ഗാനം 1: തപ്പു കൊട്ടുണ്ണീ തപ്പു കൊട്ട്
PPE കിറ്റി(/ട്ടി)ല്ല തപ്പു കൊട്ട്
ഗാനം 2: PPE കൊടുക്കാതെ ദീപാവലയം
നംതന നംതന നംതന നം നം
മലയാളികൾക്ക് പരിചിതമായ ഈ രണ്ട് ഗാനങ്ങളും ഇനി മുതൽ ഇങ്ങനെ ആലപിക്കണമെന്നാണ് എന്റെ അഭിപ്രായം.
എന്തു കൊണ്ട് എന്നതിലേയ്ക്കു വരും മുൻപ് മറ്റൊരു സംഭവം പറയാം. യൂട്യൂബിലെ ഒരു സ്വയം പ്രഖ്യാപിത വിപ്ലവ ചാനെലുണ്ട്. ചാനെലിനെ നമുക്ക് തൽകാലം puddle എന്നു വിളിക്കാം. അപ്പോ ഈ puddle ന്റെ പ്രത്യേകത എന്തെന്ന് വച്ചാൽ, വളരെ രസകരമായ ഒന്നാണത് . നമ്മളൊക്കെ കൗമാര പ്രായത്തിലും ഇരുപതുകളുടെ തുടക്കത്തിലും, മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായ ഒരു അപൂർവവ്യക്തിത്വത്തിന് ഉടമയാണെന്ന് കാണിക്കാൻ ചിലപ്പോഴെങ്കിലും കഷ്ടപ്പെട്ടു എന്തെങ്കിലുമൊക്കെ അസാധാരണമായി ചെയ്യുകയോ അതിനു ശ്രമിക്കുകയോ ചെയ്‌തിട്ടുണ്ടാവാം. അതേ പോലെ തന്നെ വിപ്ലവം സൃഷ്ടിക്കാൻ എന്ന പേരിൽ 'ആരും യാത്ര ചെയ്തിട്ടില്ലാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെ പോലെ സഞ്ചരിക്കുന്ന' മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണിയേപോലെയാണ് puddle തിരഞ്ഞെടുക്കുന്ന ചില വിഷയങ്ങൾ. ഒരേയൊരു പ്രശ്നമേ ഉള്ളൂ. ചിലപ്പോൾ ഇവർ വെറുതെ കാര്യമില്ലാത്ത വഴികളിലൂടെയൊക്കെ, സഞ്ചരിക്കാൻ വേണ്ടി സഞ്ചരിക്കും. വെറുതെ. ജസ്റ്റ് ഫോർ ഹൊറർ !
അതിന്റെ ഭാഗമായി ഈയിടെ ചർച്ച ചെയ്‌ത ഒരു വിഷയം 'രോഗികളുടെ വേദന ചെറുതായി കാണുന്ന അല്ലെങ്കിൽ അവഗണിക്കുന്ന ആരോഗ്യപ്രവർത്തകരെ'ക്കുറിച്ചായിരുന്നു. എന്തു കഷ്ടമാണല്ലേ രാജ്യത്തെ ആരോഗ്യപ്രവർത്തകരൊക്കെ ഇങ്ങനെ കണ്ണിൽ ചോരയില്ലാത്തവരായാൽ. പ്രതീക്ഷിച്ചത് പോലെ തന്നെ കമെന്റുകളിൽ, ജീവിതത്തിൽ വിചാരിച്ച ചിലതൊക്കെ നടക്കാതെ പോയവരുടേയും തൃപ്തിക്കുറവുള്ളവരുടേയുമെല്ലാം sadism കാണാനായി. അതിലൊരു കമന്റ് ഇങ്ങനെയായിരുന്നു. "എനിക്ക് ഈ കൊറോണ കാലത്ത് ആരോഗ്യപ്രവർത്തകരെ ഇങ്ങനെ ഹീറോ ആയി വാഴ്ത്തുന്നതൊന്നും തീരെ ഇഷ്ടപ്പെടുന്നില്ല. അതിന്റെയൊന്നും ആവശ്യമില്ല".
ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങൾ ഈ സമൂഹത്തിൽ ഉണ്ടായിരുന്നോ, പ്രിയ puddle ലേ. ഇതു വരെ എനിയ്ക്ക് അറിയില്ലായിരുന്നു. എങ്കിൽ പിന്നെ കുറച്ച് യഥാർത്ഥ പ്രശനങ്ങളെ പറ്റി അങ്ങ് സംസാരിച്ചു കളയാം എന്നു കരുതി. ആരോഗ്യപ്രവർത്തകർക്കു വേണ്ടി എനിക്കും കുറച്ചു പറയാനുണ്ട്. ചില വേദനകളെപ്പറ്റി.
