൽ ടി ർ പി യുദ്ധങ്ങൾ ഇന്നത്തത്രയും  കനക്കാത്തതുമെല്ലാം കൂടി  കൊണ്ടാവാം കുറച്ചു കലാസ്നേഹികളും കലാകാരൻമാരും  പ്രതിഷേധിക്കുകയും പരാമർശിക്കുകയും ചെയ്തതൊഴികെ  ഈ  സംഭവം  പെട്ടെന്നു  തന്നെ കെട്ടടങ്ങുകയാണ് ഉണ്ടായത്. അങ്ങനെ കപടസദാചാരക്കാരുടെ  'ബാധ ഒഴിപ്പിക്കൽ' വിജയകരമായി കലാശിച്ചു എന്നു വേണം കരുതാൻ. എങ്കിലും ഇരുപതു  വർഷത്തോളം ആ ക്യാമ്പസിൽ ജോലി ചെയ്യുകയും പഠിച്ചിറങ്ങുകയും ചെയ്ത അനേകം ആളുകൾക്ക്  അക്കാലമത്രയും  തോന്നാത്ത എന്തു പ്രശ്നമാണ് ആ ചെറിയ കാലയളവിൽ ഉണ്ടായത്?? പഠനവിഷയമാക്കേണ്ട ഒരു  പ്രതിഭാസം . യഥാർത്ഥത്തിൽ എന്താണ് നമ്മൾ ഇവിടെ കണ്ടത്.? മുല മുറിച്ചത് നിസ്സംശയമായും ഒരു  സ്വഭാവവൈകൃതമാണ്. മനസ്സിന്റെ കുഷ്ഠരോഗം. നഗ്നത കണ്ടാൽ അറയ്‌ക്കുകയും ചുളുങ്ങുകയും ലജ്ജിക്കുകയും ചെയ്യുന്നത് എന്തിനാണെന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ഒരു കലാസൃഷ്ടിയിൽ. ഇതിലെ യഥാർത്ഥ പ്രശ്നം എന്താന്നെന്നു  വച്ചാൽ  ഇവിടെ കലാബോധം  ഇല്ലായ്ക, കലാസൃഷ്ടിയുടെ  നഷ്ടം എന്നതിലുമെല്ലാം  ഉപരി മറ്റൊരു  മനോരോഗം ഒളിഞ്ഞു കിടക്കുന്നു  എന്നതാണ്. വാസ്തവത്തിൽ മുല മുറിയ്ക്കപ്പെട്ട  ആ രൂപം  ഓരോ സ്ത്രീയുടെയും  പ്രാതിനിധ്യമാണ്. സ്ത്രീകൾ ആരും പൂർണനഗ്നരായി പൊതു ഇടങ്ങളിൽ  ഇറങ്ങി നടക്കാൻ പോകുന്നില്ല. എന്നിരുന്നാലും സ്ത്രീയുടെ  ഏതെങ്കിലും  ശരീരഭാഗങ്ങൾ വെളിപ്പെട്ടാൽ അപ്പോൾ ചിലരുടെ വികാരം വ്രണപ്പെടുകയായി. ഉടനെ അവളെ വേശ്യാവൽക്കരണമായി. ഏതെങ്കിലും സ്ത്രീയ്ക്ക് അപകടം പിണയുമ്പോൾ ഉപദേശങ്ങളായി. സ്ത്രീകൾക്ക്  നേരെ  ലൈംഗിക അതിക്രമങ്ങൾ ഉണ്ടാകുന്നത്  വസ്ത്രധാരണം മൂലമാണെന്നു പറയുന്നവരുടെ  വികാരങ്ങളാണ് നഗ്നശിൽപങ്ങൾ കാണുമ്പോഴും വ്രണപ്പെടുന്നത്. കാരണം  അവർക്ക്  മാത്രമേ സാധാരണ മനുഷ്യർക്കില്ലാത്ത അനിയന്ത്രിതമായ തോതിൽ  ലൈംഗിക ഉണർവുണ്ടാകുന്നുള്ളൂ . അതായത് ചുരുക്കം ചിലർക്ക് ഉള്ള ഒരു  തരം ലൈംഗിക വൈകൃതം. പക്ഷേ അതിനു അവർ ചുറ്റുമുള്ളവരെ പഴി ചാരുന്നു.  അതിന്റെ  പേരിലുള്ള അതിക്രമങ്ങളോ, ഭ്രാന്തുള്ളവരുടെ ഭയാനകസങ്കൽപങ്ങൾക്കു  ഭ്രാന്തർക്ക് പകരം ചുറ്റുമുള്ളവരെ ചികിൽസിക്കുന്നതിന് തുല്യവും.

സിനിമകളിലെ നഗ്നത സാധാരണയായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. എന്നാൽ മറ്റു കലാമേഖലകളിലെ നഗ്നതയും അവയ്‌ക്ക് ഏൽക്കുന്ന ക്ഷതങ്ങളും പലപ്പോഴും അവഗണിക്കപ്പെടുന്നു. അങ്ങനെ ചിലതിനെ കുറിച്ചാണ് ഇവിടെ എഴുതുന്നത്. ഇന്ത്യയിൽ നഗ്നത ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ഒരു വിധം എല്ലാ കലാമേഖലകളിലും തന്നെ ഒപ്പം വിവാദങ്ങൾ  ഉണ്ടായിട്ടുണ്ട്. ഉണ്ടാകുന്നുണ്ട്. യോനിയും  ലിംഗവും ശക്തിയും  ശിവനുമായി  കണ്ടു ആരാധിക്കുകയും,  പുരാതന ക്ഷേത്രങ്ങളിൽ നഗ്നശില്പങ്ങളും ലൈംഗികതയും സ്പഷ്ടമായി തന്നെ കൊത്തുപണികൾ ചെയ്ത്  വച്ചിരിക്കുകയും ചെയ്തിരിക്കുന്ന ഒരു രാജ്യത്താണ് ഈ  അസഹിഷ്ണുത എന്നതാണ് ഏറ്റവും  വലിയ വിരോധാഭാസം. ബ്രിട്ടീഷ്, മുഘൾ കടന്നു കയറ്റത്തിന് മുന്പേ തന്നെ നിലനിന്നിരുന്നവയാണ് ഇവ. ക്ഷേത്രങ്ങളിലെ  നഗ്നതയുടെയും ലൈംഗികതയുടെയും ശില്പങ്ങൾക്ക്  അനേകം പ്രതീകാത്മകമായ  അർത്ഥതലങ്ങൾ  ഉണ്ടെന്നു  മനസിലാക്കാതെ ഇതു കണ്ട ബ്രിട്ടീഷുകാർക്ക് ഇവ അപരിഷ്കൃതവും കിരാതവുമായാണ്  മനസിലാക്കാനായത്. നിർഭാഗ്യവശാൽ, ഇന്നും  അന്ധമായി അതേ അധിനിവേശശക്തികൾ ബാക്കി  വച്ചു പോയ  പോള്ളത്തരങ്ങളിൽ വിശ്വസിച്ചു, അതിനെ പിന്തുടരാനാണു പല ഇന്ത്യക്കാർക്കുമിഷ്ടം. രസരകരമായ കാര്യമെന്താണെന്ന് വച്ചാൽ ബ്രിട്ടീഷുകാർ പോലും  ഇങ്ങനെ  ഒരു  ചിന്താഗതി ഇന്ത്യയിൽ ഇന്നുള്ളത്, അവർ  തുടങ്ങി വച്ചതിന്റെ  പരിണിതഫലം ആണെന്ന് അറിയുന്നുണ്ടാവില്ല എന്നതാണ്. കാരണം അവർക്കു ഇന്നു ഈ പുരാതന കലാസൃഷ്ടികളോട് ഒരു  മോശം മനോഭാവം ഇല്ല എന്നത് തന്നെ. മറിച്ച് അവർ അതിനെപ്പറ്റി പഠിക്കുകയും വിശകലനം നടത്തുകയും  ചെയ്യുന്നു.