വേദനയാണല്ലോ നമ്മുടെ മുഖ്യ വിഷയം. അതു കൊണ്ട് ആദ്യം തന്നെ അതിനേക്കുറിച്ച് സംസാരിക്കാം. രോഗികളുടെ വേദനയ്ക്കു പരിഹാരം കാണാതെ വേദനിപ്പിച്ചു ചികിത്സ കൊടുക്കുന്നതൊന്നും ആരോഗ്യപ്രവർത്തകരിൽ ഒരാൾക്കും ഹരമുള്ള കാര്യമല്ല. ആശുപത്രി തല കീഴായ് മറിഞ്ഞു പോകുമെന്നു തോന്നിപ്പോകാവുന്ന രോഗികളുടെ ചില നേരത്തുള്ള നിലവിളി കേൾക്കുന്നത് വളരെ സുഖമുള്ള അനുഭവമാണല്ലോ! വേദനകൾ പല രീതിയിലും ഉണ്ടാവാം. ഇല്ലാത്ത വേദന പോലും ഒരു രോഗിയ്ക്ക് അനുഭവപ്പെടുന്നു എന്ന് പറയുന്ന അവസ്ഥയുണ്ട്. Functional pain എന്നാണിതിനെ പറയുക . ചിലപ്പോൾ കൂടുതൽ ടെസ്റ്റുകൾക്ക് മുൻപേ തന്നെ കൃത്യമായി അസുഖം കണ്ടു പിടിക്കാൻ വേദനയുടെ തരം, അത് എവിടെ അനുഭവപ്പെടുന്നു എന്നതിൽ നിന്നെല്ലാം, അസുഖം ഏതു അവയവത്തിൽ നിന്നും ഉടലെടുക്കുന്നു എന്നു മനസിലാക്കാൻ സാധ്യമാക്കും. ആ നേരത്ത് വേദന ഉടനെ വേദനസംഹാരികൾ ഉപയോഗിച്ചു മറയ്ക്കാൻ പാടില്ല. (ഇപ്പോൾ ചിലർ ചിന്തിക്കുന്നുണ്ടാവും, എന്തിനാ അതൊക്കെ നോക്കി കണ്ടു പിടിക്കുന്നത്, ആധുനികമായ ടെസ്റ്റുകൾ ഉള്ളപ്പോൾ എന്ന്. ചെയ്യുന്ന അത്യാവശ്യം ടെസ്റ്റുകളെപ്പറ്റി പോലും ഡോക്ടർ കമ്മീഷൻ അടിക്കാൻ ആണെന്ന് പൊതുവേ ആളുകൾ പറയുന്നത് മറന്നു പോയോ?! എന്നു മാത്രമല്ല ടെസ്റ്റുകൾക്ക് മുൻപേ പരിശോധനയിലൂടെ ഒരു അനുമാനത്തിൽ എത്തിയാലേ ശെരിയായ ചികിത്സ കൊടുക്കാൻ കഴിയൂ.) കൈയോ കാലോ നഷ്ടപ്പെട്ടവർക്ക്, കുറെ കാലം കഴിഞ്ഞ്, തലച്ചോറിലെ ചില പ്രത്യേകതകൾ കാരണം കൈകാലുകൾ മുൻപ് ഉണ്ടായിരുന്നിടത്ത് അപ്പോഴുമുണ്ടെന്നു തോന്നുകയും ചിലപ്പോൾ അവിടെ വേദന അനുഭവപ്പെടുകയും ചെയ്യുന്ന phantom limb, phantom pain എന്നീ അവസ്ഥകൾ അപൂർവമായി അനുഭവപ്പെടാറുണ്ട്. പ്രസവ സമയത്ത് വേദന സ്ത്രീകൾക്കു കുഞ്ഞിനെ പുറത്തേയ്ക്കു വരാനായി ശക്തമായി തള്ളുന്നതിന് സഹായകമാണ്. ചിലപ്പോൾ വേദന കണക്കിലെടുക്കാതെ സമയ ബന്ധിതമായി ഒരു രോഗിയുടെ ജീവൻ രക്ഷിക്കുന്ന കാര്യങ്ങൾ ചെയ്യേണ്ടതായി വരും. മറ്റു ചിലപ്പോൾ ഒരു രോഗിയ്ക്കു വേദനസംഹാരികൾ കൊടുക്കുന്നത് അപകടമാകും. അമിതമായി മദ്യപിച്ചോ ലഹരി മരുന്ന് ഉപയോഗിച്ചോ എവിടെയെങ്കിലും വീണു മുറിവുകളുമായി വരുന്ന ഒരാൾക്ക് മുറിവ് suture ചെയ്യുമ്പോൾ local anaesthesia യുടെ ആവശ്യം തന്നെ ഉണ്ടാവണമെന്നില്ല . വേദന ഉണ്ടായാലും ഇല്ലെങ്കിലും അവർക്കു കാര്യമായ വ്യത്യാസമുണ്ടാവില്ല.
വേദന എന്നത് വളരെ സങ്കീർണമായ ഒന്നാണ്. എല്ലാ വേദനകളും ഒന്നല്ല. എല്ലാ വേദനകളും എളുപ്പം ചികിൽസിക്കാൻ കഴിഞ്ഞെന്നു വരില്ല. ചില വേദനകൾ ഒരിയ്ക്കലും പോകില്ല എന്നാൽ ചിലവ ഒന്നും ചെയ്യാതെ പോയെന്നും വരാം. എല്ലാ വേദനകളുടെയും കാരണം ഇന്നും വൈദ്യശാസ്ത്രത്തിനു മനസിലാക്കാനായിട്ടില്ല. നേരത്തേ പറഞ്ഞത് പോലെ ചില വേദനകൾ ഉണ്ടാവണമെന്നു തന്നെയില്ല. കഴിഞ്ഞ ബ്ലോഗിൽ, മറ്റൊന്നുമായി ഉപമിച്ചു കൊണ്ട് വേദന ചിലപ്പോൾ ഒരു അനുഗ്രഹവുമാവുന്നത് എങ്ങനെയെന്നു പറഞ്ഞിരുന്നു . Puddle പറയുന്നത് പോലെ അത്ര നിസ്സാരമല്ല ഈ വേദനയെന്നു പറയുന്നത്.
ഓരോ രോഗിയെയും, അവരുടെ അപ്പോഴത്തെ രോഗത്തേയും,അവർക്കു നേരത്തേയുണ്ടായിരുന്ന രോഗങ്ങളേയും അവയുടെ ചികിത്സയേയും , ആരോഗ്യസ്ഥിതിയേയും എല്ലാം നോക്കി അതനുസരിച്ചു ആവും അവരുടെ വേദനയെ കൈകാര്യം ചെയ്യുന്നത്. വേദനയിൽ നിന്നും രോഗിയെ മുക്തമാക്കുക എന്ന ലക്ഷ്യം മാറുന്നില്ല. പക്ഷേ അതിനൊപ്പം കണക്കിലെടുക്കേണ്ട കാര്യങ്ങൾ കണക്കിലെടുത്തേ കഴിയൂ. ഇതൊക്കെ കൂടി ഒരു രോഗിയോടു പറഞ്ഞു കൊടുക്കാൻ സമയബന്ധിതമായി ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് സമയം കിട്ടണമെന്നില്ല. രോഗിയെ ചികിത്സിക്കുകയും അവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളേക്കുറിച്ച് പറഞ്ഞു മനസിലാക്കുകയും ചെയ്യുന്നതിന് പുറമേ അവരെ MBBS ഉം കൂടെ പഠിപ്പിക്കണമെന്നു വച്ചാൽ.! ഇതിൽ ആരോഗ്യ പ്രവർത്തകരെ കുറ്റം പറയുകയും അവരുടെ ജോലിയിൽ തൃപ്തിക്കുറവുമുള്ള പല രോഗികളും ഗൂഗിളിൽ കാണുന്ന വിഡ്ഢിത്തങ്ങൾ വായിച്ചു പഠിച്ചവരാകും. പിന്നെ ഇത് ആധുനിക കുഞ്ഞു കുപ്പി മയിലെണ്ണക്കാരുടെ കാലം കൂടിയാണല്ലോ. ഇതിൽ നമ്മുടെ വിപ്ലവ puddle നും പങ്കുണ്ട്. Dysmenorrhea( വേദനാപൂർണമായ ആർത്തവം ) എന്ന വിഷയത്തേക്കുറിച്ച് അവർ ഒരു video ചെയ്തിരുന്നു. അര മണിക്കൂർ നേരം കൊണ്ട് ഒരു ഗൈനക്കോളജിസ്റ്റിൽ നിന്നും കൃത്യവും ശെരിയായതുമായ കാര്യങ്ങൽ പഠിച്ചു ചാനെലിൽ കാണിക്കേണ്ടതിന് പകരം കുറെ ഗർഭപാത്രങ്ങളുടെ പടവും, പിന്നെ സ്ഥിരം നാടകീയ സംഗീതവുമൊക്കെ ഇട്ടു ചില തെറ്റുകളടങ്ങുന്ന ഒരു വീഡിയോയാണ് അവർ ചെയ്തു വച്ചത്. അതു കണ്ടപ്പോൾ ശ്രീ ശശി തരൂർ പണ്ട് ട്വീറ്റ് ചെയ്ത പോലെ,
"Exasperating farrago of distortions, misrepresentations&outright lies being broadcast by an unprincipled showman masquerading as a journalst " എന്നൊക്കെ പറയാനുള്ള ഒരു ചോരത്തിളപ്പ് എനിക്ക് ഉണ്ടായി. പക്ഷേ അത്രയ്ക്കുള്ള വിവരം എനിക്ക് ഇല്ലാത്തത് കൊണ്ട് "അറിവില്ലാത്തതിനേക്കുറിച്ച് ആധികാരികമായി സംസാരിക്കുമ്പോൾ കുറച്ചു മര്യാദ ഒക്കെ വേണ്ടേഡേയ്", എന്നെങ്കിലും പറയാമെന്നു വച്ചാൽ, ഇതു മലയാളം ചാനെലും അല്ല. മലയാളത്തിൽ അല്ലാത്ത ഒരു ഭാഷയിൽ ഞാൻ എങ്ങനെ പകരം ചോദിക്കാനാണ്. ഇങ്ങനെ 'ആക്കാനും' തെറി പറയാനുമൊക്കെ അല്ലെങ്കിലും മാതൃഭാഷ തന്നെയാണ് ബെസ്റ്റ്. ക്ഷമിക്കണം. വിഷയത്തിൽ നിന്ന് കുറച്ച് അകന്നു പോയിരിക്കുന്നു. അപ്പോൾ നമ്മുടെ puddle, ആരോഗ്യപ്രവർത്തകർക്കു നേരെ ചിലപ്പോൾ രോഗികളുടെ ഭാഗത്തു നിന്നുണ്ടാവുന്ന അക്രമങ്ങളും മോശം പെരുമാറ്റവും, ജോലിയ്ക്കനുസരിച്ചുള്ള ശമ്പളമില്ലായ്മയും അമിത ജോലിഭാരവും, ജോലിസ്ഥലത്തെ സൗകര്യക്കുറവുകളും ഒന്നും കാണാതെ അപൂർവമായ ഒരു വിഷയമെടുത്ത്, വ്യത്യസ്‌തനായൊരു ബാർബറാം ബാലനായി ഒന്നു കൂടി തിളങ്ങിയിരിക്കുകയാണ്. Puddle നെ പറ്റി തന്നെ പറഞ്ഞു കൊണ്ടിരുന്നാൽ ഇതൊരു ട്രോൾ പേജ് ആയിപ്പോകും. എന്തായാലും ഞാൻ ഇങ്ങനെയൊരു കമന്റ് അവിടെ എഴുതി.
' The "....ddle"! why don't you make a video addressing the fact that health professionals, despite being humans sometimes overworking in harsh conditions without having enough food or sleep on time, have to suffer disgusting behaviors and assaults from patients of " Google docs", addicted to hospital shopping? Can't decide if you are a rebel without a cause or a bad version of #notallmen.
Edit: btw ,your video on dysmenorrhea was so badly misinforming that some fools will believe it, argue with a doctor later, and then go on to blame them in the comments section of some stupid YouTube channels. You yourself have behaved like a moneymaking 'YouTube doc' without having the patience to take 20 min and learn/ verify what you were projecting, and you have the audacity to blame the health professionals. '
ഈ കമെന്റ് ഇട്ടു, unsubscribe ഉം ചെയ്തു goodbye പറഞ്ഞു, ഞാൻ puddle ൽ നിന്നും വെളിയിൽ ഇറങ്ങി എന്റെ കാല് കഴുകി വൃത്തിയാക്കി.