പുരുഷലിംഗത്തെ പ്രത്യുല്പാദനശേഷിയുടെ ചിഹ്നമായി( fertility symbol) തന്നെ കണ്ട്,  ശിൽപ്ങ്ങൾ തീർത്ത്  പുരാതനകാലത്ത് ആരാധിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു  രീതി ഉണ്ടായിരുന്നതിന്റെ  തെളിവുകൾ ഗ്രീസ്,തായ്‌ലൻഡ്, ജപ്പാൻ, ഈജിപ്റ്റ്, കൊറിയാ, ഇൻഡോനേഷ്യ തുടങ്ങി പല പുരാതന സംസ്കാരങ്ങൾ  നിലനിന്നിടങ്ങളിലും ഇന്നും കാണാം. ശിലായുഗം മുതൽക്കേ ഇങ്ങനെ ആരാധിക്കപ്പെട്ടിരുന്നതിന്റെ തെളിവുകൾ  അവശേഷിക്കുന്നുണ്ട്. ആരാധനയ്‌ക്കോ അല്ലാതെയോ ലിംഗത്തിന്റെ അകൃതിയും  സാമ്യവുമുള്ള വാസ്തു സൃഷ്ടികളെപ്പറ്റി പഠിക്കുന്ന ഫാലിക് ആർക്കിടെക്ചർ (phallic architecture) എന്ന പഠനശാഖയുമുണ്ട്. 

നഗ്നമായ വാസ്തുസൃഷ്ടികളുടെ പേരിൽ  മാത്രമല്ല ഇന്ത്യയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത്. രാജ്യത്തെ പരമോന്നതമായ അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള ആദരണീയനായ ചിത്രകാരൻ ശ്രീ എം എഫ് ഹുസൈൻ തൊണ്ണൂറുകളുടെ തുടക്കം മുതലാണ്  വിവാദങ്ങൾക്ക് ഇരയാകാൻ തുടങ്ങിയത്. അദ്ദേഹം വരച്ച നഗ്നമായ ഹിന്ദു ദൈവങ്ങളുടെ  പെയിന്റിങ്ങുകൾ ആയിരുന്നു അതിനു കാരണം. ഹിന്ദു  ദൈവങ്ങളെ നഗ്നമായി ചിത്രീകരിച്ച അദ്ദേഹം  മുസ്‌ലിം  ദൈവത്തെ അങ്ങനെ  ചിത്രീകരിച്ചിട്ടില്ല എന്നത് വഴി ഹിന്ദു  മത വികാരം വ്രണപ്പെടുത്തുന്നതിന് വേണ്ടി മനഃപൂർവം ശ്രമിക്കുന്നു എന്നതായിരുന്നു ആരോപണം. അതേ സമയം  അദ്ദേഹത്തിന്റെ ഗാന്ധി, ഐൻസ്റ്റീൻ, കാൾ മാർക്സ്,ഹിറ്റ്ലർ എന്നിവരേ ഉൾപ്പെടുത്തിക്കൊണ്ടുള്ള പെയിന്റ്റിംഗിൽ ഹിറ്റ്ലർ നഗ്നനായിരുന്നു. ഹിറ്റ്ലറിനോടുള്ള അവജ്ഞയാണ് അതിനു കാരണം എന്ന്  അദ്ദേഹം പറഞ്ഞപ്പോൾ അത്  ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളിലെ നഗ്‌നതയുമായി താരതമ്യം ചെയ്യപ്പെടുകയും, അദ്ദേഹം ഹിന്ദു ദൈവങ്ങളെ അവഹേളിച്ചത്  തന്നെയെന്നു മത മൗലികവാദികൾ  വാദിക്കയും ചെയ്തു. അത്ഭുതമൊന്നുമില്ല. എല്ലാ ചുംബനവും ആലിംഗനവും സ്പർശവും ഒരേ അർത്ഥത്തിൽ കണ്ടവരുടെ  കുഷ്ഠം തന്നെയാണ് പിന്നെയും പ്രകടമായത്.  2006ൽ അദേഹത്തിന്റെ  ഭാരതമാതാ എന്ന പെയിന്റ്റിങ്ങിന്റെ പേരിൽ വലിയ വിവാദങ്ങളാണ് ഉണ്ടായത്.അതിലും നഗ്നത തന്നെയായിരുന്നു  പ്രകോപനകാരണം. ഈ ഘട്ടത്തിൽ അദേഹത്തിന് തന്റെ  സുരക്ഷയെ കരുതി രാജ്യം വിട്ടു പോകേണ്ടി വരികയും തുടർന്നു മരണം വരെ വിദേശത്ത് താമസിക്കേണ്ടി വരികയുമാണ് ഉണ്ടായത്. ചുരുക്കത്തിൽ, അദ്ദേഹത്തെയും  അദേഹത്തിന്റെ കലാസൃഷ്ടികളെയും രാഷ്ട്രീയതാല്പര്യങ്ങൾക്കായി ചിലർ  ഉപയോഗിച്ചു. നിർഭാഗ്യവശാൽ അദ്ദേഹം  ഒരു മുസ്ലിം കൂടിയായിപ്പോയി. മതവിദ്വേഷവും  കപടസദാചാരവും  കൂടിച്ചേർന്ന ഒരു  കൊടും വിഷം അദേഹത്തിന്റെ കലയുടെ മാധുര്യത്തെ  രുചിക്കുന്നതിന് പലർക്കും തടസ്സം നിന്നു. കലാസ്വാദകർ  ഇന്നും  അദേഹത്തിന്റെ സൃഷ്ടികളെ അത്ഭുതത്തോടെ നോക്കിക്കാണുന്നു. നാട്  കടത്തപ്പെട്ട വേദന അദേഹത്തിന് അന്ത്യകാലത്ത്  ഉണ്ടായിരുന്നിരിക്കുമോ  എന്ന ചിന്ത ചില കലാസ്നേഹികളെ എങ്കിലും അലട്ടുന്നുണ്ട്.