ഇനി puddle പറയുമ്പോലെ ശെരിക്കും രോഗിയ്ക്ക് വേദന ഉണ്ടെന്നു തന്നെ ഇരിക്കട്ടെ. രോഗിയോടു ഒരു ആരോഗ്യപ്രവർത്തകൻ 'സാരമില്ല വേദന കുറയും ' എന്നു പറയണോ അതോ അതിനു പകരം, ' താനിപ്പൊ വേദന കൊണ്ട് ചത്തു പോകും കേട്ടോ' എന്നു പറയണോ?? ഞാൻ ഒരിക്കൽ ചെന്നിക്കുത്ത് എന്ന തരം തലവേദനയ്ക്ക് ( migraine) അത് കഠിനമായ സമയത്ത് ഒരു ഡോക്ടറിൽ നിന്ന് ചികിത്സ നേടിയിരുന്നു. തലവേദന കാരണം ജീവിതം തന്നെ ഏകദേശം മടുത്തിരിക്കുന്ന ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ അപ്പോൾ. ഈ തലവേദന അത്ര പെട്ടെന്നൊന്നും പോവില്ല എന്നു എനിക്ക് അറിയാമായിരുന്നിട്ടു കൂടി ഡോക്ടർ " സാരമില്ല, ഇതു മാറും കേട്ടോ " എന്നു എന്നോട് പറഞ്ഞപ്പോൾ വല്ലാത്തൊരു ആശ്വാസമാണ് എനിക്ക് തോന്നിയത്. എന്റെ മാനസികാവസ്ഥ ആരോ മനസിലാക്കുന്നു എന്ന തോന്നലിൽ സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു. ഒരു വിധം സാധാരണ മനുഷ്യർക്കൊക്കെ ഇത്തരത്തിലൊരു സമീപനമാണ് വേണമെന്നിരിക്കേയാണ്, വേദന നിസ്സാരവൽക്കരിക്കുന്നു എന്നു പറഞ്ഞുള്ള puddle ന്റെ പ്രഹസനം.
Puddle തത്കാലം അവിടെ നിൽക്കട്ടെ. ഞാൻ ഇവിടെ, ആരോഗ്യപ്രവർത്തകരുടെ സാധാരണ ഗതിയിലെ ജോലിയെ മുൻനിർത്തി അവരുടെ മഹത്വത്തെക്കുറിച്ച് ഒന്നും പറയാൻ ഉദേശിക്കുന്നില്ല. അങ്ങനെ ബഹുമാനം ഇരന്നു വാങ്ങേണ്ട ഗതികേടു ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കു വന്നിട്ടുമില്ല. അമ്മയാവുമ്പോൾ പലതും ത്യജിക്കേണ്ടിയും സഹിക്കേണ്ടിയും വരുന്ന സ്ത്രീകൾ കൂടുതൽ ഡിമാൻഡ്കളുമായ് വരാതെ ഇരിക്കാൻ മാതൃത്വത്തെ മഹത്വൽക്കരിച്ചു വച്ചിരിക്കുന്നത് പോലെയാണ് ഡോക്ടർമാർക്ക് ദൈവം എന്നും നഴ്സ്മാർക്ക് മാലാഖയെന്നുമുള്ള ലേബലുകൾ സമൂഹം കൊടുത്തിരിക്കുന്നത്. ദൈവത്തിനും മാലാഖയ്ക്കും എന്തിനാണ് ലൗകികസുഖങ്ങൾ, അല്ലേ.? അവർക്കു ശമ്പളവും സമയവും ആഹാരവും ഒന്നും ആവശ്യമില്ല. വല്ല ആകാശത്തേരിലും ഏറി ഒരു ഓരത്തു കൂടി പറന്നു പൊയ്‌ക്കോളും !
സമൂഹത്തിന്റെ കാഴ്ച്ചപ്പാട് ഒന്നും മാറ്റാൻ ശ്രമിക്കുന്നില്ല. എന്നാൽ ചില കാര്യങ്ങൾ, puddle നെപ്പോലെയുള്ളവരുടെ അക്രമമുള്ളപ്പോൾ പറയണമല്ലോ. അതും ഈ കൊറോണക്കാലത്ത്. കൊറോണ രാജ്യത്ത് പടർന്നു പിടിച്ചു തുടങ്ങി, ലോക്ഡോൺ പ്രഖ്യാപിച്ച സമയം ആരോഗ്യപ്രവർത്തകർക്ക് ധാർമിക പിന്തുണ കൊടുക്കാൻ ബാൽക്കണിയിൽ പോയി പാത്രങ്ങൾ തട്ടുകയും, ദീപം തെളിക്കുകയും ചെയ്ത സംഭവങ്ങൾ ഓർമ കാണുമല്ലോ. കോവിഡ് ഇപ്പോ വന്നു പോകുന്ന ഒരു പ്രശ്നമായി ചെറുതാക്കി കണ്ട് നടത്തിയ ഒരു കലാപരിപാടി ആയിരുന്നില്ലേ അത്.? എന്തിന് വേണ്ടി ആയിരിക്കാം ധാർമിക പിന്തുണയുടെ പേരിൽ അത് ചെയ്തത്. ചില മനഃശാസ്ത്രപരമായ കാര്യങ്ങൾ പറയാം. നമ്മുടെ നാട്ടിൽ അന്യനാടുകളിൽ നിന്നും എങ്ങനെയോ വന്നു ചേർന്നു, ഇവിടത്തെ ചെടികളേയും മറ്റും നശിപ്പിക്കുന്ന ചില ചെടികളുണ്ട് ( invasive plants). പോകേപ്പോകെ മാത്രം അതിന്റെ അപകടം മനസിലാവുന്ന നമുക്ക്, ആദ്യമൊക്കെ സാധാരണ അതു വരെ കാണാത്ത ഒന്നിനെ ആദ്യമായി കാണുമ്പോൾ ഉള്ള കൗതുകത്തിൽ നല്ല രസമാവും തോന്നുക. ഇതായിരുന്നു കൊറോണ വന്നപ്പോൾ ആദ്യം പൊതുജനത്തിന്റെ മനോവികാരം. ഇനി മറ്റൊന്ന്. ചിലപ്പോൾ നമ്മൾ ഒരു കൂട്ടമായി ഒരു അപകടത്തിൽ പെട്ടു പോയി, നമുക്ക് പൊതുവായ ഒരു ശത്രുവിനെയോ കഷ്ടതയേയോ ഒരുമിച്ചു നേരിടേണ്ടി വരുമ്പോൾ അത്രയും കാലം ഇല്ലാതിരുന്ന ഒരു ഒത്തൊരുമയും സ്നേഹവും ഒക്കെ അന്യോന്യം തോന്നിത്തുടങ്ങും . അങ്ങനെ ഒരു ഒത്തൊരുമിപ്പിക്കൽ നടത്തി, രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ നേർപ്പിച്ചു കൊണ്ട് പൊതുവായ ഒരു നല്ല പ്രതിച്ഛായ സൃഷ്ടിക്കാൻ വേണ്ടി , ഈ ഒരുമിക്കൽ മനശ്ശാസ്ത്രവും ജനത്തിന്റെ രസം പിടിക്കലും, മേല്പറഞ്ഞ കലാപരിപാടികളിൽ കൂടി ഗവണ്മെന്റിന് പ്രയോജനപ്പെടുത്താൻ ഗവണ്മെന്റും ശ്രമിച്ചു എന്നു വേണം മനസ്സിലാക്കാൻ.
സെലിബ്രിറ്റികൾ സമൂഹമാധ്യമങ്ങളിൽ പങ്കിടാൻ ചിത്രങ്ങൾ എടുക്കാനുള്ള ഒരു കലാപരിപാടി എന്നതിൽ കൂടുതൽ ഇതിനെ കണ്ടിട്ടില്ല. എഴുത്തുകാരനും ഗാനരചയിതാവുമായ വരുൺ ഗ്രോവർ മാത്രമാണ് ഈ 'ആദരത്തെ'പ്പറ്റി കുറച്ചു വിവേകത്തോടെ ഒരു കാര്യം പറഞ്ഞത്.
"Please light diyas and also show your collective consciousness. But don't forget to fight for more testing and frontline professionals to get PPE kits. Along with 'Jai Jawan Jai Kisan', also chant 'Jai Doctor Jai Vigyan," എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ഇതാണ് ഒരു എഴുത്തുകാരന്റെ ശക്തി. മനുഷ്യരുടെ യഥാർത്ഥ പ്രശ്നങ്ങൾ മനസിലാക്കാനുള്ള ഉൾക്കാഴ്ച്ച. അതിനെക്കുറിച്ചു തന്നെയാണ് ഇനി എഴുതുന്നതും.
അദ്ദേഹം പ്രവചിച്ചത് പോലെ PPE കിറ്റുകൾ ആവശ്യത്തിന് ലഭ്യമായില്ല. കുറച്ചു മണിക്കൂറുകൾ ഉള്ള shift അല്ലേ. അത്രയും നേരം അതിൽ നിന്നു ഒന്നു സഹിച്ചല്ലേ പറ്റൂ, അതൊക്കെ ആരോഗ്യപ്രവർത്തകരുടെ ജോലിയുടെ ഭാഗമല്ലേ എന്നാവും പലരും ചിന്തിക്കുന്നത്. ശെരിയാണ്. അതിനുള്ളിൽ നിന്ന് വിയർക്കുന്നത് എത്ര മാത്രമാണെന്ന് അതു ഊരിമാറ്റി കഴിഞ്ഞുള്ള ചിത്രങ്ങൾ പലരും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചതിൽ നിന്നെല്ലാം പലരും കണ്ടു കാണും. എന്നാൽ അതിൽ ആരും കാണാതെ പോകുന്ന മറ്റു ചിലത് കൂടിയുണ്ട്. PPE കിറ്റ് പാഴാക്കാതെ ഇരിക്കാൻ അതു അണിയുന്നവർ മൂത്രമൊഴിക്കാതിരിക്കാൻ ശ്രമിക്കുകയാണെന്നും അത് അവർ എങ്ങനെ തരണം ചെയ്യുന്നു എന്നതും ! ഒന്നു ഊരി മാറ്റി കഴിഞ്ഞാൽ പുതിയത് ഒന്ന് ഉപയോഗിക്കണമല്ലോ. അത്രയും കിറ്റുകൾ ലഭ്യമല്ല. മൂത്രം അധികം ഉണ്ടാവാതെ ഇരിക്കാൻ ഡ്യൂട്ടിക്ക് കയറുന്നതിന് മുൻപേ കുറച്ചു മാത്രം വെള്ളം കുടിക്കുന്നവരുണ്ട്. വിയർത്തു പോകുന്നത് കാരണം മൂത്രമുണ്ടാകുന്നത് കുറവായിരിക്കും. എന്നാലും മൂത്രമൊഴിക്കാൻ തോന്നിയാൽ എന്താണ് ചെയ്യുക. ഈ പ്രശ്നം പരിഹരിക്കാനായി ഇന്ത്യയിലെ ആരോഗ്യപ്രവർത്തകരിൽ പലരും ഡയപ്പറുകൾ ഉപയോഗിക്കുകയാണ് ഇപ്പോൾ ! ബോധം വയ്ക്കുന്ന കാലം മുതൽ ഡയപ്പർ ഉപയോഗിച്ച് നിങ്ങൾക്കാർക്കും ഓർമയുണ്ടാകില്ല. അങ്ങനെ ഒരു അവസ്ഥയേകുറിച്ച് ആർക്കും ചിന്തിക്കാൻ തന്നെ കഴിയില്ല. സ്ത്രീകളുടെ കാര്യമാണ് അതിലേറെ കഷ്ടം. അവർക്കു ആർത്തവം കൂടെയുള്ള സമയമാവുമ്പോൾ, ഈ ഡയപ്പറുകൾക്ക് പുറമെ സാധാരണ ഉപയോഗിക്കുന്ന സാനിറ്ററി പാഡുകൾ ഉപയോഗിക്കാൻ കഴിയില്ല. അതു കൊണ്ട് യോനിയ്ക്കുള്ളിലേയ്ക്ക് വച്ച് രക്തം വലിച്ചെടുക്കുന്ന tampon കൾ ആണ് അവർ ഡയപ്പറുകൾക്ക് പുറമെ ഉപയോഗിക്കുന്നത്. മിക്ക സ്ത്രീകളെയും പോലെ ആരോഗ്യമേഖലയിൽ ഉള്ള സ്ത്രീകൾക്കും ഇത് കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കാം. അവരും മനുഷ്യരാണല്ലോ. രക്തവും മൂത്രവും വിയർപ്പുമായി ഒട്ടി നിൽക്കുന്ന അവസ്ഥ. ഇത്രയും വായിച്ചപ്പോൾ നിങ്ങളിൽ ചിലരുടെയെങ്കിലും മനസ്സു കലങ്ങിയിരിക്കുമെന്ന് ഞാൻ ഊഹിക്കുന്നു. ഇതൊക്കെയും ഒരു വേദനയാണ്. ഇനി പറയൂ . കൊറോണ കാലത്തു ആരോഗ്യപ്രവർത്തകരേ വാഴ്ത്തിയില്ലെങ്കിലും പുച്ഛിക്കുന്നത് ശെരിയാണോ? അവർ ആരും സമൂഹ മാധ്യമങ്ങളിൽ ഇതെല്ലാം വന്നു പറയുന്നില്ല. അതു കൊണ്ട് പൊതു ജനം അറിയുന്നുമില്ല. അറിയാത്തത് കൊണ്ടാണ് ഇങ്ങനെ ചില യാഥാർഥ്യങ്ങൾ കൂടിയുണ്ടെന്നു വെളിപ്പെടണം എന്നു എനിക്ക് തോന്നിയത്.