2018ൽ  ആധുനിക ഇന്ത്യൻ ചിത്രകലയുടെ പിതാവായ രാജാ രവി വർമയുടെ  'തിലോത്തമ' എന്ന പെയിന്റിംഗ് ന്യൂ യോർക്കിൽ അഞ്ചു കോടി രൂപയ്ക്ക് ലേലത്തിൽ വിൽക്കപ്പെട്ടു. 1896 ൽ വരയ്ക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ പെയിന്റിംഗ് ഇത്രയധികം വര്ഷങ്ങൾക്ക് ശേഷം കലാസ്നേഹികൾ അല്ലാത്ത കുറെ  കപടസദാചാരക്കാരുടെ കണ്ണിൽപ്പെട്ടത് ഈ വാർത്തയോട് കൂടിയാണ്. അരയ്ക്ക്  താഴേയ്ക്കു മാത്രം മറയ്ക്കപ്പെട്ട നഗ്നവും മനോഹരവുമായ ശരീരമുള്ള തിലോത്തമയുടെ മാറിടങ്ങളാണ് പ്രകോപനമുണ്ടാക്കിയത്. ഇന്ത്യൻ സ്ത്രീകളെയും  സംസ്കാരത്തെയും മോശമായി ചിത്രീകരിച്ചു എന്ന വൈകൃതസ്വരങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. എന്നാൽ അദ്ദേഹവും എം എഫ് ഹുസൈനെപോലെ  ജീവിച്ചിരുന്ന കാലത്ത് തന്നെ അദേഹത്തിന്റെ പെയിന്റിംഗുകളുടെ പേരിൽ കുറ്റാരോപിതനായിട്ടുള്ളതാണ്. നഗ്നശരീരമുള്ള രംഭ, ഉർവശി അപ്സരസ്സുകളും, സ്ത്രീകളും ഒരു  കാരണം. അതിനോടൊപ്പം തന്നെ ഹിന്ദു ദേവികളെ വരച്ചു എന്നത് മറ്റൊന്നും. ഹിന്ദു  മത വികാരം വ്രണപ്പെടുത്തുന്നു എന്ന കാരണത്താൽ അദേഹത്തിന് എതിരെ അക്കാലത്തു ബോംബെ ഹൈ കോടതിയിൽ കേസുകൾ  ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ തന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടി അദ്ദേഹം പൊരുതി വിജയം നേടി. രസകരമായ വസ്തുത എന്താണെന്നു  വച്ചാൽ, എം എഫ് ഹുസൈന്റെ  പെയിന്റിംഗുകൾ ദൈവങ്ങൾക്ക് നഗ്നരൂപം കൊടുത്തു എന്നതിന്റെ  പേരിൽ ആയിരുന്നുവെങ്കിൽ, രവി  വർമ്മയുടെ പെയിന്റിംഗുകളിൽ ദൈവങ്ങൾക്ക് മനുഷ്യരൂപം കൊടുത്ത് നിസ്സാരവത്കരിച്ചു എന്ന പേരിലായിരുന്നു  വിവാദം എന്നതാണ്. അന്നു വരെ ഇന്ത്യയിൽ ഹിന്ദു ദൈവങ്ങൾക്കു നാം ഇന്നു  കാണുന്ന രൂപങ്ങൾ ഉണ്ടായിരുന്നില്ല. 1894 ൽ അദ്ദേഹം ദേവീദേവൻമാരുടെ  ചിത്രങ്ങൾ അച്ചടിക്കുവാൻ വേണ്ടി ഒരു പ്രെസ്സ് ( Lithographic press) തുടങ്ങി. പിന്നീട് അദേഹത്തിന്റെ ആരോഗ്യനില മോശമായ ഒരു ഘട്ടത്തിൽ അതു ഒരു  ജർമ്മൻ ടെക്നിഷ്യന് വിറ്റു. 1972ൽ ഈ  പ്രെസ്സിന് തീ പിടിച്ചു നശിക്കും  വരെ അതു പ്രവർത്തനക്ഷമമായിരുന്നു. ഇന്ന് ഇന്ത്യൻ ജനതയ്ക്ക്  ആരാധിക്കാനുള്ള മുഖങ്ങൾ ദൈവങ്ങൾക്ക് കൊടുത്തത് രാജാ രവി വർമ ആണ്. ക്ഷേത്രങ്ങളിലെ ശില്പങ്ങളിൽ  നിന്ന് ഏതൊരു  സാധാരണക്കാരന്റെയും  വീടുകളിലേക്കും പൂജാമുറികളിലേയ്ക്കും ദൈവങ്ങൾ അദേഹത്തിന്റെ ചിത്രങ്ങളിലൂടെ വരവേൽക്കപ്പെട്ടു. അദ്ദേഹത്തിന്റെ പ്രെസ്സിൽ ജോലി ചെയ്തിരുന്ന ദാദാ സാഹെബ്‌ ഫാൽകെ ആണ് പിന്നീട് ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന്  അറിയപ്പെട്ടത്. അദേഹത്തിന്റെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് രവി വർമ പെയിന്റിംഗുകളിലെ സ്ത്രീകളുടെ സ്വാധീനമുള്ളതായി കണക്കാക്കപ്പെടുന്നു. ഇന്ന് സിനിമാമേഖല ഇത്രയും വളർന്നിട്ടും നമ്മിൽ ചിലർ ഇപ്പോഴും  രവി വർമ്മ പെയിന്റിംഗുകളിലെ സ്ത്രീകളുടെ നഗ്നതയെ ഓർത്തു അസ്വസ്ഥതരാകുന്നു. 

ഈ വർഷം (2020) ഫെബ്രുവരിയിൽ പുദുച്ചേരിയിൽ നാഷണൽ സ്കൂൾ  ഓഫ് ഡ്രാമ സംഘടിപ്പിച്ച ഭാരത് രംഗ് മഹോത്സവ് രാജ്യാന്തര തീയറ്റർ ആഘോഷത്തിൽ  ഉണ്ടായ വിവാദം, അതിന്റെ ഭാഗമായി പ്രദർശിപ്പിക്കപ്പെട്ട കേരളത്തിൽ നിന്നുള്ള 'ഭാസ്കര പട്ടേലരും തൊമ്മിയുടെ  ജീവിതവും' എന്ന നാടകത്തെ ചൊല്ലിയായിരുന്നു. നാടകത്തിലെ പ്രധാന കഥാപാത്രമായ തൊമ്മിയുടെ നഗ്നതയാണ് പ്രശ്നമായത്. പോൾ സക്കറിയായുടെ 'ഭാസ്കര പട്ടേലരും എന്റെ  ജീവിതവും' എന്ന പേരിലുള്ള നോവെല്ലയെ  ആസ്പദമാക്കി ദേശീയ അവാർഡ് ജേതാവു  കൂടിയായ സുവീരനാണു നാടകം സംവിധാനം  ചെയ്തത്. ഇതേ കഥയാണ്  അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ എന്ന സിനിമയായതും. ക്രൂരനായ ജന്മിയുടെ കീഴിൽ പണിയെടുക്കുകയും അയാളുടെ  ഏതൊരു ആജ്ഞായും അനുസരിക്കുകയും ചെയ്യുന്ന ഒരു കീഴാളന്റെ  കഥയാണിത്. നാടകത്തിൽ പലപ്പോഴും അയാളുടെ വേഷം ഒരു കീറത്തോർത്തും. ഇടയിൽ ഈ കീറത്തോർത്ത്  അസ്ഥാനത്താവുമ്പോൾ വെളിപ്പെടുന്നതും അവസാന രംഗത്തിലെ നഗ്നതയും ആണ് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയെ ചൊടിപ്പിച്ചതും സംവിധായകന് നോട്ടീസ് അയയ്ക്കാൻ പ്രേരിപ്പിച്ചതും. ദാരിദ്ര്യവും കഥാപാത്രത്തിന്റെ ജീവിതത്തിലെ ഇല്ലായ്മകളും വരച്ചു കാണിക്കുന്ന ഒരു പ്രധാന ഘടകം ആയി ആ കീറത്തോർത്തിന് വലിയ സ്ഥാനം തന്നെയാണുള്ളത്. എന്നു  മാത്രമല്ല ജാതിവ്യവസ്ഥയും  അടിമത്തവും  മുറ്റു നിന്ന ഒരു കാലത്ത് കീഴാളർക്ക്‌ അവരുടെ നഗ്നതയും ആത്മാഭിമാനവും സംരക്ഷിക്കാൻ എത്രത്തോളം അവകാശം ഉണ്ടായിരുന്നു എന്നതിന്റെ ഒരു വരച്ചു കാട്ടലുമാണത്. കീഴ്ജാതിയിലെ സ്ത്രീകൾക്കു മാറു മറയ്ക്കാൻ അവകാശമില്ലാതിരുന്ന ഒരു  കാലത്തിനെ സംവിധായകൻ ആ കീറത്തോർത്തിലൂടെ വ്യക്തമായി തന്നെയാണ് കാണിച്ചു തരുന്നത്.ജാതിവ്യവസ്ഥയും ജന്മിത്തവും മുറ്റു നിന്നിരുന്ന ആ കറുത്ത കാലത്തേ ഇതിലും  നന്നായി ചിത്രീകരിക്കാൻ ആവുമെന്നു തോന്നുന്നില്ല. അങ്ങനെയിരിക്കെ ഇവിടെ നഗ്‌നത മറയ്ക്കണം എന്നു ശഠിക്കുന്നത് ചരിത്രസത്യത്തേ തന്നെ നിഷേധിക്കുന്നതിന് തുല്യമാണ്.