ഞാൻ രണ്ട് മൂന്നു പഴയ സംഭവങ്ങൾ പറയാം. സാധാരണ ഡ്യൂട്ടി സമയങ്ങളിൽ പോലും തുടർച്ചയായി രോഗികൾ വന്നു കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ മൂത്രമൊഴിക്കാൻ പോകാൻ കഴിയാതെ കുറച്ചു നേരം സഹിക്കേണ്ടി വരാറുണ്ട്. ഒരു ചെറിയ ഗ്യാപ് കിട്ടുമ്പോൾ ഓടിപ്പോകും. ഇങ്ങനെ ഒരിക്കൽ പോയപ്പോൾ, " ദോ. ഡോക്ടർ എങ്ങാട്ടോണ്ട് എണീറ്റു പോയേക്കുന്നു " എന്നു സിസ്റ്ററോട് കയർത്ത ഒരു രോഗിയോടു, " ഡോക്ടർ ഒരു സാധാരണ മനുഷ്യനാ.. അത് കൊണ്ട് മൂത്രമൊക്കെ ഉണ്ടാവും, അതൊന്നു ഒഴിക്കാൻ പോയതാ.. ഇപ്പൊ വരും " എന്നു കളിയാക്കി പറഞ്ഞ സിസ്റ്റർ ആണ് എന്റെ ഹീറോ. പണ്ട് എന്റെ ഒരു സുഹൃത്ത് അപൂർവമായ ഒരു സംഭവം പറഞ്ഞു. രാവിലെയും ഉച്ചയ്‌ക്കും ആഹാരം കഴിക്കാൻ സാധിക്കാതെ വാർഡിൽ വൈകുന്നേരം മൂന്നു മണിയോടെ ഒരു രോഗിയെ നോക്കുകയായിരുന്നു അദ്ദേഹം. ഇപ്പോ വീണു പോകുമെന്ന രീതിയിൽ ആടി നിന്ന എന്റെ സുഹൃത്തിനോട് ആ രോഗി അപ്രതീക്ഷിതമായി ഒരു ചോദ്യം ചോദിച്ചു,
"ഡോക്ടർ ആഹാരം കഴിച്ചോ?". ഇല്ല എന്നു പറഞ്ഞു എന്റെ സുഹൃത്ത് ജോലി തുടർന്നെങ്കിലും അദേഹത്തിന് പെട്ടെന്നു എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി എന്നാണ് എന്നോട് പിന്നീട് ഇതിനെ പറ്റി പറഞ്ഞത്. ഞാൻ ആ സാഹചര്യത്തിൽ ഇല്ലായിരുന്നില്ലെങ്കിൽ പോലും എനിക്കും ഇത് ഹൃദയത്തിൽ തട്ടിയ ഒരു സംഭവമായി മാറി. ചിലപ്പോൾ ഒക്കെ ഞാൻ കാണാത്ത ആ രോഗിയെ ഞാൻ സങ്കല്പിക്കും. കാരണം ഇങ്ങനെയൊക്കെ ആരോഗ്യപ്രവർത്തകരും മനുഷ്യരാണെന്ന സത്യം ഓർക്കുന്ന രോഗികൾ വളരെ അപൂർവമാണ്. ഇനി ഒരു സംഭവം ഞാൻ പിജി യ്ക്കു പഠിച്ചു കൊണ്ടിരുന്നപ്പോൾ നടന്നതാണ്. ഒരിയ്ക്കൽ, 24 മണിക്കൂർ ഡ്യൂട്ടി ഉള്ള അഡ്മിഷൻ ഡേ യിൽ( രോഗികളെ വാർഡിൽ അഡ്മിറ്റ് ചെയ്യുന്ന ദിനം. ഓരോ ദിവസവും ഡിപ്പാർട്മെന്റിലെ ഏഴു യൂണിറ്റുകളിൽ ഓരോ യൂണിറ്റ് ആവും ആ 24 മണിക്കൂർ ഡ്യൂട്ടി നോക്കുക. ഈ 24 മണിക്കൂർ പേരിൽ മാത്രമാണ്. 24 മണിക്കൂർ ഉള്ള കാഷ്വാലിറ്റി ഡ്യൂട്ടി സമയം കഴിഞ്ഞു അടുത്ത ദിവസത്തെ റൌണ്ട്സും വാർഡ് ജോലികളും എല്ലാം കഴിയുമ്പോൾ അടുപ്പിച്ചു 30 മുതൽ 36 മണിക്കൂർ വരെയൊക്കെ പോകാം.) ഒരിയ്ക്കൽ ഇതു പോലൊരു ഡ്യൂട്ടിയിൽ രാത്രി അത്താഴം കഴിക്കാൻ സാധിക്കാതെ വന്നു. രാത്രി രണ്ടര മണിയ്ക്കു സമയം കിട്ടിയപ്പോൾ ഞാനും എന്റെ ഹൗസ് സർജനും എന്റെ കയ്യിൽ ഉണ്ടായിരുന്ന രണ്ടു ബിസ്കറ്റ് കഴിച്ചു. ആ സമയം അവിടെ അടിപിടി കേസുമായി വന്ന ഒരു പയ്യൻ ഉണ്ടായിരുന്നു. അടുത്ത ദിവസം മോർണിങ് റൌണ്ട്സിന്റെ സമയത്ത് പയ്യന്റെ അതേ സ്വഭാവമുള്ള പിതാവ് വന്നു എന്റെ സീനിയർ മാഡത്തോട് "നിങ്ങളുടെ ഡോക്ടർമാർ രാത്രി ബിസ്ക്കറ്റും കഴിച്ചു ഇരിക്കുന്നത് കണ്ടല്ലോ" എന്നു പറഞ്ഞു. പി ജി വിദ്യാർത്ഥികൾക്കും ഹൗസ് സർജൻമാർക്കും വേണ്ടി സീനിയർ ആയ ഡോക്ടർമാർ സംസാരിക്കുന്നത് ഒരു അപൂർവസംഭവമാണ്. എങ്കിലും അന്ന് അതവിടെ സംഭവിച്ചു . "അവങ്ക, സാപ്പിടാമ, തൂങ്കാമ ഇരുപത്തിനാല് മണി നേരം ഇങ്കെ വന്ത് വേല പാക്കറവങ്ക താൻ. ബിസ്കറ്റ് സാപ്പിട്ടാ ഉനക്കെന്ന. മുതലാ നീങ്ക ഉൻ പുള്ളയെ നല്ലാ വളർക്ക്ങ്ക". ഞാൻ കോരിത്തരിച്ചു പോയി. തമിഴ് മനസിലാവാത്തവർക്കായി പരിഭാഷപ്പെടുത്തുന്നു.