2015 ൽ ഇന്ത്യയിലെ ഗ്രാഫിക് നോവലിസ്റ്റ് ആയ ഒറിജിത് സെന്നിന്റെ പഞ്ചാബാൻ എന്ന പെയിന്റിംഗ്  ഫേസ്ബുക്ക്‌ ആദ്യം നീക്കം ചെയ്യുകയും പിന്നെ രണ്ടാമത് അനുവദിക്കുകയുമാണ് ചെയ്തത്. വസ്ത്രം മാറുന്ന ഇന്ത്യൻ വനിതയായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഫേസ്ബുക്കിന്റെ  കമ്മ്യൂണിറ്റി  ഗൈഡ്‌ലൈൻസ് പ്രകാരം ഫോട്ടോഗ്രാഫിയിലെ നഗ്‌നത( nude  photography) ഫേസ്ബുക്കിൽ പ്രദർശിപ്പിക്കാൻ പാടില്ലായിരുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ മുലക്കണ്ണുകൾ ഉള്ള ചിത്രങ്ങൾ. ഫേസ്ബുക്കിന്റെ ഈ  നിലപാടിനെതിരെ പുരുഷ ശരീരത്തിന്റെ മുലക്കണ്ണുകളുടെ ചിത്രങ്ങൾ വിവസ്ത്രരായി പിടിച്ചു കൊണ്ടാണ് മോഡലുകൾ  "വീ ദ് നിപ്പ്ൾ"(#Wethenipple ) എന്ന പേരിൽ 2019ൽ പ്രതിഷേധം നടത്തിയത്. 

ഇന്ത്യയ്ക്ക് പുറത്തും  സമാനമായ സംഭവങ്ങൾ അരങ്ങേറുന്നുണ്ടെന്നത് അത്ഭുതകരമാണ്. 2019 ൽ ജനീവയിലെ ഒരു ആർട്ട് മ്യൂസിയം തങ്ങളുടെ തുടങ്ങാനിരിക്കുന്ന ഒരു എക്‌സിബിഷന്റെ പ്രചാരണത്തിന്റെ ഭാഗമായി  അവരുടെ ഫേസ്ബുക് പേജിൽ ശില്പങ്ങളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുകയുണ്ടായി. അതിലെ അർദ്ധനഗ്നയായ വീനസിന്റെയും  മുട്ടു കുത്തി  നിൽക്കുന്ന ഒരു  നഗ്നപുരുഷന്റെയും  ശില്പങ്ങൾ, ഫേസ്ബുക് അവരുടെ പോളിസി പ്രകാരം, അതായത് വിദ്യാഭ്യാസപരമോ കലാപരമോ ആയ കാരണങ്ങൾക്ക് പോലും, ലൈംഗിക സ്വഭാവം ഇല്ലെങ്കിൽ  കൂടിയും, നഗ്നതാപ്രദർശനത്തിന് എതിരാണ് എന്ന കാരണത്താൽ, ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുന്നതിൽ നിന്നും അവരെ വിലക്കിയിരുന്നു.

നഗ്നതയുടെ കലാവിഷ്കാരത്തിന് എതിരേയുള്ള ഇത്തരം പ്രതിഷേധങ്ങൾക്കു വളരെയധികം കാലപ്പഴക്കമുണ്ട്. 1504ൽ സ്ഥാപിതമായ മൈക്കലാഞ്ജലോയുടെ ഡേവിഡ് എന്ന പ്രശസ്തമായ നഗ്നശില്പത്തെ അനാവരണം ചെയ്യപ്പെട്ടപ്പോൾ തന്നെ ,രാഷ്‌ട്രീയപരമായ കാരണങ്ങൾക്ക്  പുറമെ അതിന്റെ നഗ്നത കൊടുത്ത ആഘാതം  കൊണ്ട് കൂടി, കല്ലെറിഞ്ഞു കൊണ്ടാണ്  പൊതുജനം സ്വീകരിച്ചത്. 1527ൽ അതിനെ  ആക്രമിച്ച് ഇടത് കൈയ്ക്കും പിന്നീട് 1991 ൽ പീയേറോ എന്ന ഒരു കലാകാരൻ തന്നെ  ശില്പത്തിന്റെ ഒരു കാൽവിരലിനും കേടു വരുത്തുകയുണ്ടായി.

മധ്യകാലഘട്ടങ്ങളിലെ നഗ്നചിത്രങ്ങളിലും ശില്പങ്ങളിലും ഫിഗ് മരത്തിന്റെ ഇലകൾ കൊണ്ട് ലൈംഗികാവയവം മറച്ചിരിക്കുന്നതായാണ് ആവിഷ്കരിച്ചിരുന്നത്. അതു കൊണ്ട് തന്നെ 'ഡേവിഡ്' പ്രതിഷ്ഠിച്ചപ്പോൾ ചെമ്പിൽ തീർത്ത ഇലകൾ കൊണ്ട് ശില്പത്തിന്റെ നഗ്നത മറയ്ക്കപ്പെടുകയും അതു പതിനാറാം നൂറ്റാണ്ടിന്റെ പകുതി വരെ ശില്പത്തിനു മേൽ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.1541ളോടെ ഈ 'അശ്ലീലത നീക്കം ചെയ്യൽ'( censoring ) ഫിഗ് ലീഫ് കാംപെയ്ൻ ( Fig leaf campaign ) എന്ന പേരിൽ ഒരു പ്രചാരണമായിത്തീരുകയും ചെയ്തു. ശില്പങ്ങളുടെ  നഗ്നത മറയ്ക്കുന്നതിനു വേണ്ടി വലിയ തോതിൽ പ്ലാസ്റ്ററിൽ ഫിഗ് ഇലകളും  നിർമ്മിക്കപ്പെട്ടിരുന്നു.

2016 ൽ ഇറാനിയൻ പ്രസിഡന്റ് ഹസൻ റോഹാനി ഇറ്റലി സന്ദർശിച്ച വേളയിൽ അദ്ദേഹത്തിന് നീരസമുണ്ടാവാതെ ഇരിക്കാൻ ക്യാപിറ്റൊളൈൻ മ്യൂസിയത്തിലെ നഗ്നശില്പങ്ങൾ പെട്ടികൾ കൊണ്ട് മറയ്ക്കുകയുണ്ടായി. കൗതുകകരമായ ഈ സംഭവം ഏറെ മാധ്യമശ്രദ്ധയാകർഷിച്ചിരുന്നു.

ഏറ്റവും പുരോഗമന ചിന്താഗതിയുള്ള  സമൂഹമെന്നു കണക്കാക്കപ്പെടുന്ന അമേരിക്കയിലും ഇത്തരത്തിലുള്ള സംഭവങ്ങൾ  അരങ്ങേറിയിട്ടുണ്ട്. 2002 ൽ യു എസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് കെട്ടിടത്തിലുണ്ടായിരുന്ന സ്പിരിറ്റ്‌ ഓഫ് ജസ്റ്റിസ്( Spirit of justice )എന്ന നഗ്നപ്രതിമകൾ ആരോപണങ്ങളെത്തുടർന്നു കർട്ടനുകൾ കൊണ്ട് മറക്കപ്പെട്ടു. പിന്നീട് 2005 ലാണ് ഈ മറ നീക്കം ചെയ്തത്.  2004ൽ അമേരിക്കയിലെ  ടെന്നെസ്സീയിലെ ഒരു പൂന്തോട്ടത്തിലെ ചില സ്ത്രീ ശില്പങ്ങളുടെ  പേരിലും  ഇത്തരത്തിൽ അനാവശ്യ ആരോപണമുയരുകയും അവ തുണി  കൊണ്ട് മറയ്‌ക്കപ്പെടുകയും ചെയ്തു. സമാന്തരമായ സംഭവങ്ങൾ 1995ൽ അന്ന് ബ്രിട്ടീഷ് കോളനി ആയിരുന്ന ഹോങ് കോങ്ങിലും, 2005ൽ കാനഡയയിലും, 2012ൽ ചൈനയിലും ലോകത്ത് മറ്റു പലയിടങ്ങളിലും പല  കാലങ്ങളിലായി അരങ്ങേറിയിട്ടുണ്ട്.