" അവർ ആഹാരം കഴിക്കാതെയും, ഉറങ്ങാതെയും 24 മണിക്കൂർ ഇവിടെ ജോലി ചെയ്യുന്നവരാണ് അവർ ബിസ്കറ്റ് കഴിച്ചാൽ നിങ്ങൾക്കെന്താണ്? ആദ്യം നിങ്ങൾ നിങ്ങളുടെ കുട്ടിയെ നേരെ വളർത്തൂ." എന്നായിരുന്നു അത്. ഈ മാഡം ആ ജില്ലയിലെ തന്നെ ഒരു ജ്ഹാൻസി റാണിയാണ്. ഒരു ഘട്ടത്തിൽ ഞാൻ എന്റെ സ്വന്തം അമ്മയേക്കാളും അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്നു പോലും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതെല്ലാം ഇവിടെ പറഞ്ഞത്, ആരോഗ്യപ്രവർത്തകരുടെ മാനുഷികമായ ആവശ്യങ്ങളെയും ആ സാഹചര്യങ്ങളിൽ അവർ നേരിടേണ്ടി വരുന്ന അനുഭവങ്ങളേയും തുറന്നു കാണിക്കാനാണ്. ചികിൽസിക്കുന്നവർ അസുഖങ്ങൾ വരാത്ത, വിശപ്പും ക്ഷീണവും ഇല്ലാത്ത റോബോട്ടുകൾ ആണെന്നാണ് പലപ്പോഴും ആളുകൾ ചിന്തിക്കുന്നത്. ഇതൊക്കെ ആരോഗ്യപ്രവർത്തകർ തങ്ങളുടെ ജോലിയുടെ ഭാഗമായി കണ്ട് പൊരുത്തപ്പെട്ടില്ലേ എന്ന ചോദ്യമുണ്ടാവാം. ഞാൻ അടക്കമുള്ള പല ആരോഗ്യപ്രവർത്തകരും വാർഡിലുള്ള ചില രോഗികളേക്കാൾ വലിയ അസുഖവുമായി ചിലപ്പോൾ എങ്കിലും ജോലി ചെയ്തിട്ടുള്ളവരാണ്. പതിനേഴും പതിനെട്ടും വയസ്സിൽ ആരോഗ്യമേഖലയിലേയ്‌ക്ക് കടക്കുമ്പോൾ കുറച്ചൊക്കെ ബുദ്ധിമുട്ട് നമ്മൾ പ്രതീക്ഷിക്കും. ആദ്യമായി anatomy table ൽ cadaver ( ശവശരീരം) കണ്ടു ബോധരഹിതരാവുന്ന കുട്ടികളുണ്ട്. ധൈര്യം, അവജ്ഞയില്ലായ്മ, മനക്കട്ടി, മനസ്സാന്നിധ്യം, സഹനം, കായികശേഷി, പ്രശ്നക്കാരായ രോഗികളെ പോലും കൈകാര്യം ചെയ്യാനുള്ള പാടവം എന്നൊക്കെയുള്ളത് ഒരു ദിവസം കൊണ്ടല്ല, കാലക്രമേണ ആർജിച്ചെടുക്കുന്നവയാണ്. എന്തെല്ലാം ആയാലും ഡയപ്പർ ധരിച്ചു ഒരിയ്ക്കൽ ജോലി ചെയ്യേണ്ടി വരുമെന്ന് ആരും ഊഹിച്ചിരിക്കില്ല. എന്നിട്ടും ഇന്ന് PPE കിറ്റിനുള്ളിൽ ഡയപ്പർ കൂടെ ധരിക്കേണ്ടി വരുന്നതും പ്രശ്നമാക്കാതെ ജോലി ചെയ്യുകയാണ് ആരോഗ്യപ്രവർത്തകർ. ചിലപ്പോൾ കിറ്റുകൾ ലഭ്യമാക്കുന്നതിൽ ഗവണ്മെന്റിന് ബുദ്ധിമുട്ടുകൾ ഉണ്ടാവാം. അതുവരെ തങ്ങളുടെ പ്രശ്നങ്ങൾ കാര്യമാക്കാതെ ജോലി ചെയ്യുന്നവരുടെ വശത്തു നിന്നു കുറച്ചൊക്കെ പൊതുജനം കൂടി ചിന്തിക്കുന്നത് നന്നായിരിക്കും. മഹത്വൽകരിക്കാനല്ല. അവഹേളിക്കാതിരിക്കാൻ.