ഇനി മറ്റൊരു രസകരമായ സംഗതി എന്തെന്നു കാണാം. എഴുത്തിലെ നഗ്നത. എഴുത്തിൽ പല  കാലങ്ങളിലും ലൈംഗികവർണന  വിമർശനങ്ങൾക്ക്    വഴിയൊരുക്കിയിട്ടുണ്ടെങ്കിലും നഗ്നത മാത്രം  കൊണ്ട്‌  പ്രകോപനം ഉണ്ടായിട്ടില്ല. നഗ്ന  ശില്പങ്ങളോടും ചിത്രങ്ങളോടുമുള്ളതിനോട്  വിപരീതമായ ഈ മനോഭാവത്തിന്  ഒരു അർത്ഥം മാത്രമാണുള്ളത്. കാഴ്ചയിൽ മാത്രമാണ് നഗ്നത പ്രശനം എന്നത് . അതിനു  കാരണമോ, കാഴ്ച്ചയിലെ നഗ്‌നത ലൈംഗികചിന്തയ്ക്ക് വഴിയൊരുക്കുന്നു എന്ന തെറ്റായ ധാരണയും. ഇത്‌ നമ്മെ മറ്റൊരു  കാര്യത്തെ വിശകലനം ചെയ്യാൻ പ്രേരിപ്പിക്കുന്നു. അന്ധരായാവർക്ക്  സാധാരണ ഗതിയിൽ  എങ്ങനെയാണ് ലൈംഗികഉണർവോ  ആകർഷണമോ ഉണ്ടാവുക എന്നത്.

കാഴ്ച്ചയിലെ നഗ്നതയും ലൈംഗികതയും തമ്മിലുള്ള ബന്ധം നോക്കാം. നഗ്നമായതോ അല്ലാത്തതോ ആയ കാഴ്ച്ച ലൈംഗികാകർഷണത്തിൽ ഒരു  പ്രധാന ഘടകം ആണെങ്കിലും  അതു  മാത്രമല്ല ഒരേയൊരു ഘടകം എന്നതാണ് വാസ്തവം. കാഴ്ച്ച പ്രധാന ഘടകം  ആയത് കൊണ്ടും  ബഹുഭൂരിപക്ഷം ആളുകൾക്കും  കാഴ്ചയുള്ളതിനാലും  മറ്റു ഘടകങ്ങളെപ്പറ്റി അല്ലെങ്കിൽ  അവയുടെ സ്വാധീനത്തെപ്പറ്റി ബോധപൂർവമായി മനസിലാക്കാൻ സാധിക്കാറില്ലെന്നു മാത്രം . അന്ധരായ ചിലരോട് അവർക്ക് ഒരു വ്യക്തിയിൽ  എന്തൊക്കെയാണ് ലൈംഗിക ആകർഷണമുണ്ടാക്കിയിട്ടുള്ളത് എന്ന ചോദ്യത്തിന് ഇഷ്ടപ്പെട്ട വ്യക്തിയുടെ വ്യക്തിത്വം, ശബ്ദം, സംസാരശൈലി, ഗന്ധം, പങ്കാളി  ധരിക്കുന്ന വസ്ത്രത്തിന്റെ തരം, ചെരുപ്പിന്റെ ശബ്ദം, ചർമത്തിന്റെ മാർദവം താങ്കളുടേതുമായി ചേരുന്ന സ്വഭാവസവിശേഷതകൾ, അങ്ങനെ പല കൗതുകകരവും  വ്യത്യസ്തവുമായ കാരണങ്ങൾ ഉണ്ട് എന്ന ഉത്തരമാണ് കിട്ടിയിട്ടുള്ളത്. അതായത്. നഗ്നതയ്ക്കും ലൈംഗികതയ്ക്കും ഇടയിൽ ഒരുപാട് ദൂരമുണ്ട് എന്നർത്ഥം. എത്ര വിചിത്രമെന്നു തോന്നുന്നുണ്ടല്ലേ.! 

എന്തു  കൊണ്ട് ഈ ദൂരം നാം അറിയാതെ പോയി? നഗ്‌നതയും  ലൈംഗികതയും  ഒന്നാണെന്ന ചിന്തയാണ് പ്രശ്നം. മുൻപ് പറഞ്ഞത് പോലെ,നഗ്‌നത  ലൈംഗികതയുടെ  ഒരു  ഘടകം മാത്രമാണ്.  ചിലപ്പോൾ  കാഴ്ച്ചയിലെ നഗ്നതയുടെ  അഭാവത്തിൽ പോലും  ലൈംഗിക ഉണർവ്  ഉണ്ടാവുകയും ചെയ്യാം. കാരണം ലൈംഗികതയ്ക്ക് പല ഘടകങ്ങൾ ഉണ്ട്. ഏറ്റവും ലൈംഗിക ആകർഷണം ഉണ്ട് എന്നു  നമുക്ക് തോന്നുന്ന ഒരു  pornstar പോലും വിവസ്ത്രയായിട്ടാണെങ്കിലും മരിച്ചത് പോലെ നമുക്ക് മുന്നിൽ ഭാവശൂന്യമായി ആണ്  കിടക്കുന്നതെങ്കിൽ നമുക്കു  പ്രത്യേകിച്ചു  ഒരു  വികാരവും തോന്നില്ല (ലൈംഗിക വൈകൃതങ്ങൾ ഉണ്ടെങ്കിൽ അല്ലാതെ) . ലൈംഗിക ഉത്തേജനം സങ്കീർണമായ ഒരു പ്രക്രിയ ആയത് കൊണ്ടാണത്. പക്ഷി മൃഗാദികൾക്കു  വസ്ത്രം ഇല്ലല്ലോ. എന്നിട്ടും  അവർ എപ്പോഴും ഇണ ചേരുന്നില്ല. പക്ഷേ അവർക്കു ഇണ ചേരാൻ സഹായിക്കുന്ന പാട്ട്, നൃത്തം എന്നൊക്കെയുള്ള, ഒരു പങ്കാളിയെ ആകർഷിക്കാനുള്ള ചില ക്രിയകൾ ( courtship rituals ) ഉണ്ട്. മനുഷ്യന്റെ  കാര്യത്തിൽ ഇതിനെ ബാഹ്യകേളികൾ (foreplay ) എന്നു  വേണമെങ്കിൽ പറയാം. പൂർണമായും താരതമ്യം ചെയ്യാൻ  കഴിയില്ലെങ്കിലും. ഒപ്പം വൈകാരികവും  മനഃശാസ്ത്രപരവുമായ മറ്റു ഘടകങ്ങളും കൂടെ ഉണ്ടല്ലോ. ഇതൊന്നും ഇല്ലാതെ  ലൈംഗികതയോ ലൈംഗികഉണർവോ  പലപ്പോഴും  ഉണ്ടാകുന്നില്ല എന്നതാണ് സത്യം.( പിന്നെയും ലൈംഗികവൈകൃതങ്ങൾ അല്ലെങ്കിൽ സ്വഭാവവൈകൃതങ്ങൾ ഇല്ലെങ്കിൽ മാത്രം.)