കുറച്ചു മാസങ്ങൾക്ക് മുൻപ് സർക്കാർ, കോറോണയുടെ സംക്രമണം തടയുന്നതിന്റെ ഭാഗമായി സ്ഥലങ്ങൾ containment സോണുകളായി തരം തിരിച്ചിരുന്നപ്പോൾ എനിയ്ക്ക് അറിയാവുന്ന ഒരാൾ അങ്ങനെ ഒരിടത്തേയ്ക്കു നിയമം തെറ്റിച്ചു കടന്നു. ഇതിനെ എതിർത്തപ്പോൾ "ഞാൻ ഒരുത്തന്റെയും ചിലവിലല്ല ജീവിക്കുന്നത്" എന്നാണ് അയാൾ ധാർഷ്ട്യത്തോടെ പറഞ്ഞത്. സത്യത്തിൽ അയാളടങ്ങുന്ന പൊതുജനം ഇപ്പോൾ ആരോഗ്യപ്രവർത്തകരുടെയും പോലീസുകാരുടെയും മറ്റും ചിലവിൽ തന്നെയാണ് ജീവിക്കുന്നത്. പണച്ചിലവിലല്ല. ആരോഗ്യച്ചിലവിൽ. ഒരു വശത്തു ചിലർക്കു നശിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യം തന്നെയാണ് മറ്റൊരു വശത്തു ചിർക്ക് ലഭിക്കുന്ന സൗഖ്യം. പിന്നെയും പറയുകയാണ്. ആദരിക്കണ്ട. പക്ഷേ അവഹേളിക്കുമ്പോൾ ഇതൊക്കെ ഒന്നോർക്കുക.
ചില മാന്ത്രിക കുട്ടിച്ചാത്തൻമാരെപ്പറ്റി കൂടി ഈ അവസരത്തിൽ പറയാതെ വയ്യ. ഒരു നഗരത്തിൽ പെട്ടെന്നൊരിയ്ക്കൽ തീ പടർന്നു പിടിക്കുകയാണെന്നു കരുതുക. അവിടെ അത്രയും കാലം തക്കം പാർത്തിരുന്ന കള്ളൻമാർ, അവസരം മുതലാക്കി മോഷണവും കൊള്ളയുമെല്ലാം നടത്തും. പിന്നെ അവർ പതിയെ ആധിപത്യം ഉറപ്പിക്കും. ജീവന് വേണ്ടി നെട്ടോട്ടമോടുന്നതിനിടയിൽ ഇതൊന്നും ആരും ശ്രദ്ധിക്കില്ല. പിന്നെ തീയൊക്കെ അണഞ്ഞു കഴിഞ്ഞാവും കള്ളന്മാർ വരുത്തി വച്ച നഷ്ടങ്ങളും അവരുടെ മേൽക്കോയ്മയും അവരുടെ കീഴിൽ വളർന്ന മറ്റു ചില കുട്ടിചാത്തൻമാരുടെ സാന്നിധ്യവുമെല്ലാം പലരും മനസിലാക്കുക. ഇതു പോലെയാണ് രാജ്യത്ത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ. അവസരം പാർത്തിരുന്നവർക്കു ആധിപത്യം സ്ഥാപിക്കാനും കുട്ടിച്ചാത്തൻമാർക്ക് വളരാനും കൊറോണ ഒരനുഗ്രഹമായി. മറ്റുള്ളവർ ജീവന് വേണ്ടി നെട്ടോട്ടമോടുമ്പോൾ രഹസ്യ കാര്യപരിപാടികൾ നടത്തിത്തീർക്കുന്നവർക്ക് എന്ത് PPE കിറ്റ്, എന്തു ആരോഗ്യപ്രവർത്തകർ.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹം ഇന്ത്യയിലെ ചേരി കാണാതെ ഇരിക്കാൻ മതില് കെട്ടി അതിൽ ചിത്രങ്ങൾ വരച്ച് മിനുക്കിയത് പോലെയായിരുന്നു ഈ തപ്പു കൊട്ടും ദീപാവലയവും. എന്നാൽ തപ്പു കൊട്ടും ദീപാവലയവും നല്ല കലാപരിപാടികൾ ആയിരുന്നു എന്നു തോന്നുന്നവരോട്, ഒരു കാര്യം ചോദിക്കുന്നു. ഉള്ളിലെന്തുണ്ട് എന്നതിലാണോ അതോ അതു മറയ്ക്കുന്ന, വർണശബളമായ പുറം, ക്ഷമിക്കണം, പുറംമോടി സൃഷ്ടിക്കുന്നതിലാണോ കാര്യം.? ചിന്തിക്കുക.
ഇതൊക്കെ എഴുതിയത് PPE കിറ്റിന്റെ ലഭ്യതക്കുറവിനേയും അതു സഹിക്കുന്ന ആരോഗ്യപ്രവർത്തകരെ കല്ലെറിയുന്നതിനേയും കുറിച്ച് പറഞ്ഞു വന്നപ്പോഴാണല്ലോ. ആധുനിക വൈദ്യശാസ്ത്രത്തിലെ ആരോഗ്യപ്രവർത്തകരും ശാസ്ത്രവും തന്നെയാണ് ഇവിടെ ഓരോ നിമിഷവും ജനത്തിന് രക്ഷയായിക്കൊണ്ടിരിക്കുന്നത്. അല്ലാതെ കൊറോണക്കാലത്തു കൂണ് പോലെ പൊട്ടി മുളച്ച് യൂട്യൂബിൽ ആരോഗ്യക്‌ളാസുകൾ എടുത്തു തകർക്കുന്ന കുട്ടിച്ചാത്തൻമാരും puddle കളും, പഞ്ചസാര ഗോളങ്ങളും മയിലെണ്ണയുമൊന്നുമല്ല.
ധാർമിക പിന്തുണ അല്ല. അവശ്യവസ്തുക്കളാണ് തരേണ്ടത്. ആദരിക്കണ്ട. അവഹേളിക്കാതെ ഇരിക്കുകയാണ് ചെയ്യേണ്ടത് .