ഒരു ഓപ്പറേഷൻ ടേബിളിൽ ശസ്ത്രകിയയ്ക്കായി കിടക്കുന്ന  ഒരു  രോഗിയുടെ ശരീരത്തിൽ  ഒരു  വസ്ത്രവുമില്ലെങ്കിലും ആ മുറിയിലെ ശസ്ത്രക്രിയാ സംഘത്തിലെ ആർക്കും ഒന്നും തോന്നുന്നില്ല. കിടപ്പിലായി  പോകുന്ന അച്ഛനമ്മമാരെ പൂർണമായി പരിപാലിക്കുന്ന മുതിർന്ന മക്കളും സഹായികളും ഉണ്ട്. ആർട്സ് പഠിക്കുന്ന കുട്ടികൾ നഗ്ന മോഡലുകളെ ഇരുത്തി ചിത്രങ്ങൾ വരയ്ക്കാറുണ്ട്. ഇവരെല്ലാം സ്വകാര്യമല്ലാത്ത ഒരു പശ്ചാത്തലത്തിൽ ജീവനുള്ള ഒരു മനുഷ്യ ശരീരത്തിന്റെ തന്നെ നഗ്നത കാണുന്നവർ ആണ്. അവർക്ക് ഒന്നും അതൊരു പ്രശ്നമല്ല. അവരുടെ സദാചാരബോധത്തെയോ കർത്തവ്യത്തെയോ ബാധിക്കുന്നുമില്ല. എന്നിട്ടും ജീവനില്ലാത്ത നഗ്ന കലാസൃഷ്ടികളോട് അത്ര പോലും സഹിഷ്ണുത കുറെ പേർക്ക് ഇല്ലെങ്കിൽ കലാകാലങ്ങളായി നാം ചില അസംബന്ധധാരണകൾ അറിയാതെയെങ്കിലും ശീലിച്ചു വച്ചിരിക്കുന്നു എന്നാണർത്ഥം.

ലൈംഗികത കലരാത്ത നഗ്‌നത പോലും സമൂഹത്തിന്റെ  കാഴ്ചയിൽ നിന്നും  മറച്ചു വയ്ക്കുമ്പോൾ പിന്നെയും  പിന്നെയും നഗ്നതയും ലൈംഗികതയും ഒന്നാണെന്ന തെറ്റായ സന്ദേശം ആണ്  സമൂഹത്തിന് നൽകപ്പെടുന്നത്. എന്നാൽ മൂടി വയ്ക്കുന്നതിനോടാണ് മനുഷ്യമനസ്സിന് കൂടുതൽ ജിജ്ഞാസ തോന്നുന്നതും. വളരെ കണ്ടു പരിചയിച്ച ഒന്നിനോടു അങ്ങനെ ഒരു ജിജ്ഞാസ തോന്നാൻ സാധ്യത വളരെ കുറവായിരിക്കും. 

അതു മനസ്സിലാക്കാൻ ഇന്നും  പുറം ലോകവുമായി ബന്ധമില്ലാതെ ഉൾക്കാടുകളിൾ ജീവിക്കുന്ന ഗോത്രവർഗ്ഗക്കാരുടെ കാര്യം ഒന്നു നോക്കിയാൽ മതി . അവർ സാധാരണയായി പൂർണനഗ്നരോ അല്പവസ്ത്രധാരികളോ ആണ്. വസ്ത്രധാരണത്തിന് അവർ അത്ര മേൽ വില കല്പിക്കുന്നില്ലെന്നോ അഥവാ അങ്ങനെയൊന്നു  അവരുടെ വ്യവസ്ഥയിലോ ശീലത്തിലോ ഇല്ലെന്നോ വ്യക്തമാണ്. എന്നാൽ അവർ   പരസ്പരം തുറിച്ചു നോക്കുകയോ തങ്ങളുടെ  നഗ്നതയിൽ ആസ്വസ്ഥരാവുകയോ ചെയ്യുന്നില്ല. ഒരു കാലത്ത് ഭൂമിയിലെ എല്ലാവരും ഇങ്ങനെ ആയിരുന്നുവെന്ന് നാം മറന്നേ പോകുന്നു. ഈയിടെ സോഷ്യൽ മീഡിയയിൽ വായിക്കാനിടയായ രസകരമായ ഒരു കമന്റ്‌ ആണ് ഈ സന്ദർഭത്തിൽ ഓർമ വരുന്നത്. കോവിഡിനെ തുടർന്നു എല്ലാവരും മാസ്ക് ധരിക്കാൻ തുടങ്ങിയ സാഹചര്യത്തിലായിരുന്നു അതു. 'കുറെ കാലം നാം ഇങ്ങനെ മാസ്ക് ധരിച്ചു മുഖത്തിന്റെ പകുതി മറയ്ക്കുന്ന ഒരു  രീതി തുടർന്നു പോയാൽ  ആ പകുതി നിർബന്ധമായും മറച്ചു വയ്ക്കേണ്ട ഒരു സ്വകാര്യ ശരീരഭാഗമാണെന്നു കുറെ പേർ ഭാവിയിൽ വാദിക്കും' എന്നായിരുന്നു അത്. ചിന്തിക്കേണ്ട ഒരു വിഷയം തന്നെ.

ഒരു നാടിന്റെ സംസ്കാരത്തിൽ സ്വാഭാവികമായതാവാം മറ്റൊരിടത്ത് ഞെട്ടൽ ഉളവാക്കുന്നത്. ഇന്നു ഇന്ത്യയിലെ ആളുകൾ ധരിക്കുന്ന പാശ്ചാത്യ വസ്ത്രങ്ങളും പേർഷ്യൻ ഉല്പത്തിയുള്ള  മുഘളൻമാരോട് കൂടി പ്രചാരത്തിൽ വന്ന ചില വസ്ത്രങ്ങളും            ഒരിയ്ക്കൽ ഇതു  പോലെ ഞെട്ടൽ ഉളവാക്കിയവയായിരുന്നു. എന്നാൽ കാലക്രമേണ ഇതെല്ലാം  നമ്മുടെ നാടിന്റെത് കൂടിയായി സാധാരണവത്ക്കരിക്കപ്പെടുകയാണ്  ഉണ്ടായത്. അതായത് നമ്മുടെ നാടിന്റെ രീതികളിലേയ്ക്കു ചേർത്തു  സാധാരണവത്കരിക്കപ്പെട്ടു. എന്നാൽ ഇങ്ങനെ ചേർക്കപ്പെടുന്ന വസ്ത്രങ്ങൾ നമ്മുടെ  സമൂഹത്തിന്റെ മാനദണ്ഡങ്ങൾക്ക് ഒത്തു ശരീരം മറയ്ക്കുന്നവ ആവുന്നിടത്തോളമേ അവ അധിക്ഷേപങ്ങൾക്ക് വിധേയമാകാതെ ധരിക്കാൻ അനുവദനീയമാകുന്നുള്ളു. ഈ മാനദണ്ഡങ്ങൾക്ക് പുറത്തുള്ള ഒരു  വസ്ത്രം ധരിച്ചാൽ അപകീർത്തിപരമാം വിധത്തിൽ ധരിച്ചയാളെ വേശ്യാവൽക്കരിക്കുകയാണ് ( slut shaming ) നമ്മുടെ സമൂഹം ചെയ്യുന്നത്. 

സ്ത്രീകൾ അനുഭവിക്കുന്ന ഈ വേശ്യാവൽക്കരണം  കാലക്രമേണ കുറഞ്ഞു കുറഞ്ഞു വന്ന് അവസാനിക്കണമെങ്കിൽ അതിലേയ്ക്ക്  ഒരുപാട് ചുവടുകളുണ്ട്. അത്ഭുതമെന്നു തോന്നുമെങ്കിലും അതിലൊരു ചെറിയ ചുവട് സർഗാത്മകതയിലെ നഗ്നതയ്ക്ക് നേരെയുള്ള വിമർശനങ്ങളെ എതിർക്കുന്നതും കൂടിയാണ്. കാരണം മനുഷ്യന്റെ ബോധമനസ്സിന് തിരിച്ചറിയാവുന്നതിലും അധികം ഇവ ബന്ധപ്പെട്ടു  കിടക്കുന്നു. നഗ്നതാവിഷ്കാരവും  വേശ്യാവൽക്കരണവും തമ്മിലുള്ള ബന്ധം നോക്കാം.

സർഗാത്മകതയിലെ നഗ്നതയെ  ആക്രമിക്കുമ്പോൾ, വസ്ത്രധാരണം ലൈംഗികഅതിക്രമങ്ങളിൽ നിന്നുള്ള സുരക്ഷാകവചം ആണെന്ന തെറ്റായ സന്ദേശമാണ് പരോക്ഷമായി നൽകപ്പെടുന്നത്. ലൈംഗികാതിക്രമം നേരിട്ടിട്ടുള്ള ഏതെങ്കിലും സ്ത്രീയുടെ വസ്ത്രം പ്രകോപനപരമെന്നു കണക്കാക്കപ്പെടുന്നത് ആയിരുന്നുവെങ്കിൽ അതു 'അവൾ ചോദിച്ചു  വാങ്ങി' എന്നേ  ചിലർ കുറ്റപ്പെടുത്തുകയുള്ളൂ. എന്നാൽ ലോകത്ത് നടന്നിട്ടുള്ള പല ലൈംഗികഅതിക്രമങ്ങളിലും  പ്രകോപനപരമെന്നും ഉദ്ദീപനപരമെന്നും കണക്കാക്കപ്പെടുന്ന വസ്ത്രങ്ങളിൽ അല്ലാതെ,ശരീരം ഏറെക്കുറെ മറയ്ക്കുന്ന വസ്ത്രങ്ങളിൽ പോലും സ്ത്രീകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. പ്രകോപനപരമായ  വസ്ത്രം എന്നത് സ്ത്രീകളെ മാത്രം ഉദേശിക്കുന്ന ഒരു പദപ്രയോഗം ആണ്. എന്നിട്ടും വളരെയധികം കുട്ടികളും ചുരുക്കമായി പുരുഷൻമാരും അതിക്രമങ്ങൾ നേരിടുന്നു. ഇതിൽ നിന്നും  മനസിലാക്കേണ്ടത് വസ്ത്രമോ അതു ഏതു തരമോ എന്നത് അതിക്രമത്തെ സ്വാധീനിക്കുന്ന ഒരു ഘടകം അല്ല, അതു അക്രമിയെ ന്യായീകരിക്കാനുള്ള  ഒരു കാരണം മാത്രമാണ് എന്നതാണ്. വസ്ത്രം നഗ്നത മറച്ചു കൊണ്ട് ലൈംഗികാതിക്രമങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള ഒരു  ഉപാധിയാണെന്നും സമൂഹത്തിന്റെ മാനദണ്ഡങ്ങൾക്ക് അതീതമായ വസ്ത്രങ്ങൾ അപകടം ക്ഷണിച്ചു വരുത്തും എന്നുമുള്ള ധാരണ തെറ്റാണ്. സർഗാത്മകതയിലെ നഗ്നതയെ ആക്രമിക്കുമ്പോൾ നഗ്നതയും  അർദ്ധനഗ്നതയും ആക്രമിക്ക്പ്പെടേണ്ടതാണെന്ന് ഒന്നു കൂടി പറഞ്ഞു വയ്ക്കുന്നതിലൂടെ  ഓരോ അക്രമിയും ന്യായീകരിക്കപ്പെടുകയാണ്  ചെയ്യുന്നത്.

നഗ്നതാവിഷ്കാരത്തോടുള്ള അസഹിഷ്ണുതയുടെ പ്രകടനത്തിന് body  shaming മായി ബന്ധമുണ്ടോ? ഇതു നോക്കാം. മോഹെൻജൊദാരോയിൽ നിന്ന് കണ്ടെടുത്തിട്ടുള്ള പുരാതന വെങ്കലപ്രതിമയായ നൃത്തം ചെയ്യുന്ന പെൺകുട്ടിയും( Dancing girl ) നഗ്നയാണ്. പക്ഷേ അതു നഗ്നതയുടെ  പേരിലുള്ള ആരോപണങ്ങൾക്ക് വിധേയമാക്കപ്പെട്ടിട്ടില്ല. പ്രദർശനത്തിന് ഒരു പൊതു ഇടത്ത് വയ്ക്കാത്തതു കോണ്ടും നിർമ്മിച്ച വ്യക്തി ആരെന്നു  അറിയാത്തത്  കോണ്ടും, പുരാതനമായത് കൊണ്ടും ആണ് അതെന്ന് തോന്നുന്നില്ല. ഇവിടെ ഇതിന്റെ  വലിപ്പം 10.5 സെന്റിമീറ്റെർ  ( 10.5 cm) മാത്രമാണ്. ശരീരഭാഗങ്ങൾക്ക് ഒട്ടും തന്നെ അതിശയോക്തിയില്ലാത്ത വിധം ആകാരവടിവ് മിതപ്പെടുത്തിയാണ് ഈ ശില്പം തീർത്തിരിക്കുന്നതെന്നും കാണാം. ഒരു പക്ഷേ മനുഷ്യന്റെ യഥാർത്ഥ പൊക്കത്തിനൊപ്പമോ അതിൽ കൂടുതലോ ആയിരുന്നു  ഇതിന്റെ വലിപ്പവും സ്ത്രീശരീരത്തിന്റെ  ശരാശരി ആകൃതിയ്ക്ക് ഒത്തുമായിരുന്നു ആകൃതിയുമെങ്കിൽ എന്താവുമായിരുന്നു അതിനോടുള്ള മനോഭാവം?  ഇനി ഒരു പക്ഷേ വലിപ്പം കുറവുള്ള പ്രതിമകളുടെ നഗ്നത പ്രശ്നമല്ലെങ്കിൽ പെയിന്റിംഗുകളിലെ നഗ്നത പ്രശ്നമാവുന്നതെങ്ങിനെ?അപ്പോൾ വലിപ്പമല്ല അവിടെ പ്രശ്നം. അതേ സമയം  ലോകത്തെ ഏറ്റവും പുരാതനമായ നഗ്നശില്പമായ വീനസ് ഓഫ് വില്ലെൻഡോർഫ് ( Venus of Willlendorf) എന്ന് നാമകരണം ചെയ്യപ്പിട്ടിരിക്കുന്ന നഗ്നശിൽപം ശിലായുഗത്തിൽ( 30,000 ബി സി ഈ ) നിർമ്മിക്കപ്പെട്ടതാണ്. ഇതും ഫെർലിറ്റി സിംബൽ ആയി ആരാധിക്കപ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്നു. പതിനൊന്നു സെൻറ്റീമീറ്റർ പോക്കം മാത്രമുള്ള ഈ ശില്പത്തിൽ സ്ത്രീശരീരം അതിശയോക്തി കലർത്തി തന്നെയാണ് നിർമിച്ചിരിക്കുന്നത്. 2018 ൽ ലോറാ ഗിയാന്ധ എന്ന ഇറ്റാലിയൻ ആർട്സ് ആക്റ്റീവിസ്റ്റ് ഈ  ചിത്രം ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തപ്പോൾ അതും നീക്കം ചെയ്യപ്പെട്ടു. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് ക്ഷമാപണം നടത്തി  രണ്ടാമത് അനുവദിക്കുകയാണുണ്ടായത് .  ഇത് ഒരു പ്രതിഫലനം ആണ്. സ്ത്രീശരീരം സ്വീകാര്യമായിരിക്കണമെങ്കിൽ അതിന് ഏതെല്ലാം തരത്തിലുള്ള ശ്രേഷ്ഠ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണം എന്ന് സമൂഹം നിഷ്കർഷിക്കുന്നതിന്റെ പ്രതിഫലനം.ഒത്തവണ്ണമോ അമിതവണ്ണമോ ആയ രൂപങ്ങളുടെ നഗ്നത പ്രശ്നമാവുകയും മെലിഞ്ഞ രൂപത്തിന്റെ നഗ്നത പ്രശ്നം അല്ലാതെ ആവുകയും ചെയ്യുന്നതിലൂടെ ഒളിഞ്ഞു കിടക്കുന്ന ഒരു മനഃശാസ്ത്രം വെളിപ്പെടുന്നു. അമിത വണ്ണമുള്ള സ്ത്രീകളെയും ശോഷിച്ചവരെയും സ്ത്രൈണതയുടെ ഏറ്റക്കുറച്ചിലുകളായി കണ്ട് അതിന്റെ  പേരിൽ  സമൂഹം നിന്ദിക്കുന്നത് ( body shaming ) തന്നെയല്ലേ മേൽ പറഞ്ഞ രണ്ട്  ശില്പങ്ങളോടുള്ള മനോഭാവത്തിലെ വ്യത്യാസമായി പ്രതിഫലിച്ചത്.? അല്ലെങ്കിൽ സത്യത്തിൽ എന്താണ് വ്യത്യാസം.? 

നഗ്നതയും  അതുണ്ടാക്കുന്ന അസ്വസ്ഥതയും  എത്ര  മാത്രം അസ്പഷ്ടമായി കുഴഞ്ഞുമറിഞ്ഞു  കിടക്കുന്നതും വിരോധാഭാസം നിറഞ്ഞതും ആണെന്ന് നമുക്ക് ഇതിൽ നിന്നെല്ലാം കാണാം.

ഇന്നുള്ള ഇന്ത്യ കലാകാലങ്ങളായി കുടിയേറിയവരുടെയും  കയ്യേറിയവരുടേയും നല്ലതും മോശവുമായ അവശേഷിപ്പുകൾ അനുഭവിക്കുന്ന ഒരിടമാണ്. നല്ലതുകൾ സമൂഹത്തിന്റെ വളർച്ചയിൽ പങ്കു വഹിക്കുന്നത്  പോലെ തന്നെ ദൂഷ്യവശങ്ങൾ  പിന്നോട്ടടിക്കുകയും ചെയ്യുന്നു. എന്നു  മാത്രമല്ല പ്രാചീന ഇന്ത്യൻ സംസ്കാരം എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട്, സംസ്‍കാരം കരുപ്പിടിക്കാൻ എന്ന വ്യാജേനയുള്ള അക്രമങ്ങൾക്കും വഴിയൊരുക്കുന്നു. മനുഷ്യർക്കും  മനുഷ്യസൃഷ്ടികൾക്ക് നേരെയും. കലാവിഷ്കാരത്തിന് മേലുള്ള അക്രമങ്ങളിൽ പലതും കപടസദാചാര ബോധത്തിൽ നിന്ന് ഉടലെടുക്കുന്നവയാണ്. മനുഷ്യന്റെ മനഃശാസ്ത്രം, ശരീരം, പരിണാമം, സാമൂഹികവ്യവസ്ഥകൾ, നിലനിൽപ്പ് തുടങ്ങിയവയുടെ ആവിഷ്കാരം ആക്രമിക്കപ്പെടേണ്ടവയല്ല. ഒരു കാലത്തെ നാട്ടുനടപ്പോ സാധാരണമായിരുന്ന രീതികളോ  ഇന്ന് വർജിക്കേണ്ടതായി  കണക്കാക്കപ്പെടുന്നവ ആയിരിക്കാം. എന്നാൽ അവ ഒരു കാലത്ത് സാധാരണമായിരുന്നു എന്ന വസ്തുതയിൽ അസ്വസ്ഥതരാകേണ്ട ആവശ്യം ഈ കാലത്തെ ഒരു  മനുഷ്യനും തന്നെ ഇല്ല. കാരണം ഇന്നു കേട്ടാൽ നെറ്റി ചുളിക്കുന്ന പലതും നിറഞ്ഞ ഒരു സാമൂഹികവ്യവസ്ഥയും  കൂടി ഉൾക്കൊണ്ടതായിരുന്നു നമ്മുടെ പ്രാചീന സംസ്‌കാരം. അതിന്റെ  ഉത്തരവാദിത്തഭാരം ഇന്ന് ആരും പേറേണ്ട ആവശ്യമില്ല. അപമാനകരമായി കണക്കാക്കുകയും വേണ്ട. അങ്ങനെ ചിന്തിക്കുന്നത്  വിഡ്ഢിത്തമാണ് .അതു കൊണ്ട് മാത്രമാണ് നഗ്നത ഉൾപ്പെടെയുള്ള ആവിഷ്കാരത്തിന് മേലുള്ള അക്രമവും.

നഗ്‌നതയും ലൈംഗികതയും സർഗ്ഗത്മകതയിൽ പല കാലങ്ങളിലും  വിവാദങ്ങൾക്ക്  വഴിയൊരുക്കിയിരുന്നു. പ്രത്യേകിച്ച് ഇന്ത്യയിൽ. ഇന്ത്യയിൽ സ്ത്രീകൾക്കു മേലുള്ള സദാചാര നിയന്ത്രണങ്ങളും ഇതേ കപടസദാചാരബോധത്തിന്റെ പ്രതിഫലനമാണ്. ഈ തിരിച്ചറിവിൽ സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തിനും പ്രണയത്തിനും ലൈംഗികതയ്ക്കും മേലുള്ള സമൂഹത്തിന്റെ കീറി മുറിക്കലുകൾക്ക് എതിരെ ഇന്നത്തെ യുവ തലമുറ പ്രതികരിക്കുകയും മാറ്റങ്ങൾ  കൊണ്ട്  വരാൻ  ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ  കലാസൃഷ്ടികൾക്ക്  മേലുള്ള അക്രമങ്ങൾ അപ്പോഴും ശ്രദ്ധിക്കപ്പെടാതെ തന്നെ കിടക്കുന്നു. കലാസൃഷ്ടികൾ അല്ലേ, മനുഷ്യർ അല്ലല്ലോ എന്ന ചിന്തയാണ് ഇതിനു കാരണം. എന്നാൽ കലാസൃഷ്ടികളിൽ ആക്രമിക്കപ്പെടുന്നത് മനുഷ്യരൂപങ്ങൾ തന്നെയല്ലെ. അല്ലെങ്കിൽ മനുഷ്യന്റെ രൂപം പേറുന്നവ. അതായത്  മനുഷ്യന്റെ പ്രാതിനിധ്യം. കലാകാരനെ സംബന്ധിച്ചിടത്തോളം അതു ജീവനുള്ള  മനുഷ്യരുടെ പ്രതിനിധീകരണം മാത്രമല്ല. തന്റെ സൃഷ്ടി ജീവനുള്ള ഒന്ന് തന്നെയാണ്.

നഗ്നതയുടെ ആവിഷ്കാരങ്ങൾക്ക് നേർക്കും  മനുഷ്യന്റെ തന്നെ നേർക്കുമുള്ള അക്രമങ്ങൾക്കു മേൽ പറഞ്ഞ മനഃശാസ്ത്രപരമായ സമാനതകളും ബന്ധവും നാം വിശകലനം ചെയ്തതാണ് . അപ്പോൾ നഗ്നതയുടെ കലാവിഷ്കാരങ്ങൾക്ക് നേരേയുള്ള അക്രമങ്ങൾക്ക് എതിരേയും പ്രതികരിക്കുക തന്നെ വേണം. മനുഷ്യന് വേണ്ടി മനുഷ്യൻ എന്ന പോലെ. നഗ്നത മനുഷ്യന്റെ  ഏറ്റവും  നൈർമല്യമായ ഭാവമാണ്. കപടസദാചാര ചിന്ത അതിലേയ്ക്ക് കലർത്തപ്പെടുന്ന വിഷവും.

No comments:

Post a Comment

The blind spot of the POCSO Act

I am giving you an account of a real incident, a case of POCSO that prompted me to write this article.  The year before last, a 16 year old ...